ഹൈദരലി ശിഹാബ് തങ്ങൾ മതേതരത്വത്തിന്റെ സ്‌നേഹ സാന്നിധ്യം:
കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊച്ചി: മതേതര കേരളത്തിലെ സ്‌നേഹ സാന്നിധ്യമായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് കെസിബിസി പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മുൻഗാമികളുടെ പാതയിൽ തന്നെ കേരളത്തിലെ പൊതുസമൂഹവുമായി എന്നും ഹൃദ്യമായ ബന്ധം പുലർത്താൻ ഹൈദരലി ശിഹാബ് തങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇന്ത്യൻ നാഷണൽ മുസ്ലീംലീഗിന്റെ സംസ്ഥാന നേതൃ സ്ഥാനവും കേരളത്തിലെ ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാസി സ്ഥാനവും വഹിച്ചിരുന്നപ്പോഴും ജീവിത ലാളിത്യത്തിൽ അദ്ദേഹം കേരളിയർക്ക് മുഴുവനും മാതൃകയായിരുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹവുമായി എന്നും ഹൃദ്യമായ ബന്ധമാണ് ഹൈദരലി തങ്ങൾ പുലർത്തിയിരുന്നത്.
വ്യത്യസ്ത അഭിപ്രായങ്ങളെ ശാന്തമായി ശ്രവിച്ച് നിഷ്പക്ഷമായ തീർപ്പ് കൽപ്പിക്കുന്നതുവഴി ഹൈദരലി ശിഹാബ് തങ്ങൾ സകലർക്കും സ്വീകാര്യനായിരുന്നു. തീവ്രവാദ നിലപാടുകൾ ഉള്ള ചിലർ മത വിദ്വേഷം പരത്തുന്ന മനോഭാവങ്ങളോടെ രംഗപ്രവേശനം ചെയ്ത നാളുകളിലൊക്കെയും മതസാഹോദര്യത്തിന്റെ കാവലാളായി നിലകൊണ്ടു അദ്ദേഹം. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ വേദനിക്കുന്ന സകലരോടും, വിശിഷ്യാ കുടുംബാംഗങ്ങളോടും കേരള കത്തോലിക്കാ മെത്രാൻ സമിതി ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവനയിൽ അറിയിച്ചു.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടർ, പി.ഒ.സി.
Comments