Foto

പാപ്പാ: “വ്യത്യസ്തനായ അപരനെ” ശത്രുവായി കണക്കാക്കുന്ന സഹോദരവിരുദ്ധ സംസ്കാരം മാറ്റുക

പാപ്പാ: “വ്യത്യസ്തനായ അപരനെ” ശത്രുവായി കണക്കാക്കുന്ന സഹോദരവിരുദ്ധ സംസ്കാരം മാറ്റുക

ഇസ്ലാമിനെക്കുറിച്ചുള്ള ഗവേഷണത്തിനായി സ്ഥാപിച്ച സർവ്വകലാശാലാ വേദിയുടെ നാലാമത് അന്തർദ്ദേശീയ സമ്മേളനത്തിൽ പാപ്പാ നൽകിയ സന്ദേശത്തിലാണ് മാനവികതയുടെ നേട്ടത്തിനായി വ്യത്യസ്ത അഭിപ്രായങ്ങൾക്ക് ഇടം കണ്ടെത്താ൯ ആവശ്യപ്പെട്ടത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഫ്രാൻസിസ് പാപ്പായും അൽ- അസ്സാറിലെ വലിയ ഇമാം അഹ് മദ് അൽ-തയേബും ചേർന്ന് ഒപ്പുവച്ച ലോകസമാധാനത്തിനും സഹവാസത്തിനും വേണ്ടിയുള്ള മാനവ സാഹോദര്യത്തിനായുള്ള പ്രമാണത്തിന്റെ അഞ്ചാമത് വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ സമ്മേളനം. അബുദാബിയിൽ 2019 ഫെബ്രുവരി നാലിന് രണ്ട് മതനേതാക്കളും ഒപ്പ് വയ്ക്കുമ്പോൾ  ആ പ്രമാണം വിദ്യാലയങ്ങളിലും സർവ്വകലാശാലകളിലും പഠന, ഗവേഷണ വിധേയമാക്കി അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും നന്മയും സമാധാനവും കൊണ്ടുവരുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ ഉപയോഗപ്രദമാകണം എന്ന് ആവശ്യമുയർന്നിരുന്നു.

സാഹോദര്യവും സഹവാസവും അപകടപ്പെടുത്തുന്ന അനീതികളുടേയും യുദ്ധങ്ങളുടേയും സാഹചര്യത്തിൽ “ഈ പ്രമാണത്തിന്റെ സ്വാധീനവും സാധ്യതകളും" എന്ന പ്രമേയത്തിൽ നടന്ന ഈ പണ്ഡിതോചിതമായ സദസ്സിന് ഫ്രാൻസിസ് പാപ്പാ സന്ദേശത്തിൽ നന്ദി രേഖപ്പെടുത്തി. യുദ്ധം എക്കാലത്തും മനുഷ്യകുലത്തിന്റെ തോൽവിയാണെന്ന് അടിവരയിട്ട പാപ്പാ ഈ തിന്മകളുടെ കാരണങ്ങളായി അപരനെക്കുറിച്ചുള്ള അജ്ഞത, പരസ്പരം ശ്രവിക്കുന്നതിൽ വരുന്ന കുറവ്, ബൗദ്ധികമായ വഴക്കം എന്നീ   മൂന്ന് കാര്യങ്ങളെ വിശദീകരിച്ചു.

അപരനെക്കുറിച്ചുള്ള അജ്ഞത

അപരനെ അറിയാനും, മതിക്കാനും പഠിക്കാതെ ഒറ്റപ്പെട്ടവരായി നിന്നാൽ ഇന്നത്തെയും നാളെയുടേയും പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. മാനവികതയിൽ എന്റെ സഹോദരനായ  അപരനെ അറിയുകയും പരസ്പര വിശ്വാസം കെട്ടിപ്പടുക്കുകയും അവനെക്കുറിച്ചുള്ള നിഷേധാത്മക സങ്കൽപ്പം മാറ്റുകയും ചെയ്യുക എന്നതാണ് എല്ലാവർക്കും അംഗീകൃതമാകുന്ന ഒരു സമാധന പ്രക്രിയയുടെ ആരംഭം. അതിന് ഉപകാരപ്പെടുന്ന രീതിയിലുള്ള പ്രസിദ്ധീകരണങ്ങളും, പ്രഭാഷണങ്ങളും  പ്രബോധനങ്ങളും ആവശ്യമാണ്. അപരനെ അറിയാനും ബഹുമാനിക്കാനും പഠിപ്പിക്കാതെയുള്ള സമാധാനത്തിന് ഇന്നും ഭാവിയിലും മൂല്യമുണ്ടാവില്ല എന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. '’വ്യത്യസ്തനായ അപരനെ” ശത്രുവായി കണക്കാക്കുന്ന ഒരു സഹോദരവിരുദ്ധ സംസ്കാരം മാറ്റി സംവാദം ഒരു യാത്രയായും, പൊതു സഹകരണം സാധാരണ പെരുമാറ്റമായും, പരസ്പരമുള്ള അറിവ് ഒരു മാനദണ്ഡമായും മാറിയാൽ മാത്രമേ നമ്മൾ ആഗ്രഹിക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാനാവൂ എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

പരസ്പരമുള്ള കേൾവിയുടെ കുറവ്

പരസ്പരമുള്ള കേൾവിയുടെ അഭാവമാണ് സാഹോദര്യത്തെ ദോഷകരമായി ബാധിക്കുന്ന രണ്ടാമത്തെ കെണിയെന്ന് പാപ്പാ  പറഞ്ഞു. സംസാരിക്കുന്നതിന് മുമ്പ് കേൾക്കേണമെന്ന് നിർബ്ബന്ധം പിടിച്ച പാപ്പാ കുടുംബങ്ങളിലും, രാഷ്ട്രീയ, മത സമൂഹങ്ങളിലും, കലാശാലകൾക്കുള്ളിലും, ജനതകളിലും, സംസ്കാരങ്ങളിലും കൂടുതൽ കേൾവിയും നിശബ്ദതയും ശരിയായ വാക്കുകളും ഉണ്ടായിരുന്നെങ്കിൽ എത്രയോ തിന്മകൾ ഒഴിവാക്കാൻ കഴിയുമായിരുന്നെന്ന് വിശദീകരിച്ചു. “വ്യത്യസ്ത അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നതിനുള്ള ഇടങ്ങൾ സൃഷ്ടിക്കുന്നത് ഒരു സമയം പാഴാക്കലല്ല, മാനവികയുടെ നേട്ടമാണ്.” പാപ്പാ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കാരണം, മനുഷ്യജീവിതത്തിന്റെ വറ്റാത്ത സമ്പന്നതയുടെ വ്യത്യസ്തമായ പ്രതിഫലനങ്ങളാണ് മറ്റു സംസ്കാരങ്ങൾ, അല്ലാതെ അവയിൽ നിന്ന്  നാം സ്വയം പ്രതിരോധിക്കേണ്ട  ശത്രുക്കളല്ല എന്നും പാപ്പാ കൂട്ടിച്ചേർത്തു. വികാരത്തിന് കീഴടങ്ങാതെ നിശബ്ദരായിരുന്ന് മറ്റുള്ളവരെ ശ്രവിക്കാനും വേഗത കുറയ്ക്കുകയുമാണ് സംവാദത്തിന് ആവശ്യമെന്ന് പാപ്പാ അടിവരയിട്ടു.

ബൗദ്ധീകമായ വഴക്കം

എന്നാൽ സംവാദത്തിന് ബൗദ്ധീകമായ  വഴക്കം ഒരു സുപ്രധാന ഘടകമാണെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. രൂപീകരണ പ്രക്രിയയും ഗവേഷണങ്ങളും മനുഷ്യരെ കർക്കശക്കാരാക്കുകയല്ല മറിച്ച് വിധേയത്വമുള്ളവരും, സജ്ജീവരും, ഇതരത്വമുള്ളവരും, സാഹോദര്യമുള്ളവരുമാക്കുകയാണ് വേണ്ടത്. കർക്കശരാവാനും സ്വയം ഒതുങ്ങിക്കൂടാനുമുള്ള പ്രലോഭനം വെടിഞ്ഞ് വിജ്ഞാനം അപരനെ അന്വേഷിക്കുന്നു എന്ന് അൽ-അസ്സാറിൽ സമാധാനത്തിനായി സംഘടിപ്പിച്ച സമ്മേളത്തിൽ പറഞ്ഞ വാക്കുകൾ  പാപ്പാ ആവർത്തിച്ചു. സാഹോദര്യത്തിനായുള്ള നമ്മുടെ സ്വപ്നം വാക്കുകളിൽ ഒതുങ്ങരുതെന്നും അടുക്കുക, വിശദീകരിക്കുക, ശ്രവിക്കുക, കാണുക, അറിയുക, മനസ്സിലാക്കാൻ ശ്രമിക്കുക, ബന്ധം സൃഷ്ടിക്കാനുള്ളയിടങ്ങൾ തേടുക എന്നിവ സംവാദം എന്ന ക്രിയയിൽ അടങ്ങിയിട്ടുണ്ടെന്ന് (ഫ്രത്തേല്ലി തൂത്തി 198)  വിശദീകരിച്ചു കൊണ്ട് സംവാദം അപാരമായ ഒരു സമ്പന്നതയാണെന്നും അതിനെ ഒരു മേശയ്ക്കു ചുറ്റുമുള്ള ചർച്ചയായി ചുരുക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അതിനാൽ അവരുടെ വിജ്ഞാന ശാഖയ്ക്ക് പുറത്തു കടക്കാൻ ഭയപ്പെടാതെ ജിജ്ഞാസാലുക്കളും വഴക്കമുള്ളവരുമായിരുന്ന് ലോകത്തേയും, അവർ തിരഞ്ഞെടുക്കാത്ത എന്നാൽ അവരെ പഠിപ്പിക്കാനും സ്നേഹിക്കാനുമായി ദൈവം അവർക്കരികെ കൊണ്ടുവന്ന് തന്ന സഹോദരനെ ശ്രവിക്കാനും പരിശുദ്ധ പിതാവ് അവരെ പ്രോത്സാഹിപ്പിച്ചു. ലോകത്തെ മനസ്സിലാക്കാനും മാറ്റാനും ആഗ്രഹിക്കുന്ന ജിജ്ഞാസാലുക്കളായ ഗവേഷകരും, വിദ്യാർത്ഥികളും  എന്ന നിലയിൽ അവർ ചെയ്യുന്ന കാര്യങ്ങൾക്ക് നന്ദിയർപ്പിച്ച് അവരെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിച്ചു കൊണ്ടാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.

Comments

leave a reply

Related News