Foto

മതങ്ങളെ ആയുധങ്ങളോ മതിലുകളോ ആക്കരുത്: കർദിനാൾ കൂവക്കാട്

ലോകമെമ്പാടുമുള്ള സംഘർഷങ്ങൾക്കും അക്രമങ്ങൾക്കും പരിസ്ഥിതി നാശത്തിനും, ബദലായി, ജൈന  മതത്തിന്റെ അഹിംസാ തത്ത്വവും ക്രിസ്തീയ സ്നേഹവും ഏത്രത്തോളം പ്രസക്തമാണെന്ന് എടുത്തു പറഞ്ഞുകൊണ്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെയിനോളജിയുടെ ആഭിമുഖ്യത്തിൽ ബ്രിട്ടീഷ് പാർലമെന്റിൽ സംഘടിപ്പിച്ച അഹിംസാ ദിനാഘോഷത്തിൽ വത്തിക്കാൻ മതാന്തര സംവാദ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട്   കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് മുഖ്യപ്രഭാഷണം നടത്തി. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഒരു ജീവിയെയും ഉപദ്രവിക്കരുതെന്ന ജൈന മത ആദർശവും, ശത്രുക്കളെപ്പോലും സ്നേഹിക്കാൻ പഠിപ്പിച്ച യേശുക്രിസ്തുവിന്റെ സുവിശേഷവും ഒരേ ലക്ഷ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കത്തോലിക്കാ സഭയും  ജൈന സമൂഹവും തമ്മിലുള്ള ബന്ധത്തിന് നാല് പതിറ്റാണ്ടോളം പഴക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കർദിനാൾ, 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അസ്സീസിയിൽ സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമത്തിലേക്ക്  ജൈന ആചാര്യന്മാരെ ക്ഷണിച്ചതോടെയാണ് ഈ ചരിത്രപരമായ സംവാദങ്ങൾക്ക് തുടക്കമായതെന്ന ചരിത്രയാഥാർഥ്യവും അടിവരയിട്ടു. തുടർന്ന് 1995-ൽ ഡോ. എൽ. എം. സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള സംഘം വത്തിക്കാനിലെത്തി വിശുദ്ധ ജോൺ പോൾ രണ്ടാമന് 'തത്ത്വാർത്ഥ സൂത്രം' സമ്മാനിച്ചതും, ബെനഡിക്ട് പതിനാറാമൻ, ഫ്രാൻസിസ് എന്നീ പാപ്പാമാരുമായുള്ള  വിവിധ കൂടിക്കാഴ്ചകളും ഇരുസമൂഹങ്ങളും തമ്മിലുള്ള കൂട്ടായ്മ കൂടുതൽ ദൃഢമാക്കിയതായി അദ്ദേഹം എടുത്തുപറഞ്ഞു.

അഹിംസ എന്നത് നിഷ്ക്രിയത്വമോ ബലഹീനതയോ അല്ല, മറിച്ച് തിന്മയെ നന്മ കൊണ്ടും നീതി കൊണ്ടും നേരിടാനുള്ള ധീരമായ നിലപാടാണെന്ന് കർദിനാൾ വ്യക്തമാക്കി. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സ്വർഗ്ഗപ്രാപ്തിയുടെ  എണ്ണൂറാം വാർഷികവും 1986-ലെ അസ്സീസി പ്രാർത്ഥനാ സംഗമത്തിന്റെ നാൽപതാം വാർഷികവും ആഘോഷിക്കുന്ന ഈ വേളയിൽ, എല്ലാ ജീവജാലങ്ങളുടെയും പരസ്പരാശ്രയത്വവും പവിത്രതയും ഉയർത്തിപ്പിടിക്കാൻ ഈ മതപാരമ്പര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ദാരിദ്ര്യം, അക്രമങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയെ നേരിടാൻ മതങ്ങൾ പരസ്പരം സഹകരിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്നും  കൂട്ടിച്ചേർത്തു.

വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സംവാദം മാനവരാശിക്ക് നൽകുന്ന വലിയൊരു സേവനമാണെന്ന് ഫ്രാൻസിസ് പാപ്പാ പലതവണ ഓർമ്മിപ്പിച്ചിട്ടുള്ള കാര്യം കർദിനാൾ അനുസ്മരിച്ചു. ലിയോ  പതിനാലാമൻ പാപ്പാ  ചൂണ്ടിക്കാണിച്ചതുപോലെ, വിഭജിക്കപ്പെട്ട ലോകത്ത് മതങ്ങൾ ഐക്യത്തിന്റെ വിത്തുകളാകണമെന്നും; അവയെ ആയുധങ്ങളോ മതിലുകളോ ആക്കാതെ സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങളാക്കി മാറ്റണമെന്നും കർദിനാൾ പറഞ്ഞു. മാനവ അന്തസ്സ് സംരക്ഷിക്കുന്നതിലും, പാവപ്പെട്ടവരെ സഹായിക്കുന്നതിലും, ഭൂമിയെന്ന പൊതുഭവനം കാത്തുസൂക്ഷിക്കുന്നതിലും കത്തോലിക്കാ സമൂഹവും ജൈന സമൂഹവും കൈകോർത്ത് പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജൈന-കത്തോലിക്കാ ബന്ധത്തിന് ശക്തമായ അടിത്തറ പാകിയ അന്തരിച്ച നെമു ചന്ദാരിയ, ഡോ. ഹർഷദ് സംഘ്‌രാജ്ക എന്നിവരുടെ സേവനങ്ങളെയും കർദിനാൾ നന്ദിയോടെ സ്മരിച്ചു. ഈ വർഷത്തെ അഹിംസാ അവാർഡ് നേടിയ ഡോ. അഭയ് ഫിറോദിയയെ അദ്ദേഹം ഊഷ്മളമായി അഭിനന്ദിച്ചു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാവർക്കും ഒന്നിച്ച് മുന്നോട്ട് പോകാൻ സാധിക്കട്ടെയെന്ന ആശംസയോടെയാണ് അദ്ദേഹം തന്റെ സന്ദേശം ഉപസംഹരിച്ചത്.

Comments

leave a reply

Related News