Foto

മരണാസന്നര്‍ക്ക് ആവശ്യം സാന്ത്വന പരിചരണമാണ്, ദയാവധമല്ല-ഫ്രാന്‍സിസ് പാപ്പാ.

ജോബി ബേബി,

മരണാസന്നര്‍ക്ക് ആവശ്യം സാന്ത്വന പരിചരണമാണ്, ദയാവധമല്ലെന്ന് ഫ്രാന്‍സിസ് പാപ്പാ. ഫെബ്രുവരി ഒന്‍പതിന് പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പൊതു സദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.പരിപാലിക്കപ്പെടുന്നതിനും ചികിത്സിക്കപ്പെടുന്നതിനുമുള്ള അവകാശത്തിന് എപ്പോഴും മുന്‍ഗണന നല്‍കണം. അതിനാല്‍ ഏറ്റവും ദുര്‍ബലരായവര്‍, പ്രത്യേകിച്ച് പ്രായമായവരും രോഗികളും ഒരിക്കലും ഉപേക്ഷിക്കപ്പെടില്ല.ജീവിതം ഒരു അവകാശമാണെന്ന്  പാപ്പാ കൂട്ടിച്ചേര്‍ത്തു.

സ്വന്തം ഇഷ്ടപ്രകാരം തോന്നുന്നതു ചെയ്യുവാന്‍ സാധിക്കുന്ന വ്യക്തിസ്വത്തല്ല ജീവന്‍ എന്നാണ് എല്ലാ മതങ്ങളും വിശ്വസിക്കുന്നത്.കാരണം, ദൈവമാണ് നമുക്കു ജീവന്‍ നല്‍കിയവന്‍.അല്പകാലത്തേക്കു മാത്രമായി നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന ഈ ദാനത്തിന്റെ  മേല്‍ സമ്പൂര്‍ണസ്വാതന്ത്ര്യം നമുക്കില്ല.''നീ കൊല്ലരുത്'' എന്നുള്ള എല്ലാ മതങ്ങളിലെയും കല്‍പ്പന എന്‍ന്റെ  ജീവനും ബാധകമാണ്.ജീവനും ജീവിതവും ഉണ്ടാവുക എന്ന ആഗ്രഹം മനുഷ്യന്റെ ഏറ്റവും അഗാധമായ ആഗ്രഹങ്ങളില്‍ ഒന്നാണ്.അസഹനീയമായ വേദനയാല്‍ പുളയുമ്പോള്‍ ദയാവധത്തിനുവേണ്ടിയുള്ള രോദനം പോലും ജീവിക്കാന്‍ സഹായം ലഭിക്കുന്നതിനുവേണ്ടിയുള്ളതാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.അതി നപ്പുറം ദയാവധത്തിനായുള്ള അഭ്യര്‍ഥന എത്രമാത്രം സ്വതന്ത്രമാണ് എന്നും നാം അന്വേഷിക്കേണ്ടിയിരിക്കുന്നു.ജീവന്റേയും മരണത്തിന്റെയും നാഥന്‍ ദൈവം മാത്രമാണ്.എന്നാല്‍ മരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും മാനുഷിക പരിചരണവും നല്‍കി അയാളുടെ വേദന ലഘൂകരിക്കുന്നത് അയല്‍ക്കാരനോടുള്ള സ്‌നേഹവും ഒരു കാരുണ്യപ്രവൃത്തിയുമാണ്.  ഹോസ്‌പൈസ് മുന്നേറ്റവും പാലിയേറ്റീവ് മെഡിസിനും ഈ മേഖലയില്‍ സുപ്രധാനമായ പ്രവര്‍ത്തനങ്ങളാണു കാഴ്ചവയ്ക്കുന്നത്.മരിക്കുന്ന വ്യക്തിയെ സഹായിക്കുക എന്നതല്ലാതെ, മരിക്കാന്‍ വ്യക്തിയെ സഹായിക്കുക എന്നതായിരിക്കരുത് ലക്ഷ്യം.  ഇതനുസരിച്ച് ഒരു പക്ഷേ രോഗിയുടെ ആയുസ്സു കുറഞ്ഞേക്കാമെങ്കില്‍ പോലും പ്രതീക്ഷയ്ക്കു വകയില്ലാത്ത ചികിത്സകള്‍ നിര്‍ത്തി വയ്ക്കാനും രോഗിയുടെ സഹനത്തിനു ശമനം നല്‍കുന്ന പാലിയേറ്റീവ് മരുന്നുകള്‍ നല്‍കുവാനുമുള്ള ധാര്‍മികവും വൈദ്യശാസ്ത്രപരവുമായുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.പക്ഷേ ഇക്കാര്യങ്ങളിലെല്ലാം രോഗിയുടെ ഇഷ്ടം പരിഗണിക്കേണ്ടതുണ്ട്.രോഗിക്ക് ആഗ്രഹം വെളിപ്പെടുത്താന്‍ സാധിക്കാതെ വരികയോ, മുമ്പ് ആഗ്രഹം പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്ത സാഹ ചര്യത്തില്‍ അധികാരപ്പെട്ട പ്രതിനിധിക്ക് തീരുമാനിക്കാവുന്നതാണ്.എന്നാല്‍ ഇവയെല്ലാം ധാര്‍മിക നിയമത്തിനു ചേരുന്നവയായിരിക്കണം.

''ഹിംസ''പാടില്ല(Do not harm) എന്നത് ഒരു പ്രകൃതി നിയമമാണ്.അത് ദൈവീക നിയമവുമാണ്.ഭാരതീയവീക്ഷണവും എല്ലാമതങ്ങളും ഹിംസയെ നിഷേധിക്കുന്നു കൂടാതെ ജീവന്റെ പാവനതയ്ക്ക് വളരെ ഉയര്‍ന്ന സ്ഥാനം നല്‍കുന്നു.ദയാവധം,ഗര്‍ഭച്ചിദ്രം എന്നിവയ്‌ക്കെതിരെ എല്ലാമതങ്ങളുടെയും നിലപാട് കര്‍ക്കശമാണ്.ജീവന്‍ അമൂല്യമാണ് എന്ന ദര്‍ശനമാണ് എല്ലാമതങ്ങളുടെയും കാഴ്ചപ്പാട്.ദൈവമാണ് ജീവന്റെ സ്രോതസ്സ് എന്നതിനാല്‍ തന്നെ ജീവനെ നിഷേധിക്കുവാന്‍ ആര്‍ക്കും ആവശ്യമില്ല എന്നതാണ് മതങ്ങളുടെ നിലപാട്.ആത്മഹത്യ വര്‍ധിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ദയാവധം അനുവദിച്ചാല്‍ മരിക്കാനുള്ള അവകാശമാണെന്ന് പ്രഖ്യാപിച്ചു അനേകര്‍ ജീവനൊടുക്കുവാന്‍ സാധ്യതയുണ്ട്.

''മരണമല്ല, ജീവനാണ് അവകാശം.ജീവന്‍ സ്വീകരിക്കപ്പെടണം''.

രോഗികള്‍ക്കും മരണാസന്നര്‍ക്കും നല്‍കേണ്ടത് ദയാവധമല്ല, സാന്ത്വന ചികിത്സയാണെന്ന് (പാലിയേറ്റീവ് കെയര്‍) ലോകജനതയെ വീണ്ടും ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ.മരണമല്ല, ജീവനാണ് അവകാശം.ജീവന്‍ സ്വീകരിക്കപ്പെടണം.ഈ ധാര്‍മിക തത്വം ക്രൈസ്തവര്‍ക്കും വിശ്വാസികള്‍ക്കും മാത്രമല്ല, ലോകജനതയ്ക്കാകമാനം ബാധകമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.മരണത്തോട് അടുക്കുന്നവര്‍ക്ക് നാം തുണയാകണം, എന്നാല്‍ മരണത്തിന് കാരണമാകുകയോ സഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് സഹായമേകുകയോ ചെയ്യരുത്. എല്ലാവരുടെയും പരിചരണത്തിനും ചികിത്സയ്ക്കുമുള്ള അവകാശത്തിന് എല്ലായ്പ്പോഴും സവിശേഷ പ്രധാന്യം നല്‍കണം. ഏറ്റവും ദുര്‍ബലരായവരെ, വിശിഷ്യാ, പ്രായമായവരെയും രോഗികളെയും ഒരിക്കലും തള്ളിക്കളയരുത്. വാസ്തവത്തില്‍, മരണമല്ല മറിച്ച് ജീവനാണ് അവകാശം. അതിനാല്‍ മരണാസന്നര്‍ക്ക് നാം തുണയാകണം.

ഇക്കാര്യത്തില്‍ നമുക്ക് മുന്നില്‍ രണ്ട് പരിഗണനകളുണ്ട്. മരണം ഒഴിവാക്കാനാകില്ല എന്നതാണ് ആദ്യത്തേത്. അതിനാല്‍ രോഗിയെ സുഖപ്പെടുത്താന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്ത ശേഷം, അയുക്തികമായി വിഫല ചികിത്സ നല്‍കുന്നത് അധാര്‍മികമാണ്.മരണത്തിന്റെ, വേദനയുടെ, സഹനത്തിന്റെ മേന്മയെക്കുറിച്ചാണ് രണ്ടാമത്തെ പരിഗണന. സ്വന്തം ജീവിതത്തിന്റെ അവസാന ഘട്ടംവരെ ജീവിക്കേണ്ട ഓരോരുത്തര്‍ക്കും സഹായമേകാന്‍ സാന്ത്വന ചികിത്സ ലഭ്യമാക്കണം. എന്നാല്‍, ദയാവധത്തിലേക്ക് നയിക്കുന്ന അസ്വീകാര്യമായ പ്രവണതകളുമായി ഈ സഹായത്തെ കൂട്ടിക്കുഴയ്ക്കരുത്.

ഈ സന്ദര്‍ഭത്തില്‍ സുപ്രധാനമായ ഒരു സാമൂഹിക പ്രശ്‌നം അടിവരയിട്ടു കാണിക്കുന്നത് ഉചിതമായിരിക്കും. ചില സമൂഹങ്ങളില്‍ വൃദ്ധജനങ്ങള്‍ക്ക് സാമ്പത്തിക മാര്‍ഗമില്ലാത്തതിനാല്‍, അവര്‍ക്ക് മതിയായ മരുന്ന് ലഭ്യമാക്കുന്നില്ല. ഇത് മനുഷ്യത്വരഹിതമാണ്. ഇത് അവരെ സഹായിക്കുകയല്ല, മറിച്ച് അവരെ കൂടുതല്‍ വേഗത്തില്‍ മരണത്തിലേക്ക് തള്ളിവിടുകയാണ്. ഇത് മനുഷികമോ ക്രൈസ്തവികമോ അല്ല. കാരണം, പ്രായമായവര്‍ മനുഷ്യകുലത്തിന്റെ നിധിയാണ്. അവരാണ് നമ്മുടെ ജ്ഞാനം.അവര്‍ സംസാരിക്കുന്നില്ലെങ്കിലും അവര്‍ ബോധം നഷ്ടപ്പെട്ടവരാണെങ്കിലും പോലും അവര്‍ മാനവ ജ്ഞാനത്തിന്റെ പ്രതീകമാണ്. ദയവായി പ്രായമായവരെ ഒറ്റപ്പെടുത്തരുത്, പ്രായമായവരുടെ മരണം വേഗത്തിലാക്കരുത്. പ്രായമായ ഒരാളെ തഴുകുമ്പോള്‍ പകരപ്പെടുന്നത് ഒരു കുട്ടിയെ ലാളിക്കുന്ന അതേ പ്രതീക്ഷയാണ്. കാരണം, ജീവിതത്തിന്റെ തുടക്കവും ഒടുക്കവും എല്ലായ്പ്പോഴും ഒരു നിഗൂഢതയാണ്. ആദരിക്കുകയും അനുഗമിക്കുകയും പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ട ഒരു രഹസ്യമാണതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.(ഫെബ്രുവരി 9ന് വത്തിക്കാനിലെ പൊതുസന്ദര്‍ശനമധ്യേ നല്‍കിയ സന്ദേശത്തിലാണ് മരണസംസ്‌ക്കാരത്തിനെതിരെ പാപ്പ വീണ്ടും മുന്നറിയിപ്പ് നല്‍കിയത്).

സ്വാന്തന പരിചരണത്തിന്റെ പ്രാധാന്യം

ആത്മഹത്യയും ദയാവധവും ധാര്‍മികമായി ഒരു തരത്തിലും സ്വീകാര്യമല്ലാത്ത മാര്‍ഗങ്ങളാണ്.സുഖപ്പെടുത്താനാവാത്ത സാഹചര്യത്തില്‍ പോലും രോഗിക്കു പരിചരണം നല്‍കുക എന്നതാണ് വൈദ്യശാസ്ത്രത്തിന്റെ കടമ.തങ്ങള്‍ക്കു ലഭ്യമായ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തെ ഡോക്ടര്‍മാരും രോഗികളും ശരിയായി വിലയിരുത്തണം.ഈ സന്ദര്‍ഭത്തിലാണ് സ്വാന്തന പരിചരണം പ്രാധാന്യമര്‍ഹിക്കുന്നത്.പാലിയേറ്റീവ് മെഡിസിന്‍ എന്നത് ഒരു വ്യക്തി മരണശയ്യയിലായിരിക്കുകയും സാധ്യമായ എല്ലാ വൈദ്യസഹായവും നിഷ്ഫലമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമാധാനത്തില്‍ മരിക്കുവാനും വേദന കുറയ്ക്കുവാനും സാധിക്കുന്ന വിധത്തില്‍ അയാളെ സഹായിക്കുന്നതിനുള്ള സംവിധാനമാണ്.സുഖപ്പെടുത്താനാവാത്ത രോഗങ്ങളുള്ളവര്‍ക്ക് പാലിയേറ്റീവ് കെയര്‍ ഒരു പരിധിവരെ ആശ്വാസം നല്‍കുവാന്‍ സാധിക്കും.വേദനാസംഹാരികള്‍ നല്‍കി രോഗത്തിന്റെ വേദനയെ ഒരു പരിധിവരെ നേരിടാന്‍ ഇത് സഹായിക്കുന്നു.

ദയാവധം എന്നത് ഒരു വ്യക്തിയെ അവന്റെ വേദനയില്‍നിന്ന് സ്വതന്ത്രമാക്കുന്ന ഒന്നല്ല.അത് യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ പ്രത്യാശയെ തകര്‍ത്തു കളയുന്ന പ്രവൃത്തിയാണ്. വൈദ്യശാസ്ത്രപരമായി നോക്കുമ്പോള്‍ ഈ രോഗികള്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരും കഠിന വേദന സഹിക്കുന്നവരും ഉപയോഗശൂന്യരുമാകാം.എന്തൊക്കെ കാരണങ്ങളുണ്ടായാലും അവര്‍ക്കുവേണ്ടി നാം മരണം തിരഞ്ഞെടുക്കുമ്പോള്‍ അത് ജീവിതത്തോടുള്ള അവരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തുകയും ബന്ധങ്ങള്‍ അറുത്തുമാറ്റുകയുമാണ് ചെയ്യുന്നത്.ഒരു രോഗിയെ പാലിയേറ്റീവ് കെയറിലോ ആശുപത്രിയിലോ പരിചരിക്കുമ്പോള്‍ നാം ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെയാണ് അതിലൂടെ മാനിക്കുന്നത്.

കച്ചവടവത്ക്കരിക്കപ്പെട്ട ദയാവധം ഏതു തരത്തില്‍പ്പെട്ടതാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതാണ്.മനുഷ്യജീവനു വിലയിടാന്‍ പറ്റില്ല. മരണം ലാഭകരമായ ഒരു കച്ചവടമായിത്തീരാനും പാടില്ല. കാശുവാങ്ങി ദയാവധം നല്‍കുന്ന യാതൊരു സംഘടനയ്ക്കും കമ്പനിക്കും യാതൊരുവിധ ധാര്‍മികതയും അവകാശപ്പെടാനാവില്ല.ഡോക്ടറുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യയും നിരസിക്കപ്പെടേണ്ടതു തന്നെയാണ്.ഡോക്ടര്‍ ഒരിക്കലും രോഗിയുടെ മരിക്കുവാനുള്ള ആഗ്രഹപൂര്‍ത്തീകരണ ത്തിനുള്ള ഉപകരണമായിത്തീരാന്‍ പാടില്ല.ദയാവധം നല്‍കുന്ന ഓരോ ഡോക്ടറും നേഴ്‌സും സൗഖ്യദായകനെ കൊലപാതകിയാക്കി മാറ്റുന്നു.  രോഗിയുടെ സഹനത്തെ നാം അവഗണിക്കുന്നു എന്നല്ല ഇതിന്റെ അര്‍ഥം.മെച്ചപ്പെട്ട പാലിയേറ്റീവ് മെഡിസിനും ഹോസ്‌പൈസ് പരിചരണവും മരണശയ്യയില്‍ ആയിരിക്കുന്നവര്‍ക്കു ലഭ്യമാകുക എന്നതാണ് സുപ്രധാനം.രോഗിയുടെ ജീവന്‍ നിലനിറുത്താന്‍ എന്തും ചെലവഴിക്കാനും ഏതറ്റം വരെ പോകാനും ശ്രമിക്കുന്നവരുടെ നാടാണ് കേരളം.മാറാ രോഗികള്‍ക്ക് കഴിയുന്നത്ര സാന്ത്വന പരിചരണം നല്കാന്‍ ശ്രമിക്കുന്ന ഒരു ആരോഗ്യപരിരക്ഷണ സംസ്‌ക്കാരവും നമുക്കുണ്ട്. മാറാരോഗികളെ പ്രത്യക്ഷ ദയാവധമോ പരോക്ഷ ദയാവധമോ നല്കി അവസാനിപ്പിക്കുന്നതിനെ കുറിച്ചല്ല, അവരുടെ അന്ത്യംവരെ സാന്ത്വന ചികിത്സ നല്കി പരിചരിക്കാനുള്ള ക്ഷമയും കരുതലുമാണ് നാം കാട്ടേണ്ടത്. അപ്പോഴാണ് ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വിശ്വാസ സംസ്‌ക്കാരത്തിന്റെ ഭാഗമായി നാം മാറുക.

ഇന്നത്തെ പശ്ചാത്തലം രോഗികളോടും ശാരീരിക വൈകല്യമുള്ളവരോടും വൃദ്ധരോടും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.അവരില്‍ ചിലര്‍ സ്വയമായി മരിക്കാന്‍ തയാറായെന്നു വരും.കുറേപേര്‍ മറ്റുള്ളവരുടെ പ്രേരണയാല്‍ മരണത്തിന് തയാറായെന്നു വരും.ചിലരെ വ്യാജമായി അവരുടെ അനുവാദം ലഭിച്ചു എന്നു വരുത്തി കൊല്ലാനും ബന്ധുക്കളോ മറ്റുള്ളവരോ തയ്യാറായെന്നും വരും.മറ്റുള്ളവരെ(പ്രത്യേകിച്ചു ബലഹീനരെ)സ്‌നേഹിക്കുവാനും കരുതുവാനും കഴിയാത്ത ജീവന്റെ പാവനതയ്ക്ക് സ്ഥാനം നല്‍കാത്ത നിലപാടിനെ സമൂഹം എതിര്‍ക്കണം.ദയാവധത്തെ മനുഷ്യരുടെ ജീവനുമേലുള്ള കടന്നാക്രമണമായി തിരിച്ചറിയണം.ആരൊക്കെയാണ് ജീവിക്കാന്‍ അനുയോജ്യരായവര്‍ എന്ന കാര്യം നാം തീരുമാനിക്കേണ്ട വിഷയമല്ല.എല്ലാവര്‍ക്കും ഈ ലോകത്തില്‍ അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്.അന്തസ്സോടെ മരിക്കുക എന്നത് മനുഷ്യരുടെ കരുതലും സ്വാന്തനവും ഏറ്റുകൊണ്ടുള്ള മരണമാണ്.പ്രത്യക്ഷമായോ പരോക്ഷമായോ നമ്മുടെ പ്രയോഗത്തിലൂടെ മറ്റുള്ളവരെ മരണത്തിലേക്ക് നയിക്കുന്നത് മനുഷ്യരുടെ കടമയില്‍ ഉള്‍പ്പെടുന്നില്ല.അതുകൊണ്ട് നമ്മുടെ സമൂഹവും,ജനപ്രതിനിധികളും,സര്‍ക്കാരുകളും ദയാവധത്തിന് എതിരായ നിലപാട് എടുക്കണം.

ജീവന്റെ മൂല്യത്തെ തിരിച്ചറിയുവാനും കാത്തു സൂക്ഷിക്കുവാനും നമ്മുക്ക് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്.മനഃപൂര്‍വ്വമായി സ്ഥാപിത താത്പര്യത്തോടെ ആരുടെയും ജീവനെ നമ്മുക്ക് അവകാശമായില്ല.ദൈവം ജീവന്‍ നല്‍കുന്നതും നാം സ്വയമായോ മറ്റുള്ളവരാലോ അത് എടുത്തുകളയാനല്ല.രോഗം,അബോധാവസ്ത്ഥ,ചികിത്സിച്ചിട്ട് ഫലമില്ല എന്നൊക്കെ വിധിയെഴുതപ്പെടുന്ന അവസ്ഥയിലും സ്വാന്തനപരിചരണം നല്‍കി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുക എന്നതാണ് നമ്മുടെ ധര്‍മ്മം. 

Comments

leave a reply

Related News