Foto

നൈജീരിയക്കും ലോകത്തിനും ആശ്വാസം; തീവ്രവാദികള്‍ 279 കുട്ടികളെയും വിട്ടയച്ചു

മാനസാന്തരം വന്നതോടെ കൊള്ളക്കാര്‍ മോചന ദ്രവ്യം
നല്‍കാതെ വിദ്യാര്‍ത്ഥിനികളെ വിട്ടയച്ചെന്ന് ഗവര്‍ണര്‍

നൈജീരിയയില്‍ മൂന്നു ദിവസം മുമ്പ് ഇസ്‌ളാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 279 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയും വിട്ടയച്ചതായി അറിയിപ്പ്. 317 വിദ്യാര്‍ത്ഥിനികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യ വിവരമെങ്കിലും 279 പേരേ ഉണ്ടായിരുന്നുള്ളൂ എന്നും മോചന ദ്രവ്യം നല്‍കാതെയാണ് അവരെ വിട്ടയച്ചതെന്നും സംഫാര സംസ്ഥാന ഗവര്‍ണര്‍ ബെല്ലോ മാതവല്ലെ പറഞ്ഞു.

വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ സാംഫാരയില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞ് ജംഗെബെ പട്ടണത്തിലെ സര്‍ക്കാര്‍ ഗേള്‍സ് സയന്‍സ് സെക്കന്‍ഡറി സ്‌കൂളിന്റെ ഹോസ്റ്റലില്‍  നിന്നാണ് കുട്ടികളെ ബന്ധനസ്ഥരാക്കി കൊണ്ടുപോയത്. മാനസാന്തരം പ്രകടമാക്കിയ  കൊള്ളക്കാരുമായി  മധ്യസ്ഥ സംഭാഷണത്തിലൂടെയാണ്  മോചനം ഉറപ്പാക്കാനായതെന്ന് ഗവര്‍ണര്‍ പറഞ്ഞു. തങ്ങളുടെ ശ്രമം തടസ്സപ്പെടുത്താന്‍ ആഗ്രഹിച്ചവര്‍ നടത്തിയ നീക്കങ്ങള്‍ പാളി. സമാധാന ഉടമ്പടിയുടെ ഗുണപരമായ ഫലമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലോകത്തുടനീളം ഉത്ക്കണ്ഠ ജനിപ്പിച്ച സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീവ്രമായ വേദനയും രേഖപ്പെടുത്തിയിരുന്നു. നൈജീരിയയിലെ മെത്രാന്മാരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും ആ കുട്ടികളുടെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ആഞ്ചലൂസ് പ്രാര്‍ത്ഥനയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യവേ മാര്‍പ്പാപ്പ അറിയിച്ചു. 'അവര്‍ സുരക്ഷിതരായി വീടുകളില്‍ തിരിച്ചെത്താന്‍ നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. അവര്‍ക്കും അവരുടെ കുടുംബത്തിനും ഒപ്പം ഞാനും ചേരുന്നു. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാം,' നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന വിശ്വാസികള്‍ക്കൊപ്പം അര്‍പ്പിക്കുന്നതിനു മുമ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

മോചിതരായ മുഴുവന്‍ കുട്ടികളും ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 4 മണിയോടെ സംസ്ഥാന തലസ്ഥാനമായ ഗുസൗവിലെ സാംഫാര സ്റ്റേറ്റ് ഗവണ്‍മെന്റ് ഹൗസിലെത്തി. മനഃശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘത്തെ മെഡിക്കല്‍ സേവനത്തിനു നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു. സായുധ തീവ്രവാദികളാണ് കുട്ടികളെ ബന്ധനസ്ഥരാക്കി കൊണ്ടു പോയത്.ഇതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇതിന് പിന്നില്‍ പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ഇസ്ലാമിക ഭീകരസംഘടനയായ ബോക്കോ ഹറാമാണെന്നായിരുന്നു നിഗമനം. നൂറിലധികം ആയുധധാരികള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികളില്‍ ചിലര്‍ സ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ വേഷത്തിലാണ് എത്തിയത്.

നൈജീരിയയുടെ വടക്കു പടിഞ്ഞാറന്‍, മധ്യ മേഖലകളില്‍ ആയുധധാരികളായ ക്രിമിനല്‍ സംഘങ്ങള്‍ അടുത്ത കാലത്തായി ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.രണ്ട് ആഴ്ചമുമ്പ് നൈജര്‍ സംസ്ഥാനത്തെ ബോര്‍ഡിംഗ് സ്‌കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയ 27 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 42 പേരുടെ മോചനം ഇനിയും സാധ്യമായിട്ടില്ല.മോചനദ്രവ്യം തേടിയുള്ള തട്ടിക്കൊണ്ടുപോകല്‍ , ബലാത്സംഗം, കൊള്ള എന്നിവ ധാരാളമായി അരങ്ങേറുന്നു. പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്കെതിരായ ആക്രമണവും ഇസ്ലാമിക പോരാളികള്‍ പതിവാക്കിയിരിക്കുകയാണ്. മോചനദ്രവ്യത്തിനായി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയില്‍ പതിവാകുന്നതിനെ ബിഷപ്പുമാരുടെ കൂട്ടായ്മ അപലപിച്ചു.'നൈജീരിയയിലെ കത്തോലിക്കാ മെത്രാന്മാരായ ഞങ്ങളും നൈജീരിയയിലെ എല്ലാ സഭാംഗങ്ങളും രാജ്യം നേരിടുന്ന അരക്ഷിതാവസ്ഥയില്‍ വളരെയധികം ഉത്കണ്ഠാകുലരാണ്.' രാജ്യം തകര്‍ച്ചയുടെ വക്കിലാണെന്ന ആശങ്കയും സഭാ നേതൃത്വം പങ്കുവയ്ക്കുന്നു.

മൂന്നു വര്‍ഷം മുമ്പ് ബോക്കോ ഹറാം തീവ്രവാദികള്‍ ചിബോക്കിലെ സ്‌കൂളില്‍നിന്ന് 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. അതിന് പിന്നാലെ 2018 ഫെബ്രുവരി 19ന് യോബ് പ്രവിശ്യയിലെ ഗവണ്‍മെന്റ് ഗേള്‍സ് സയന്‍സ് ആന്‍ഡ് ടെക്നിക്കല്‍ കോളജില്‍ നിന്ന് 110 പെണ്‍കുട്ടികളെ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയി. ഇതില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ശേഷിക്കുന്ന 104 കുട്ടികളെ പിന്നീട് വിട്ടയച്ചെങ്കിലും ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ഒരു കുട്ടിയുടെ കാര്യത്തില്‍ വ്യക്തതയില്ല. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ തടയുന്നതില്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിസംഗത തുടരുകയാണ്.

ബാബു കദളിക്കാട്

Foto

Comments

leave a reply