സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ മോചിതയായി
തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത് 2017ല്‍
റോം: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍നിന്ന് 2017ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ നാര്‍വീസ മോചിതയായി.മോചനത്തിന് പിന്നാലെ സിസ്റ്റര്‍ ഗ്ലോറിയ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ കണ്ടു.സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം പാപ്പ സിസ്റ്ററിനെ ആശീര്‍വദിച്ചു.2017 ഫെബ്രുവരി ഏഴാം തീയതിയാണ് അല്‍ക്വയ്ദയുമായി ബന്ധമുള്ള ഇസ്‌ളാമിക തീവ്രവാദി സംഘടന ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ഗ്ലോറിയയെ സാഹെലില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. പിറ്റേവര്‍ഷം തന്നെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ഫ്രാന്‍സിസ് പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചുള്ള സിസ്റ്ററുടെ വീഡിയോ പുറത്തുവന്നിരിന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് തീവ്രവാദികള്‍ ബന്ധികളാക്കിയിരിന്ന ഇറ്റാലിയന്‍ മിഷ്ണറി വൈദികനായ ഫാ. പിയര്‍ലൂയിജി മക്കാലി, സോഫി പെട്രോനിന്‍ എന്നിവരുള്‍പ്പെടെയുള്ള നാലംഗ സംഘത്തെ വിട്ടയച്ചതോടെ സിസ്റ്റര്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമായിരിന്നു.സിസ്റ്റര്‍ ഗ്ലോറിയ സെസിലിയയുടെ ഒപ്പമായിരിന്നു താന്‍ കഴിഞ്ഞിരിന്നതെന്നും സിസ്റ്ററുടെ ജീവിതാവസ്ഥ പരിതാപകരമാണെന്നും മോചനത്തിനായി ഇടപെടണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് സോഫി പെട്രോനിന്‍ അന്ന് ആവശ്യപ്പെട്ടിരിന്നു. ഇതിനിടെ 57 വയസ്സുള്ള സിസ്റ്റര്‍ ഗ്ലോറിയ സഹോദരനായ എഡ്ഗര്‍ നര്‍വേസിന് ഇക്കഴിഞ്ഞ ഫെബ്രുവരി മാസം അയച്ച കത്ത് പുറത്തുവന്നു. സന്നദ്ധ സംഘടനയായ റെഡ്‌ക്രോസ് വഴി സിസ്റ്റര്‍ സഹോദരന് അയച്ച കത്തില്‍ താന്‍ ഇപ്പോള്‍ പുതിയ സംഘടനയുടെ കീഴില്‍ ബന്ദിയാണെന്നും ഇപ്പോള്‍ തടങ്കലില്‍ വച്ചിരിക്കുന്നത് 'ദി ഗ്രൂപ്പ് ഫോര്‍ ദി സപ്പോര്‍ട്ട് ഓഫ് ഇസ്ലാം ആന്‍ഡ് മുസ്ലീംസ്' എന്ന സംഘടനയാണെന്നും പരാമര്‍ശമുണ്ടായിരിന്നു. അന്താരാഷ്ട്ര തലത്തില്‍ സിസ്റ്ററുടെ മോചനത്തിനായി പ്രാര്‍ത്ഥനയും നയതന്ത്ര ശ്രമങ്ങളും തുടരുന്നതിനിടെയാണ് മോചനത്തിന്റെ സദ്വാര്‍ത്ത പുറത്തുവന്നിരിക്കുന്നത.2012 മുതല്‍ വടക്കന്‍ മാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് വ്യാപകമാണ്.
Comments