ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ ചിത്രത്തില്‍ കടല്‍ത്തീരത്തു മരിച്ചുകിടന്നിരുന്ന
ഐലനെ പ്രതി കണ്ണീരൊഴുക്കുന്ന പിതാവിനെ ഇറാഖ് യാത്രയില്‍ സമാശ്വസിപ്പിച്ചു
ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിജയകരമായി പൂര്‍ത്തിയാക്കിയ ഇറാഖ് പര്യടനത്തിലെ ഏറ്റവും ഹൃദയാവര്‍ജകവും വികാര നിര്‍ഭരവുമായ രംഗമായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു, അബ്ദുല്ല കുര്‍ദിക്ക് നേരിട്ടു സാന്ത്വനം പകര്‍ന്ന കൂടിക്കാഴ്ച. തീവ്രതയേറിയ വിപരീത സാഹചര്യങ്ങളെ തൃണവല്‍ഗണിച്ച ഐതിഹാസിക യാത്രയിലുടനീളം തുടിച്ചു നിന്നത് സത്യവിശ്വാസത്തില്‍ മുറുകെ പിടിക്കാന്‍ പീഡനമേല്‍ക്കുന്നവരോടുള്ള മാര്‍പാപ്പായുടെ ഐക്യദാര്‍ഢ്യമായിരുന്നെങ്കിലും ജീവിതം വഴി മുട്ടി അഭയാര്‍ഥികളായി മാറുന്നവരെ പ്രതിയുള്ള ഉത്ക്കണ്ഠയും വേദനയും പ്രകടമായി ഐലന്‍ കുര്‍ദിയുടെ പിതാവിന്റെ കണ്ണീരൊപ്പിയ സ്‌നേഹ വചസുകളില്‍.
ഇറാഖിലെ എര്‍ബിലില്‍ മാര്‍പ്പാപ്പ സന്നിഹിതനായ സ്റ്റേഡിയത്തില്‍ കാണികളായിരുന്ന ആയിരക്കണക്കിന് ആളുകളില്‍ ഒരാളായിരുന്നു അബ്ദുല്ല കുര്‍ദി;ആറു വര്‍ഷം മുമ്പ്് ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ ചിത്രത്തില്‍ കടല്‍ത്തീരത്തു മരിച്ചുകിടന്നിരുന്ന ഐലനെ പ്രതി ഇന്നും കണ്ണീര്‍ വാര്‍ക്കുന്ന പിതാവ്. കടലിനെയും കരയിച്ച ആ ചിത്രം വീണ്ടും ചരിത്രത്തില്‍ അവിചാരിത പരാമര്‍ശം നേടിയിരിക്കുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇറാഖ് പര്യടനത്തിലൂടെ.വത്തിക്കാന്‍ പ്രസ് ഓഫീസില്‍ നിന്നുള്ള പ്രസ്താവന പ്രകാരം, എര്‍ബിലില്‍ മാര്‍പ്പാപ്പ അബ്ദുല്ല കുര്‍ദിയോടൊപ്പം വളരെ സമയം ചെലവഴിച്ചു. കുടുംബത്തെ നഷ്ടപ്പെട്ട പിതാവിന്റെ വേദന പരിഭാഷകന്റെ സഹായത്തോടെ മനസിലാക്കി. ആ അഗാധ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു. മനുഷ്യന്റെ കഷ്ടതയില്‍ കര്‍ത്താവിന്റെ സാന്നിധ്യം മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു.
2015 സെപ്റ്റംബര്‍ 2 ന് പുലര്‍ച്ചെ തുര്‍ക്കിയിലെ ബ്രോഡം തീരത്ത് മണല്‍ത്തരികളെ മുത്തമിട്ട് ഒരു കുഞ്ഞു കിടന്നിരുന്നു. അവനെ ആദ്യമായി കണ്ട മെഹ്മദ് സിപ്ലക് എന്ന പൊലീസുകാരന്‍, ജീവനുണ്ടാകണേ എന്ന പ്രാര്‍ത്ഥനയോടെ ഓടിച്ചെന്നു. പതിയെ ആ 3 വയസ്സുകാരന്റെ കുഞ്ഞു ശരീരം വാരിയെടുത്തു. ചേതനയറ്റ ശരീരമാണെന്നറിഞ്ഞതോടെ ആ പോലീസുകാരന്റെ ഹൃദയം തകര്‍ന്നുപോയ നിമിഷങ്ങളായിരുന്നു പിന്നീടു കടന്നുപോയത്. നിലൂഫര്‍ ഡെമിര്‍ എന്ന 29 കാരി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ അത് ക്യാമറയില്‍ പകര്‍ത്തി. ലോകത്തിലെ മുഴുവന്‍ മാധ്യമങ്ങളിലും ആ ചിത്രം ഇടം നേടി.
ആ ചിത്രം കണ്ട ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഐലന്‍ കുര്‍ദി എന്നു പേരുള്ള ആ കുഞ്ഞിനുവേണ്ടി വേണ്ടി കണ്ണീര്‍ പൊഴിച്ചു. അഭയാര്‍ത്ഥികളാകുന്ന ഒരു ജനതയുടെ കഷ്ടപ്പാടും ജീവിതവും കൃത്യമായി വരച്ചു കാട്ടിയ ചിത്രം കാണാനാകാതെ കണ്ണ് പൊത്തി പലരും. മൂന്നു വര്‍ഷമായി തുര്‍ക്കിയില്‍ താമസിച്ചിരുന്ന കുര്‍ദി കുടുംബം ആഭ്യന്തരയുദ്ധത്തില്‍ നിന്ന് രക്ഷനേടുന്നതിനായി ഗ്രീസിലേക്ക് പോകുന്നതിനിടെയാണ് കടലില്‍ അപകടമുണ്ടായത്. ശക്തമായ തിരമാലകള്‍ കാരണം ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് ഇളകി മുങ്ങി. 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അബ്ദുല്ല കുര്‍ദിയുടെ ഭാര്യയും രണ്ട് കുട്ടികളുമടക്കം നിരവധി പേര്‍ അപകടത്തിന്റെ ഇരകളായി. മൂന്നു വയസുകാരന്‍ ഐലന്‍ കുര്‍ദി, അഞ്ചു വയസുകാരന്‍ ഗാലിപ്, അവരുടെ മാതാവ് റെഹാന്‍ എന്നിവരുള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്.എര്‍ബിലില്‍ സാമൂഹിക സേവനത്തില്‍ മുഴുകിയിരിക്കുകയാണിപ്പോള്‍ അബ്ദുല്ല കുര്‍ദി.
ബാബു കദളിക്കാട്
Comments