സ്മരണ - ജോഷി ജോര്‍ജ്
ഭാരതത്തിന്റെ ഉള്ളറിഞ്ഞ കാര്‍ഷീക സാമ്പത്തീക ശാസ്ത്രജ്ഞന്‍, എന്ത് തീരുമാനമെടുക്കും മുമ്പ് സാധാരണക്കാരനേയും കര്‍ഷകനേയും അതെങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിരുന്ന മനുഷ്യന്‍..! ക്ഷേമപദ്ധതികള്‍ കാര്യക്ഷമതയോടെ നടപ്പാക്കാനറിയാത്ത നേതാക്കള്‍ ജനത്തിന് പണവും പാരിതോഷികങ്ങളും നേരിട്ടുകൊടുക്കുന്നതുകൊണ്ടുള്ള ദൂഷ്യവശം തിരിച്ചറിഞ്ഞ് പ്രതികരിച്ച വ്യക്തി..! ഇത് മനുഷ്യരെ അലസന്മാരും മടിയന്മാരുമാക്കുകയാണ് ചെയ്യുന്നത്. അവരുടെ ആപാരമായ കഴിവ് പുറത്തെടുക്കാതെ നശിക്കുന്നു. ഇങ്ങനെയൊക്ക ഉറക്കെ വിളിച്ചുപറയാന്‍ ഇനി അഭിജിത് സെന്‍ ഉണ്ടാകില്ല.
അങ്ങ് ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിര്‍ ഒരു ബംഗാളി കുടുംബത്തില്‍ 1950 നവംബറിലാണ് അഭിജിത് സെന്‍ ജനിച്ചത്. പിതാവ് സമര്‍ സെന്‍ ലോകബാങ്കിലെ സാമ്പത്തിക വിദഗ്ധനായിരുന്നു. ആ പാരമ്പര്യം ആ കുടുംബം കൈവിട്ടില്ല. സഹോദരന്‍ പ്രണവ് സെന്നും സാമ്പത്തികശാസ്ത്രത്തില്‍ അഗ്രഗണ്യനാണ്.
സര്‍ദാര്‍ പട്ടേല്‍ സ്‌ക്കുളിലും പിന്നീട് സെന്റ് സ്റ്റീഫന്‍സ് കോളേജിലും പഠിച്ചശേഷം കേംബ്രിഡ്ജ് സര്‍വകലാശാലയിലേക്ക് പറന്നു.
1981 ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി എടുത്തു. ട്രിനിറ്റി ഹാളിലെ അംഗമായിരുന്ന അദ്ദേഹം യൂണിവേഴ്സിറ്റിയിലെ സുസി പെയിനിന്റെ സഹായത്തോടെ 'സാമ്പത്തിക വികസനത്തിലേക്കുള്ള കാര്‍ഷിക നിയന്ത്രണങ്ങള്‍: കേസ് ഓഫ് ഇന്ത്യ' എന്നഗവേഷണ വിഷയം തലയില്‍ കയറ്റി.
സെന്‍ അധ്യാപകനായി ആദ്യം പ്രത്യക്ഷപ്പെട്ടത് ഓക്സ്ഫഡിലായിരുന്നു. പിന്നെ കേംബ്രിജ്, എസെക്സ് സര്‍വകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചിരുന്നു. അതിനുശേഷമാണ് ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായി എത്തിയത്.
പിന്നെ, കാര്‍ഷിക ഉല്‍പ്പാദന, വിലനിര്‍ണയകമ്മിഷന്‍ തലവനായി പ്രവര്‍ത്തിച്ചു. ക്രിഷിക്കാരുടെ അധ്വാനം, കൃഷിഭുമിക്കുവേണ്ടിയുള്ള ചെലവ്എന്നിവ ഉള്‍പ്പെടുത്തി മിനിമം സംഭരണവില നിശ്ചയിക്കാനുള്ള ''സി' സമ്പ്രദായം 2000ല്‍ ശുപാര്‍ശ ചെയ്തത് ഇദ്ദേഹമാണ്, ഇതിന്റെ വകഭേദമാണ് സ്വാമിനാഥന്‍ കമിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി ആയിരുന്ന കാലയളവില്‍ ആസൂത്രണ കമീഷനില്‍ അംഗമായി കണ്ടെത്തിയത് അഭിജിത് സെന്നിനെയായിരുന്നു. വാജ്‌പെയി സര്‍ക്കാറിന്റെ കാലത്ത് കമീഷന്‍ ഫോര്‍ കോസ്റ്റ് ഏന്‍ഡ് പ്രൈസസ് ചെയര്‍മാനായിരുന്നു. ആ കാലയളവില്‍ വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനും കുറഞ്ഞ നിരക്കില്‍ ധാന്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു.
സാമ്പത്തിക വിദഗ്ധയായ ഭാര്യ ജയന്തി ഘോഷ് അഭിജിത്തിന് എല്ലാ പ്രത്സാഹനവുമായി കൂടെത്തന്നെ ഉണ്ടായിരുന്നു. തുറന്നുപറയാനും എഴുതാനും ഏകമകള്‍ ജാഹ്നവി സെന്നിനെ പഠിപ്പിച്ചതുകൊണ്ട് അവരൊരു മികച്ച പത്രപ്രവര്‍ത്തകയായി. 'ദി വയര്‍' എന്ന പ്രസിദ്ധീകരണത്തിന്റെ ഡെപ്യൂട്ടി എഡിറ്ററാണിന്നവര്‍. എന്നെന്നും കര്‍ഷകശബ്ദത്തിന്റെ കാവലാളായ അഭിജിത് സെന്നിന്റെ പക്വതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പത്മഭൂഷണ്‍ ബഹുമതിയും ലഭിച്ചിരുന്നു.

Comments