ഞായാഴ്ച ചിന്ത
സ്ത്രീയെ , ഇനി പൊലീസല്ല പാർട്ടി അന്വേഷിച്ചോളും
സ്ത്രീ സുരക്ഷക്കുവേണ്ടി ഏറ്റവും കൂടുതൽ സമരം ചെയ്യുന്നവരാണ് ഇടതുപക്ഷം അന്നും ഇന്നും എന്നിട്ടും ഇടതുഭരണം വന്നപ്പോൾ നാരിയെ നരിയെന്നപോലെ കടിച്ചു കീറുന്ന കുറ്റവാളികൾക്കെതിരെ സിപിഎം ന്റെ പോലീസ് എന്ത് കൊണ്ട് മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നു. ഷൈലജ ടീച്ചറും, പികെ ശ്രീമതിയും , വൃന്ദ കാരാട്ടും , ആനി രാജയും വളർന്ന നേതാക്കളായി മാറിയ ഇടതുകക്ഷി നേതൃ നിര സ്ത്രീകൾക്കെതിരെയുള്ള പോലീസ് മെല്ലെപ്പോക്ക് നയത്തെ ശൗര്യത്തോടെ എതിർക്കാൻ മടിക്കുന്നുണ്ടോ ?
ശിക്ഷിക്കപ്പെടാത്ത കേസുകൾ കൂടുതൽ ...
സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ സംബന്ധിച്ചും കേരളാ പൊലീസ് മെല്ലെപ്പോക്കിലാണെന്നു കണക്കുകളുണ്ട്. 2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷക്കാലയളവിൽ സ്ത്രീധന നിരോധന നിയമമനുസരിച്ച് രജിസ്റ്റർ ചെയ്തത് 90 കേസുകളാണ്. ഇതിൽ 59 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. 5 കേസുകളിൽ വിചാരണ വേളയിൽ തന്നെ പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. ഇനി വർഷം തിരിച്ചുള്ള കണക്ക്: 2016ൽ 13 കേസുകൾ. 12 കേസുകളിൽ കുറ്റപത്രമായി. 2017ൽ കേസുകളുടെ എണ്ണം 17. 16 കേസുകളിൽ അന്വേഷണം പൂർത്തിയായി. കുറ്റപത്രമായിട്ടില്ല. 2018ൽ 9 കേസുകൾ മാത്രം. 4 കേസുകളിൽ ഇനിയും കുറ്റപത്രമില്ല. 2019ൽ 11 കേസുകൾ. കുറ്റപത്രം സമർപ്പിച്ചത് 9 കേസുകളിൽ മാത്രം. 2020ൽ 7 കേസുകളിലും അന്വേഷണം കഴിഞ്ഞതായാണ് പൊലീസ് രേഖകൾ. 2021ൽ 10 മാസത്തിനിടെ 32 കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 10 എണ്ണത്തിൽ കുറ്റപത്രമായി. അഞ്ചുവർഷത്തിനു മുമ്പുള്ള കേസുകളെക്കുറിച്ച് പൊലീസ് ഇപ്പോൾ മൗനം പാലിക്കുന്നു.
തീരുന്നില്ല, സ്ത്രീകളുടെ സങ്കടങ്ങൾ...
ഇനി സ്ത്രീധനപീഡനങ്ങളെക്കുറിച്ചുള്ള കണക്കുകൾകൂടി പറയട്ടെ. 5 വർഷത്തിൽ സ്ത്രീധന പ്രശ്‌നത്തിൽ 66 മരണമുണ്ടായി. 2016ൽ 25, 2017ൽ 12, 2018ൽ 17, 2019ലും 2020 ലും 6 പേർ വീതം എന്നിങ്ങനെ വിശദമായ കണക്കുണ്ട്. 2016 മുതൽ 2021 വരെ സ്ത്രീകൾക്കു നേരെയുള്ള അതിക്രമം സംബന്ധിച്ച കേസുകൾ 74, 769. ഭർത്താവും ഭർത്തൃവീട്ടുകാരും പീഡിപ്പിച്ചതായി 1080 കേസുകൾ വേറെ. 13 വർഷത്തിനിടെ സ്ത്രീധനത്തിന്റെ പേരിൽ മരിച്ചത് 212 പേർ. സ്ത്രീ സുരക്ഷയെക്കുറിച്ച് ഒരുപാട് പറയുന്ന ഭരണകക്ഷികൾ ഈ കണക്കുകൾ കാണാഞ്ഞിട്ടാണോ ? ഈ കേസുകളിലെ നെല്ലും പതിരും വേർതിരിക്കാൻ ഇനി പാർട്ടി അന്വേഷണ കമ്മീഷൻ വേണ്ടി വരുമോ ആവോ എന്ന് സംശയിക്കേണ്ട കാരണം ദത്തു വിവാദത്തിൽ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു . ഇനി പാർട്ടി പറയും ആരാണ് കുറ്റക്കാരെന്ന് അതങ്ങു വിശ്വസിച്ചേക്കണം. അത്രതന്നെ.
ആന്റണി ചടയംമുറി
Comments