തിരുവനന്തപുരം: മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതിന്റെ പിന്നാലെ, ക്രിസ്ത്യൻ നാടാർ വിഭാഗത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തി ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനം. സംവരണം ലഭ്യമല്ലാത്ത നാടാർ വിഭാഗക്കാരെ സംസ്ഥാന ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം നൽകാനാണ് തീരുമാനം.
നിലവിൽ ഹിന്ദു നാടാർ, എസ്ഐയുസി നാടാർ വിഭാഗക്കാർക്കാണ് സംവരണമുള്ളത്. ഒബിസി വിഭാഗത്തിന് നിലവിൽ മൂന്നുശതമാനം സംവരണമാണുള്ളത്. സംവരണമില്ലാത്ത നാടാർ വിഭാഗവും അവരുൾപ്പെടുന്ന വിവിധ മതനേതൃത്വവും ദീർഘകാലമായി ഈയാവശ്യം ഉന്നയിച്ചിരുന്നു.
വിവിധ ക്രിസ്ത്യൻ സഭകളിലും മതവിഭാഗങ്ങളിലും ഉൾപ്പെടുന്ന സംവരണേതര നാടാർ വിഭാഗക്കാർക്കാണ് പുതുതായി സംവരണം ലഭിക്കുക. ഒ.ബി.സി. വിഭാഗത്തിന് നിലവിൽ മൂന്നുശതമാനം സംവരണമാണുള്ളത്. ഒ.ബി.സി. പട്ടികയിൽ നിലവിൽ 78 ജാതി/മത വിഭാഗക്കാരുണ്ട്. ഇക്കൂട്ടത്തിലേക്കായിരിക്കും ഇവരെ ഉൾപ്പെടുത്തുക. സംവരണത്തിന് ഒ.ബി.സി. പട്ടികയിൽ വരുന്നവരെ ഒറ്റവിഭാഗമായാണ് പരിഗണിക്കുക.
മുൻ യു.ഡി.എഫ്. സർക്കാർ സംവരണമില്ലാത്ത നാടാർ വിഭാഗങ്ങൾക്കും സംവരണം നൽകാൻ ആലോചിച്ചിരുന്നു. എന്നാൽ, സംവരണാനുകൂല്യം അനുഭവിക്കുന്ന വിഭാഗങ്ങളിൽനിന്നുള്ള
എതിർപ്പിനെത്തുടർന്ന് അവസാനനിമിഷം പിന്മാറി. മതംമാറ്റത്തിലൂടെ സാമൂഹിക പദവി ഉയർന്നവർക്ക് സംവരണം നൽകരുതെന്നായിരുന്നു മറുവിഭാഗത്തിന്റെ ആവശ്യം.
ക്രൈസ്തവ ന്യൂനപക്ഷ വിഭാഗക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷനെ നിയോഗിക്കാനും കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments