Foto

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

കോട്ടയം: വൈകല്യങ്ങളെ കൈവല്യങ്ങളാക്കുവാന്‍ പോന്ന ഇച്ചാശക്തിയോടെ അവര്‍ ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നു. ബലൂണുകളും സ്വാഗത ബോര്‍ഡുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ അവരെ വരവേറ്റപ്പോള്‍ അത് നവ്യാനുഭവമായി ഈ കുരുന്നുകള്‍ക്ക്്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ പ്രവേശനോത്സവത്തിനായി തെള്ളകം ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍, അഗാപ്പെ ഭവന്‍, കൈപ്പുഴ, കുമരകം എന്നീ അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായുള്ള ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും പ്രവേശനോത്സവത്തില്‍ പങ്കെടുത്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു. വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനങ്ങളും തൊഴില്‍ സംരംഭക സാധ്യതകളും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച് വരുന്നത്.  


ഫോട്ടോ : കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകളുടെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കുന്നു.

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063

 

Comments

leave a reply

Related News