Foto

ദരിദ്രരുടെ നിലവിളി ശ്രവിക്കുക, പാപ്പാ

ഭൂമിയുടെ രോദനം കേൾക്കുകയെന്നാൽ ദരിദ്രരുടെ നിലവിളി ശ്രവിക്കുക, പാപ്പാ

ഫ്രാൻസീസ് പാപ്പാ, തദ്ദേശസ്ഥാപനങ്ങളുടെ അധികാരാവകാശസംരക്ഷണം ആധുനികവത്ക്കരണം എന്നിവയ്ക്കായുള്ള സമിതിയുടെ (ASMEL) ഇരുനൂറോളം പ്രതിനിധികളെ ശനിയാഴ്‌ച (20/01/24) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പൗരജനത്തിനിടയിൽ ഒരു വിഭാഗത്തിന് അവസരങ്ങളുടെ അഭാവം അനുഭവപ്പെടുമ്പോൾ അത് അസമത്വത്തിൻറെ കാരണങ്ങളിൽ ഒന്നായിത്തീരുന്നുവെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ തദ്ദേശസ്ഥാപനങ്ങളുടെ അധികാരാവകാശസംരക്ഷണം ആധുനികവത്ക്കരണം എന്നിവയ്ക്കായുള്ള സമിതിയുടെ (Associazione per la Sussidiarietà e la Modernizzazione  degli Enti Locali -ASMEL) ഇരുനൂറോളം പ്രതിനിധികളെ ശനിയാഴ്‌ച (20/01/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

അവഗണിക്കപ്പെടുകയും പ്രാന്തവത്ക്കരിക്കപ്പെടുകയും ചെയ്യുന്ന പ്രദേശങ്ങളിൽ നിന്ന് വൃദ്ധജനങ്ങളും ബദൽമാർഗ്ഗങ്ങൾ കണ്ടെത്താൻ പാടുപെടുന്നവരുമൊഴികെ എല്ലാവരും മറ്റിടങ്ങളിലേക്കു കുടിയേറുന്ന അവസ്ഥയെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.  ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന ഇടങ്ങളിലാണ് വനവും സംരക്ഷിത പ്രദേശങ്ങളുമുൾപ്പടെയുള്ള പ്രകൃതിവിഭവങ്ങൾ കൂടുതലായുള്ളതെന്നും അവ പാരിസ്ഥിതികമായി തന്ത്രപ്രാധാന്യമുള്ള ഇടങ്ങളാണെന്നും അനുസ്മരിക്കുന്ന പാപ്പാ ജനവാസം ക്രമേണ കുറഞ്ഞുവരുന്ന ഈ സ്ഥലങ്ങൾ പരിപാലിക്കുക ആയസകരമായിത്തീരുകയും അങ്ങനെ അവ ലോല പ്രദേശങ്ങൾ ആയിത്തീരുകയും ചെയ്യുന്നുവെന്നും വിശദീകരിച്ചു. ഈ പ്രദേശങ്ങളെ നോക്കുമ്പോൾ, നമുക്ക്, ഭൂമിയുടെ രോദനം കേൾക്കുക എന്നതിൻറെ വിവക്ഷ ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും നിലവിളി കേൾക്കുകയാണെന്നും മറിച്ചുമാണെന്നും മനസ്സിലാകുമെന്ന് പാപ്പാ പറഞ്ഞു.

സകലവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പലപ്പോഴും വേറിട്ടു കാണുന്ന പ്രതഭാസങ്ങളെ കൂട്ടിവായിക്കേണ്ടത് പരിഹാരങ്ങൾ തേടുന്നതിന് ആവശ്യമാണെന്നും നാം മനസ്സിലാക്കുന്നത് ആളുകളുടെയും പരിസ്ഥിതിയുടെയും ദുർബ്ബലതയിലാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

നിർമ്മിതബുദ്ധിയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും പരാമർശിച്ച പാപ്പാ അവയുടെ മാരക ശക്തി എത്രമാത്രമാണെന്ന് നാം കണ്ടുകൊണ്ടിരിക്കയാണെന്നും നശിപ്പിക്കുന്നതിനു പകരം പരിചരണത്തിനായി, ആളുകളുടെയും സമുഹങ്ങളുടെയും പ്രദേശങ്ങളുടെയും പൊതുഭവനത്തിൻറെയും പരിപാലനത്തിനായി, അവ വിനിയോഗിക്കുകയാണെങ്കിൽ എത്രമാത്രം ഗുണകരമായിരിക്കുമെന്ന് നമുക്ക് ചിന്തിക്കാനാകുമെന്നും പറഞ്ഞു.

Comments

leave a reply

Related News