Foto

പരിസ്ഥിതിക്കു വേണ്ടി ത്യാഗം അനുഷ്ഠിക്കാന്‍ സംയുക്ത ശ്രമം ആവശ്യം: മാര്‍പ്പാപ്പ

പരിസ്ഥിതിക്കു  വേണ്ടി ത്യാഗം
അനുഷ്ഠിക്കാന്‍ സംയുക്ത
ശ്രമം ആവശ്യം: മാര്‍പ്പാപ്പ


'ഭൂമിയുടെ നിലവിളി കേള്‍ക്കാന്‍' ലോക ജനത തയ്യാറാകണമെന്ന് എക്യുമെനിക്കല്‍ സന്ദേശം

മാനവരാശിയുടെ സുസ്ഥിതിക്കും നിലനില്‍പ്പിനുമായി 'ഭൂമിയുടെ നിലവിളി കേള്‍ക്കാന്‍' ലോക ജനത തയ്യാറാകണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ ലോകത്തിലെ മൂന്ന് പ്രധാന ക്രിസ്തീയ സഭാ നേതാക്കള്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ തടയുന്നതിനു വേണ്ടി ത്യാഗങ്ങളോടെ പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണമെന്ന് അഭൂതപൂര്‍വമായ സംയുക്ത സന്ദേശത്തിലൂടെ ഇവര്‍ അഭ്യര്‍ത്ഥിച്ചു.

നവംബറില്‍ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ രചനാത്മകമായ നീക്കങ്ങള്‍ക്കു തുടക്കമിടാനുള്ള ധൈര്യം ലോക നേതാക്കള്‍ക്കുണ്ടാകാനും പ്രാര്‍ത്ഥിക്കണമെന്ന് 'സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ഒരു സംയുക്ത സന്ദേശം' എന്ന തലക്കെട്ടിലുള്ള സംയുക്ത രേഖയിലൂടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും ഓര്‍ത്തഡോക്സ് എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയും ആവശ്യപ്പെട്ടു.തങ്ങളുടെ വിശ്വാസവും ലോകവീക്ഷണവും പല വിധത്തിലായിരുന്നാലും ഭൂമിയുടെയും പാവപ്പെട്ടവരുടെയും നിലവിളി കേള്‍ക്കാന്‍ ഏവരും തയ്യാറാകണം.ദൈവം നമുക്ക് നല്‍കിയ ഭൂമിക്കു വേണ്ടി അതിനനുസൃതമായി അര്‍ത്ഥവത്തായ ത്യാഗങ്ങള്‍ക്കു വഴങ്ങണം.അതിനുള്ള പ്രതിജ്ഞയെടുക്കാന്‍ ഏവരും സന്നദ്ധരാകണമെന്ന് ക്രിസ്തീയ സഭാ മേലധ്യക്ഷന്മാര്‍ അഭ്യര്‍ത്ഥിച്ചു.

പാരിസ്ഥിതിക സുസ്ഥിരതയുടെ അടിയന്തിര പ്രാധാന്യവും വ്യാപകമായുള്ള ദാരിദ്ര്യത്തില്‍ അതിന്റെ സ്വാധീനവും ആഗോള സഹകരണത്തിന്റെ അനിവാര്യതയും തമ്മിലുള്ള ബന്ധം മുന്‍നിര്‍ത്തി സംയുക്ത അഭിസംബോധനയ്ക്ക് തങ്ങള്‍ മൂവരും നിര്‍ബന്ധിതരാകുന്നത് ഇതാദ്യമാണെന്ന് സന്ദേശത്തില്‍ പറയുന്നു.നീതിയുക്തവും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിനു വഴി തെളിക്കുകയാണാവശ്യം.ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടായിരിക്കണം ലാഭത്തിന്റെ തിരഞ്ഞെടുപ്പ്. ലോകത്തിന്റെ ഭാവി സംരക്ഷിക്കാന്‍ ഹ്രസ്വകാല ത്യാഗങ്ങളെങ്കിലും ഉണ്ടാകണം.

പരിസ്ഥിതി സംരക്ഷണത്തിനായി വളരെ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും ഓര്‍ത്തഡോക്സ് എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയും. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പോലുള്ള മനുഷ്യ പ്രവര്‍ത്തനങ്ങളാല്‍ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സംഭവിക്കുന്നതിലുള്ള ഉത്ക്കണ്ഠ തുടര്‍ച്ചയായി രേഖപ്പെടുത്തിവരുന്നു മൂവരും.'നമ്മള്‍ ഒരു കടുത്ത അനീതിയുടെ മുന്നിലാണു നില്‍ക്കുന്നത്. ജൈവവൈവിധ്യ നഷ്ടം, പാരിസ്ഥിതിക തകര്‍ച്ച, കാലാവസ്ഥാ വ്യതിയാനം എന്നിവ നമ്മുടെ പ്രവര്‍ത്തനങ്ങളുടെ അനിവാര്യമായ അനന്തരഫലങ്ങളാണ്. ഭൂമിയുടെ വിഭവങ്ങള്‍ അത്യാഗ്രഹത്തോടെ അമിതമായി ഉപയോഗിച്ചതാണ് കാരണം' -എക്യുമെനിക്കല്‍ സന്ദേശത്തില്‍ പറയുന്നു.

ബാബു കദളിക്കാട്

Comments

leave a reply

Related News