Foto

കൃത്രിമ ബുദ്ധിയും ഹൃദയ ജ്ഞാനവും പരസ്പരപൂരകങ്ങളാവണം:ഫ്രാൻസിസ് പാപ്പാ

ആഗോളസമൂഹമാധ്യമദിനമായ ജനുവരി ഇരുപത്തിനാലാം തീയതി ഫ്രാൻസിസ് പാപ്പാ കൈമാറിയ സന്ദേശത്തിൽ, മാറുന്ന ലോകത്തിൽ അന്യം നിന്നു പോകുന്ന ഹൃദയസംവേദനക്ഷമതയുടെ ആവശ്യകത എടുത്തുപറയുന്നു.

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വിശുദ്ധ ഫ്രാൻസിസ് ഡി സാലസിന്റെ തിരുനാൾ ദിനമായ 2024 ജനുവരി ഇരുപത്തിനാലാം തീയതി അൻപത്തിയെട്ടാമത്‌ ആഗോളസമൂഹമാധ്യമദിനമായി ആഘോഷിക്കുന്നു. തദവസരത്തിൽ ആശയവിനിമയ ഉപാധികളിൽ വന്ന മാറ്റത്തെക്കുറിച്ചു എടുത്തു പറഞ്ഞുകൊണ്ടും,ഹൃദയാത്മകമായ ഒരു ആശയവിനിമയ വേദി എപ്രകാരം വളർത്തിക്കൊണ്ടുവരണമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ സന്ദേശം കൈമാറി.

നിർമ്മിതബുദ്ധിയിൽ പ്രതിഫലിക്കുന്ന ആശയവിനിമയ സംവിധാനങ്ങളുടെ പരിണാമം എപ്രകാരമാണ് ലോകത്തിന്റെ വിവിധമേഖലകളിൽ സ്വാധീനം ചെലുത്തിയിരിക്കുന്നതെന്നും,ഇവ ഒഴിച്ചുകൂടാനാവാത്തതാണെന്നും പാപ്പാ അടിവരയിട്ടു പറയുന്നു.  ഇത്തരത്തിലുള്ള അത്ഭുതകരമായ കണ്ടുപിടിത്തങ്ങളുടെ ത്വരിതഗതിയിലുള്ള വ്യാപനവും, അതിന്റെ പ്രവർത്തനവും, സാധ്യതകളും മനുഷ്യരാശിയ്ക്ക് നൂതനമായ നിരവധി ആശയങ്ങൾ പകർന്നു നൽകുമ്പോൾ മനുഷ്യജീവിതത്തിന്റെ ഭാവിയെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങൾ മറന്നുപോകരുതെന്ന ഓർമ്മപ്പെടുത്തലും പാപ്പാ നൽകുന്നു.

ഹൃദയസംവേദന ക്ഷമത വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തു പറയുന്നു.സാങ്കേതികവും ശാസ്ത്രീയവും രാഷ്ട്രീയവുമായ പ്രശ്‍നങ്ങളിന്മേൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും, ആരോഗ്യപരമായി അവയെ പരിഹരിക്കുന്നതിനും  ആഴത്തിലുള്ള ആത്മീയതയും, സ്വാതന്ത്ര്യവും , ആന്തരികതയും  ഉൾക്കൊള്ളുന്ന മനുഷ്യർക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും പാപ്പാ പറഞ്ഞു.

സാങ്കേതികവിദ്യയിൽ സമ്പന്നരും മനുഷ്യബന്ധങ്ങളിൽ ദരിദ്രരും ആയിരിക്കുന്ന അവസ്ഥ ഏറെ പരിതാപകരമാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. ആന്തരികതയുടെ പ്രധാന ഇടമായ ഹൃദയം, സമഗ്രതയുടെയും ഐക്യത്തിന്റെയും പ്രതീകമാണെന്നും , കൂടാതെ  വാത്സല്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണർത്തുവാനും  എല്ലാറ്റിനുമുപരിയായി ദൈവവുമായുള്ള കണ്ടുമുട്ടലിനുമുള്ള സ്ഥലമാണ് ഹൃദയമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഹൃദയത്തിന്റെ അതുല്യത വിവരിക്കുന്ന തിരുവചനഭാഗങ്ങളും പാപ്പാ അടിവരയിടുന്നു.

വിവരങ്ങൾ  മനഃപാഠമാക്കാനും അവയെ പരസ്പരം ബന്ധപ്പെടുത്താനും യന്ത്രങ്ങൾക്ക് തീർച്ചയായും മനുഷ്യനേക്കാൾ വലിയ ശേഷിയുണ്ട്, എന്നാൽ അവയെ വേർതിരിച്ചെടുക്കുന്നതിനു  മനുഷ്യനു മാത്രമാണ് സാധിക്കുന്നതെന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാകണമെന്നു പാപ്പാ ഓർമ്മിപ്പിച്ചു.

സർവശക്തിയുടെ ഭ്രമം കാരണം മനുഷ്യനു തങ്ങളിലുള്ള കഴിവിനെ പറ്റിയുള്ള സംശയങ്ങൾ ഉയരുന്ന ഈ കാലഘട്ടത്തിൽ  ദൈവത്തിൽ നിന്നും നാം സ്വീകരിച്ച കഴിവുകളെപ്പറ്റി നാം ബോധവാന്മാരാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.ആധുനികകാലഘട്ടത്തിൽ ഉയർന്നുവരുന്ന വ്യാജവാർത്തകളുടെയും, അസത്യങ്ങളുടെയും പ്രചാരത്തെക്കുറിച്ചും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു.

മനുഷ്യത്വത്തിൽ വളർന്നുവരേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു.നിർമ്മിതബുദ്ധിയുടെ കാര്യക്ഷമതയിലും ധാർമികനിയന്ത്രണത്തിന്റെ മാതൃകകൾ ആവശ്യമാണെന്ന കാര്യവും പാപ്പാ ഓർമ്മിപ്പിക്കുന്നു."മാനവികതയിലും മനുഷ്യത്വത്തിലും ഒരുമിച്ച് വളരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. സങ്കീർണ്ണവും,  ബഹുമതവും, ബഹുസ്വരവുമായ ഒരു സമൂഹത്തിലേക്ക് ജീവിക്കാൻ ഗുണനിലവാരത്തിൽ ഒരു കുതിച്ചുചാട്ടം നടത്തുക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി", പാപ്പാ പറയുന്നു.

ഈ പുതിയ ആശയവിനിമയത്തിന്റെയും വിജ്ഞാന ഉപകരണങ്ങളുടെയും സൈദ്ധാന്തിക വികാസത്തെയും പ്രായോഗിക ഉപയോഗത്തെയും കുറിച്ച് സ്വയം ചോദ്യം ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പാപ്പാ പറഞ്ഞു. തുടർന്ന് വിനാശകരമായ യുദ്ധങ്ങളുടെ ഭീകരതയും പാപ്പാ ഓർമ്മിപ്പിച്ചു.യുദ്ധത്തെ പറ്റി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ ആശയങ്ങൾക്കുമപ്പുറം, കഷ്ടപ്പാടുകൾ നേരിൽ കാണുമ്പോൾ മാത്രമാണ് യുദ്ധങ്ങളുടെ അസംബന്ധം മനസ്സിലാക്കാൻ കഴിയുകയുള്ളുവെന്നും പാപ്പാ പറയുന്നു. അതിനാൽ സമത്വം യാഥാർഥ്യമാക്കുന്ന ആശയവിനിമയ ഉപാധികൾക്കുവേണ്ടി പ്രയത്നിക്കുവാൻ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു

Comments

leave a reply

Related News