Foto

ജനകോടികള്‍ നെഞ്ചോടു ചേര്‍ത്തുവച്ച കൃതികളുടെ സൃഷ്ടാക്കള്‍ വിടവാങ്ങി

 ജോഷി ജോര്‍ജ്

 

ലോകത്തെമ്പാടുമുള്ള വായനക്കാരെ ആകാംക്ഷയുടേയും അതിശയത്തിന്റേയും മുള്‍മുനയില്‍ നിര്‍ത്തിയ എഴുത്തുകാരായിരുന്ന ലാരി കോളിന്‍സും ഡൊമനിക് ലാപിയറും. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ഒറ്റപ്പുസ്തകത്തിലൂടെ ഭാരതീയരുടെ പോലും ശ്രദ്ധ നേടിയ എഴുത്തുകാരാണിവര്‍. 
ലാറി കാളിന്‍സ് 2005ല്‍ 75ാമത്തെ വയസില്‍ ഇഹലോകവാസം വെടിഞ്ഞിരുന്നു. ഇപ്പോഴിതാ ഡൊമനിക് ലാപിയറും നമ്മോട് വിടപറഞ്ഞിരിക്കുന്നു.

 ഇന്ത്യന്‍ സ്വതന്ത്ര്യ ലബ്ദിയുടേയും വിഭജനത്തിന്റേയും ബ്രിട്ടീഷ് ഭരണത്തകര്‍ച്ചയുടേയും കഥയും പിന്നാമ്പുറ വിശേഷങ്ങളും അന്തര്‍ നാടകങ്ങളും അസാധാരണ വശ്യതയുള്ള ശൈലിയില്‍ അവതരിപ്പിച്ച പുസ്തകമാണ്  സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍.  
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഉള്‍പ്പെട്ടവരുടെ ചെയ്തികളും മനസ്സിലിരിപ്പും സ്വകാര്യമായി നടത്തിയ നീക്കങ്ങളും അല്പം പോലും വിട്ടുകളയാതെ ഇവര്‍ പുസ്തകത്തിലേക്ക് ആവാഹിച്ചെടുക്കുകയായിരുന്നു. ഈ വിഷയത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ളത് , ഇന്നും വില്പനയില്‍ വെന്നിക്കൊടി പാറിക്കുന്നത് ഈ പുസ്തകം തന്നെയായിരിക്കണം..! 
ചരിത്രത്തിന്റെ മുഖച്ഛായ മാറ്റിയ സംഭവങ്ങളുടെ തികച്ചും നാടകീയമായ അവതരണം കൊണ്ട് ജനലക്ഷങ്ങള്‍ക്ക് പ്രിയങ്കരമായവയാണ് ലാപ്പിയര്‍- കോളിന്‍സ് ദ്വയം എഴുതിയ മിക്ക കൃതികളും ജനപ്രിയ 'ബസ്റ്റ് സെല്ലര്‍' രചനയ്ക്ക് ക്ലാസിക് സ്പര്‍ശവും സാഹിത്യമൂല്യവും നല്‍കാന്‍ ആ കുട്ടുകെട്ടിന് കഴിഞ്ഞു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മിനി, പാരീസില്‍ അധിനിവേശം നടത്തിയതിനെ ആസ്പദമാക്കിയെഴുതിയ ഈസ് പാരീസ് ബേണിംഗ് എന്ന കൃതിയാണ് പത്രപ്രവരത്തകരായ ലാപിയര്‍- കോളിന്‍സ് ജോഡിയെ എഴുത്തുകാരാക്കി മാറ്റിയത്. പിന്നീട് വിഖ്യാത ചലച്ചിത്രവുമായി ആ കൃതി.
 കോളിന്‍സുമായി ചേര്‍ന്ന് അഞ്ചോളം പുസ്തകങ്ങള്‍ ലാപിയര്‍ രചിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ തന്റെ ജീവിതം അധികരിച്ച് ലാപിയര്‍ രചിച്ച 'സിറ്റി ഓഫ് ജോയ്' കൊല്‍ക്കത്തയിലെ ഒരു റിക്ഷാക്കാരന്റെ കഷ്ടപ്പാടുകളുടെ നേര്‍ ചിത്രമായിരുന്നു അത്. ഈ നോവല്‍ ഏറെ ജനപ്രീതി നേടിയതാണ്.
 1984ലെ ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്പാനിഷ് എഴുത്തുകാരന്‍ യാവിയര്‍ മോറോയുമായി ചേര്‍ന്ന് എഴുതിയ 'ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇന്‍ ഭോപ്പാല്‍' എന്ന കൃതിയും ഡോമിനിക് ലാപിയറുടെ ശ്രദ്ധേയമായ രചനകളില്‍ പെടുന്നു.
ഇസ്രായേലിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള 'ഓ ജറുസലേം' നിരക്ഷരനായ സ്രാനീഷ് കാളപ്പോരുകാരന്‍ എല്‍ ക്വാര്‍ദോബസിനെപ്പറ്റിയുള്ള  ഐ വില്‍ ഡ്രെസ് യു ഇന്‍ മോണിങ്ങ് തുടങ്ങിയ കൃതികളുടെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. 'ഫിഫ്ത് ഹോഴ്‌സ്മാന്‍' എന്ന നോവലില്‍ പത്തുനാല്പതു വര്‍ഷം മുമ്പു തന്നെ അമേരിക്കയില്‍ ഇസ്ലാമിക ഉഗ്രവാദം കടന്നുകയറുന്നതിന്റെ കഥ പ്രവചന സ്വഭാവത്തോടെ അവര്‍ എഴുതിയിരുന്നു. 
ലാപിയറുടെ ഭാവഗീതാന്മകമായ ഗദ്യത്തിന്റേയും കോളിന്‍സിന്റെ വസ്തുനിഷ്ഠമായ അന്വേഷണബുദ്ധിയും  ഒത്തുചേര്‍ന്നവയായിരുന്നു അവരുടെ രചനകള്‍. 
അപൂര്‍വ്വമായ ആ രചനാ സൗഹൃദത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് 2005ല്‍ കോളിന്‍സിന്റെ വിയോഗത്തെപ്പര്‌റി ലാപിയര്‍ എഴുതി: 
'എന്റെ ജീവിതത്തിലെ ഒരു പൂര്‍ണാധ്യായം അവസാനിച്ചിരിക്കുന്നു.'    
 
1931 ല്‍ ഫ്രാന്‍സിലെ ലാറോഷെല്ലി എന്ന സ്ഥലത്ത് ജനിച്ചു ലാപിയറുടെ അന്ത്യം 91ാം വയസില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു.

Comments

leave a reply