സ്‌കൂൾ ഹോസ്റ്റലിൽ നിന്ന് 317 വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയത്
ബോക്കോ ഹറാം ഇസ്ലാമിക തീവ്രവാദികളെന്ന സംശയം ശക്തം
കഴിഞ്ഞയാഴ്ച നൈജീരിയയിൽ 317 സ്‌കൂൾ വിദ്യാർത്ഥിനികളെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തീവ്രമായ ഉത്ക്കണ്ഠയും വേദനയും രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. നൈജീരിയയിലെ മെത്രാന്മാരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ആ കുട്ടികളുടെ മോചനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതായും വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ആഞ്ചലൂസ് പ്രാർത്ഥനയിൽ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് മാർപ്പാപ്പ അറിയിച്ചു.
'അവർ സുരക്ഷിതരായി വീടുകളിൽ തിരിച്ചെത്താൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. അവർക്കും അവരുടെ കുടുംബത്തിനും ഒപ്പം ഞാനും ചേരുന്നു. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാം,' നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന വിശ്വാസികൾക്കൊപ്പം അർപ്പിക്കുന്നതിനു മുമ്പായി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ഫെബ്രുവരി 26 അർദ്ധ രാത്രിക്കുശേഷം സംഫാറ സംസ്ഥാനത്തെ ജാംഗ്ബെയിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്‌കൂൾ ഹോസ്റ്റൽ റെയ്ഡ് ചെയ്ത സായുധ തീവ്രവാദികളാണ് കുട്ടികളെ ബന്ധനസ്ഥരാക്കി കൊണ്ടു പോയത്.ഇതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇതിന് പിന്നിൽ പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിർക്കുന്ന ഇസ്ലാമിക ഭീകരസംഘടനയായ ബോക്കോ ഹറാമാണെന്നാണ് നിഗമനം. നൂറിലധികം ആയുധധാരികൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അക്രമികളിൽ ചിലർ സ്‌കൂളിലെ സെക്യൂരിറ്റി ഗാർഡുകളുടെ വേഷത്തിലാണ് എത്തിയത്.
നൈജീരിയയുടെ വടക്കു പടിഞ്ഞാറൻ, മധ്യ മേഖലകളിൽ ആയുധധാരികളായ ക്രിമിനൽ സംഘങ്ങൾ അടുത്ത കാലത്തായി ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.രണ്ട് ആഴ്ചമുമ്പ് നൈജർ സംസ്ഥാനത്തെ ബോർഡിംഗ് സ്‌കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയ 27 വിദ്യാർത്ഥികൾ ഉൾപ്പെടെ 42 പേരുടെ മോചനം ഇനിയും സാധ്യമായിട്ടില്ല.മോചനദ്രവ്യം തേടിയുള്ള തട്ടിക്കൊണ്ടുപോകൽ , ബലാത്സംഗം, കൊള്ള എന്നിവ ധാരാളമായി അരങ്ങേറുന്നു. പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്കെതിരായ ആക്രമണവും ഇസ്ലാമിക പോരാളികൾ പതിവാക്കിയിരിക്കുകയാണ്. മോചനദ്രവ്യത്തിനായി വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയിൽ പതിവാകുന്നതിനെ ബിഷപ്പുമാരുടെ കൂട്ടായ്മ അപലപിച്ചു.'നൈജീരിയയിലെ കത്തോലിക്കാ മെത്രാന്മാരായ ഞങ്ങളും നൈജീരിയയിലെ എല്ലാ സഭാംഗങ്ങളും രാജ്യം നേരിടുന്ന അരക്ഷിതാവസ്ഥയിൽ വളരെയധികം ഉത്കണ്ഠാകുലരാണ്.' രാജ്യം തകർച്ചയുടെ വക്കിലാണെന്ന ആശങ്കയും സഭാ നേതൃത്വം പങ്കുവയ്ക്കുന്നു.
മൂന്നു വർഷം മുമ്പ് ബോക്കോ ഹറാം തീവ്രവാദികൾ ചിബോക്കിലെ സ്‌കൂളിൽനിന്ന് 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. അതിന് പിന്നാലെ 2018 ഫെബ്രുവരി 19ന് യോബ് പ്രവിശ്യയിലെ ഗവൺമെന്റ് ഗേൾസ് സയൻസ് ആൻഡ് ടെക്നിക്കൽ കോളജിൽ നിന്ന് 110 പെൺകുട്ടികളെ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയി. ഇതിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ശേഷിക്കുന്ന 104 കുട്ടികളെ പിന്നീട് വിട്ടയച്ചെങ്കിലും ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ച ഒരു കുട്ടിയുടെ കാര്യത്തിൽ വ്യക്തതയില്ല. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ ഉൾപ്പെടെയുള്ള അക്രമങ്ങൾ തടയുന്നതിൽ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിസംഗത തുടരുകയാണ്.
Comments