Foto

അച്ഛന്‍മാര്‍  റോള്‍ മോഡലുകളാകണം

അഡ്വ. ചാര്‍ളിപോള്‍ 

ജൂണ്‍ 18- ലോകപിതൃദിനമാണ്.

നമ്മെ  വളര്‍ത്തി വലുതാക്കാനായി രാപ്പകല്‍ കഷ്ടപ്പെട്ട് നമുക്കു വേണ്ടി നിരവധി ത്യാഗങ്ങള്‍ ചെയ്ത അച്ഛന്‍മാരെ ആദരിക്കാനാണ് ഈദിനം. അവരെ ആദരിക്കുന്ന തോടൊപ്പം പിതൃബന്ധത്തെയും സമൂഹത്തില്‍ പിതാക്കന്മാരുടെ സ്വാധീനത്തെയും ബഹുമാനിക്കുന്ന ആഘോഷം കൂടിയാണ് പിതൃദിനം. ആംഗലേയ കവിയും വാഗ്മിയുമായ ജോര്‍ജ് ഹെര്‍ബര്‍ട്ട് പറയുന്നു; 'നൂറിലേറെ അധ്യാപകര്‍ക്ക് സമമാണ് ഒരു പിതാവ്'. ഏതൊരു കുട്ടിയുടെയും ജീവിതത്തില്‍ അവരുടെ ആദ്യത്തെ റോള്‍മോഡല്‍, ഗൈഡ്, സൂപ്പര്‍ ഹീറോ, സുഹൃത്ത്, അംഗരക്ഷകന്‍ എന്നിവയെല്ലാമാണ് പിതാവ്. ജീവിതത്തിന്റെ ശരിയായ മൂല്യം പഠിപ്പിക്കുകയും കഷ്ടതകളില്‍ തളരുമ്പോള്‍ കൈത്താങ്ങാവു കയും വീണ്ടും പോരാടാനുള്ള ശക്തി നല്‍കുകയും ചെയ്യുന്നവരാണവര്‍. മക്കള്‍ക്ക് വേണ്ടി പിതാക്കന്മാര്‍ ചെയ്യുന്ന ത്യാഗം ഒരിക്കലും വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നതല്ല. 

രക്ഷാകര്‍തൃബന്ധങ്ങള്‍ക്ക് പിതൃദിനം ദൃഢമേകുന്നു.

ഓരോ കുടുംബത്തിലും അച്ഛനുള്ള അംഗീ കാരത്തെയും അച്ഛന്‍ നല്‍കുന്ന സംഭാവനകളെയും ആദരിക്കാനാണ് പിതൃദിനം ആചരിക്കുന്നത്. കുടുംബത്തിനായ് കഷ്ടപ്പെടുന്ന അച്ഛനെ ബഹുമാനിക്കാന്‍ കുട്ടികളെ പഠിപ്പിക്കാം. അമ്മയെന്ന സത്യ ത്തിനോടൊപ്പം തന്നെ നില്‍ക്കുന്ന ഒന്നാണ് അച്ഛനെന്ന സത്യവും. ഒരു ആയുസ് മുഴുവന്‍ കഷ്ടപ്പെട്ടാലും അമ്മയുടെ നിഴലില്‍ മാഞ്ഞുപോകുന്നവരാണ് പല അച്ഛന്മാരും. അച്ഛന്‍ സ്‌നേഹവും സാന്ത്വനവുമാണ്, കൂട്ടും കുടയുമാണ്. അമ്മയോളം അടുപ്പം കാട്ടാനായില്ലെങ്കിലും അച്ഛന്‍ നമുക്കെല്ലാമാണ്. ഭാവിയെ നിര്‍ണയിക്കുന്ന ഭാഗധേയം. പുലര്‍ത്താനും വളര്‍ത്താനും കെല്‍പ്പും കഴിവുമുള്ളവന്‍. ആ സ്‌നേഹത്തെ ഓര്‍മയിലാനയിക്കാന്‍ ഒരു ദിനം. അതാണ് പിതൃദിനം. 

ജൂണ്‍ മൂന്നാം ഞായറാഴ്ചയാണ് പിതൃദിനമായി ഇന്ത്യയടക്കം ലോകത്തെ വിവിധരാജ്യങ്ങളില്‍ ആഘോഷിക്കുന്നത്. അമേരിക്കയിലാണ് 'ഫാദേഴ്‌സ് ഡേ' എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്. 1909 ല്‍ ഒരു മാതൃദിന സങ്കീര്‍ത്തനം ശ്രവിക്കുമ്പോഴാണ് പിതൃദിനത്തെക്കുറിച്ചുള്ള ആശയം വാഷിംഗ്ടണിലെ സൊനോര സ്മാര്‍ട്ട് ഡോഡിന്റെ ഉള്ളില്‍ മിന്നിയത്. തന്റെ അച്ഛനെ ആദരിക്കാന്‍ ഒരു പ്രത്യേക ദിനത്തി ന്റെ ആവശ്യമുണ്ടെന്ന് അവള്‍ ചിന്തിച്ചു. ആറാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിനിടയില്‍ അവളുടെ അമ്മ മരണമടഞ്ഞു. പിന്നീട് ആറ് മക്കളെയും വളര്‍ത്തി വലുതാക്കിയത് അച്ഛനായിരുന്നു.അച്ഛന്‍ വില്യം ജാക്‌സണ്‍ സ്മാര്‍ട്ട് നല്ലവണ്ണം കുട്ടികളെ പരിപാലിച്ചു. മാതൃദിനത്തിന്റെ സ്ഥാപകയായ അന്നാ ജാര്‍വിസിന്റെ ആശയങ്ങളില്‍ ആകൃഷ്ടയായ സൊനോറ അച്ഛന്‍മാരെ ആദരിക്കണമെന്ന ആശയവുമായി മുന്നിട്ടിറങ്ങി. വളരെ ത്യഗങ്ങള്‍ സഹിക്കുന്ന അച്ഛന്‍മാര്‍  സമൂഹത്തിലുണ്ടെന്നും അവര്‍ ആദരിക്കപ്പെട ണമെന്നും സൊനോറ ഉറച്ചു വിശ്വസിച്ചു. അവളുടെ പരിശ്രമങ്ങളുടെ ഫലമായി അമേരിക്കന്‍ പ്രസിഡന്റാ യിരുന്ന വുഡ്രോ വില്‍സണ്‍ 1913 ല്‍ ഈ വിശേഷദിവസത്തിന് ഔദ്യോഗികമായി അനുമതിനല്‍കി. അതിനുശേഷം 1972 ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ്  നിക്‌സണ്‍ പിതൃദിനം ആഘോഷിക്കാനായി ജൂണിലെ മൂന്നാമത്തെ ഞായര്‍ തെരഞ്ഞെടുത്തു. ഇന്ന് ലോകമെമ്പാടും ഈ ദിനം ആഘോഷിച്ചുവരുന്നു. 

ഒരു കുട്ടിയുടെ ജനനം മുതല്‍ അവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും അമ്മയുടെ പങ്ക് എത്രത്തോളം ഉണ്ടോ അതുപോലെ തന്നെയാണ് അച്ഛനുള്ള പങ്കും. മാതൃദിനം വളരെ കാര്യമായി ആഘോഷിക്കപ്പെടുമ്പോള്‍ പിതൃദിനം മന:പ്പൂര്‍വമോ അല്ലാതെയോ പലരും വിസ്മരിക്കാറുണ്ട്. അച്ഛന്‍ മാരുടെ ത്യാഗത്തെ ആദരിക്കാനും പരിചരിക്കാനും ഈ ദിനം പ്രയോജനപ്പെടുത്തണം. വ്യക്തിബന്ധ ങ്ങള്‍ക്ക് വില കല്പിക്കാത്ത ഇന്നത്തെ സമൂഹത്തില്‍ അച്ഛന്‍മാര്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ട്. സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനകണ്ണിയായ കുടുംബത്തിലെ ബന്ധങ്ങളുടെ ഇഴയടുപ്പത്തില്‍  അച്ഛന്‍ നിറവേറ്റുന്ന കര്‍ത്തവ്യങ്ങളുടെ നിര്‍വഹണം മക്കള്‍ക്ക് മാതൃകയാവണം. മക്കള്‍ ആരാകണമെന്ന് നാം ആഗ്രഹിക്കുന്നുവോ അതുപോലെ ജീവിച്ചുകാണിക്കുവാന്‍ അച്ഛന്‍മാര്‍ക്ക് സാധിക്കണം. അതൊരു വെല്ലുവിളിയാണ്. റോള്‍ മോഡലാകാനുള്ള വെല്ലുവിളി. പക്ഷെ ആ ദൗത്യം മാതൃകാപരമായി നിര്‍വഹിക്കുമ്പോഴാണ്   പിതൃദിനം അര്‍ത്ഥവത്താകുന്നത്. 

പിതാക്കന്‍മാര്‍ക്ക് ആശംസകള്‍ നേരാം. സമ്മാനങ്ങള്‍ നല്‍കാം. പൂക്കള്‍ സമ്മാനിക്കാം. അവരോ ടൊപ്പം സമയം ചെലവഴിക്കാം. മനസ്സ് തുറക്കാം, സ്‌നേഹിക്കാം, ത്യാഗങ്ങള്‍ക്ക് നന്ദിപറയാം. നല്ല സാക്ഷ്യ ജീവിതം വഴി അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാം. അവര്‍ നല്‍കിയ നന്മകളും സ്‌നേഹവും കരുതലും സഹാനുഭൂതിയും വാര്‍ദ്ധക്യത്തില്‍ തിരികെ നല്‍കി ഉത്തരവാദിത്വം നിറവേറ്റാം. 

 

-------------------------------------------------------------------------

Adv.Charly Paul, Kalamparambil, Chakkumgal Road, CRA-128, Palarivattom P.O., Kochi-682 025, 

9847034600, 8075789768, E-mail : advcharlypaul@gmail.com

 

Comments

leave a reply

Related News