അടിയന്തരാവസ്ഥയുടെ ഓർമ്മകൾ പുതുക്കി തമ്പാൻ തോമസും ലോറൻസും
അടിയന്തരാവസ്ഥയുടെ പീഢനങ്ങൾ ഓർമ്മിച്ചു അക്കാലത്ത് തടവിലാക്കപ്പെട്ട അഡ്വ തമ്പാൻ തോമസും എം എം ലോറൻസും. അടിയന്തരാവസ്ഥയുടെ 47-ാം വാർഷികത്തിൽ തമ്പാൻ തോമസ് ഫൗണ്ടേഷൻ എറണാകുളത്ത് ജയിൽവാസം അനുഭവിച്ചവരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. അനാരോഗ്യം മൂലം ഈ സംഗമത്തിൽ പങ്കെടുക്കാനാവാതെ മകന്റെ വീട്ടിൽ വിശ്രമിക്കുന്ന എം എം ലോറൻസിനെ അഡ്വ തമ്പാൻ തോമസ് സന്ദർശിച്ച് അഭിവാദനം ചെയ്തു. ജയിലിലെ വിശേഷങ്ങളും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ഇരുവരും പങ്കുവച്ചു. അന്ന് പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നെങ്കിൽ ഇന്ന് അപ്രഖ്യാപിതമായി അത് നിലനില്ക്കുകയാണ്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇരുവരും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയിൽ ജയിലിലടയ്ക്കപ്പെട്ട അലി അക്ബർ, തമ്പാൻ തോമസ് ഫൗണ്ടേഷൻ ഭാരവാഹികളായ ടോമി മാത്യു, ജോസഫ് ജൂഡ്, ലോറൻസിന്റെ മകൻ അഡ്വ സജി, അഡ്വ ജോയി എന്നിവരും സന്നിഹിതരായിരുന്നു.
47 വർഷങ്ങൾക്ക് മുൻപ് ഇന്ദിരാ ഗാന്ധിയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്കുന്ന മൗലീകാവകാശങ്ങൾ മരവിപ്പിക്കപ്പെട്ടു. സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം ജയിലിലടയ്ക്കപ്പെട്ടു. തമ്പാൻ തോമസും എം എം ലോറൻസും 18 മാസക്കാലം വിയ്യൂർ സെൻറർ ജെയിലിലാണ് തുറുങ്കിലടക്കപ്പെട്ടിരുന്നത്.

Comments