വിയന്ന: ഫ്രാൻസിസ് പാപ്പയും ദലൈ ലാമയും സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കും ഇടംപിടിച്ച ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ മലയാളിയായ കന്യാസ്ത്രീയും. പ്രമുഖ ഓസ്ട്രിയിൻ മാസികയായ ‘ഊം’ (oom) പ്രസിദ്ധീകരിച്ച 100 പേരുടെ പട്ടികയിലാണ് അശരണരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ‘മാഹേർ’ ഫൗണ്ടേഷൻ സ്ഥാപക സിസ്റ്റർ ലൂസി കുര്യൻ ഇടം പിടിച്ചത്. വിവിധ രംഗങ്ങളിൽനിന്നുള്ള പ്രമുഖർ ഉൾപ്പെട്ട പട്ടികയിൽ 12-ാം സ്ഥാനത്താണ് സിസ്റ്റർ. 1997ൽ പൂനയിൽ സ്ഥാപിച്ച ‘മാഹേർ’ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2000ൽപ്പരം അശരണർക്ക് അഭയം നൽകുന്ന പ്രസ്ഥാനമാണ്.
‘ഊം’ മാസിക ഇത് അഞ്ചാം തവണാണ് ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ആളുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. മറ്റു വർഷങ്ങളിലേതിനേക്കാൾ 2020 വ്യത്യസ്തമായിരുന്നുവെന്നും ഈ പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തെ സ്വാധീനിച്ച വ്യക്തികളെയാണ് മാസിക തിരഞ്ഞെടുത്തത്. ലോകത്തിന് പുതിയ പ്രതീക്ഷ നൽകിയ ജർമൻ ശാസ്ത്രജ്ഞനും കോവിഡ് 19 വാക്‌സിൻ വികസിപ്പിച്ചെടുത്ത വ്യക്തിയുമായ ഉഗുർ സാഹിനാണ് ഒന്നാം സ്ഥാനത്ത്. തന്റെ സഹായ സംഘടനയായ മഹേറിനൊപ്പം ആയിരക്കണക്കിന് കുട്ടികളെ തെരുവിൽനിന്ന് കരകയറ്റിയ സിസ്റ്റർ ലൂസി കുര്യനെ ആധുനിക ലോകത്തിന്റെ നായികയായാണ് പട്ടിക ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കോവിഡ് കാലത്തെ സിസ്റ്ററിന്റെ പ്രവർത്തനങ്ങളാണ് ഈ പട്ടികയിൽ ഇടം നേടാൻ കാരണമായത്. ലോക് ഡൗൺ സമയത്ത് 25,000ൽപ്പരം അതിഥി തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കാനും ഇവരുടെ സ്ഥാപനത്തിന് ചുറ്റുമുള്ള പാവങ്ങളായ 600ൽപ്പരം പേർക്ക് ദിവസേന ഭക്ഷണം നൽകാനും സിസ്റ്ററിനും സംഘത്തിനും കഴിഞ്ഞു. കൂടാതെ, 21 ഗ്രാമങ്ങളിലെ നാലായിരത്തിൽപ്പരം ജനങ്ങളിലേക്ക് സഹായങ്ങൾ എത്തിച്ചു. അതോടൊപ്പം പാവപ്പെട്ട കുടുംബങ്ങൾക്ക് അണുനാശിനികളും മാസും മറ്റും ലഭ്യമാക്കുകയും ചെയ്തു.
കണ്ണൂർ കോളയാട് വകചാലിൽ കുര്യൻ- മറിയക്കുട്ടി ദമ്പതികളുടെ മകളായി 1955 സെപ്റ്റംബർ 10നാണ് ജനനം. 1977ൽ ഹോളിക്രോസ് സന്യാസിനി സഭയിൽ ചേർന്നു. 1980ൽ വ്രതവാഗ്ദാനം നടത്തി. വിവിധ ചൂഷണങ്ങൾക്ക് ഇരയായ സ്ത്രീകളെ സഹായിക്കാൻ ഹോളി ക്രോസ് കോൺവെന്റിലെ സിസ്റ്റർ നോയിലിൻ പിന്റോ സ്ഥാപിച്ച ‘ഹോപ്’ എന്ന സംഘടനയുമായി ചേർന്നി പ്രവർത്തിച്ച സിസ്റ്റർ 1997ലാണ് ‘മാഹേറി’ന് രൂപം നൽകിയത്. ജാതിമതകക്ഷിരാഷ്ട്രീയ ചിന്തകൾക്കതീതമായ സർവമത സ്‌നേഹസേവന സംരംഭമാണ് ‘മാഹേർ’. ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ‘നാരി ശക്തി പുരസ്‌കാര’ത്തിന് 2016ൽ അർഹയായത് സിസ്റ്റർ ലൂസി കുര്യനായിരുന്നു.
Comments