Foto

ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹര്‍ജി വിധി 15 ലേക്കു മാറ്റി, എന്‍.ഐ.എ തന്ത്രം വീണ്ടും

പുതിയ ചില തെളിവുകള്‍ രേഖാമൂലം സമര്‍പ്പിക്കാനുണ്ടെന്ന് എന്‍ ഐ എ അഭിഭാഷകന്‍


മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് നാലര മാസത്തിലേറെയായി മുംബൈ തലോജ സെന്‍ട്രല്‍ ജയിലില്‍ നരകിച്ചുകഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷയില്‍ ഇന്നു വിധി പറയാന്‍ പ്രത്യേക  കോടതി തുനിഞ്ഞപ്പോള്‍ വീണ്ടും തന്ത്രമിറക്കി എന്‍ ഐ എ. പുതിയ ചില തെളിവുകള്‍ രേഖാമൂലം സമര്‍പ്പിക്കാനുണ്ടെന്ന് എന്‍ ഐ എ അഭിഭാഷകന്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് നാലു ദിവസം സമയം സെഷന്‍സ് കോടതി അനുവദിച്ചു. 15 ലേക്കാണ് ഹര്‍ജി മാറ്റിയിരിക്കുന്നത്.

ഇതേ കേസില്‍ അറസ്റ്റിലായിരുന്ന 80 കാരനായ വരവര റാവുവിന് ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതും കംപ്യൂട്ടര്‍ ഹാക്കിംഗ് സംബന്ധിച്ച് എന്‍ ഐ എ ക്കെതിരെ പുതിയ സൂചനകള്‍ വന്നതും ഉള്‍പ്പെടെയുള്ള പുതിയ സാഹചര്യങ്ങളില്‍ തികഞ്ഞ ആത്മവിശ്യാസത്തിലാണ് വയോധികനും പാര്‍ക്കിണ്‍സണ്‍സ് രോഗ ബാധിതനുമായ 83 വയസുള്ള ഫാ. സ്റ്റാന്‍ സ്വാമിയുടെ സുഹദ് വൃന്ദം. റാഞ്ചിയിലെ ആദിവാസി സമൂഹങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹത്തിനായി പ്രാര്‍ത്ഥനയിലാണ്.
 
ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷയില്‍ മാര്‍ച്ച് രണ്ടിനു വിധി പറയാനുള്ള  കോടതിയുടെ നീക്കത്തിനും എന്‍ ഐ എ തടയിട്ടിരുന്നു. 'ദൃഢതയുള്ള'  ചില തെളിവുകള്‍ കൂടി അദ്ദേഹത്തിനെതിരെ ഹാജരാക്കാനുണ്ടെന്ന് എന്‍.ഐ.എ യുടെ അഭിഭാഷകനായ പ്രകാശ് ഷെട്ടി അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് അന്നു മാറ്റിയത്.ഇതു വരെ എന്‍.ഐ.എ ചൂണ്ടിക്കാട്ടിയ ഗൂഢാലോചനാ വാദം  കംപ്യൂട്ടര്‍ ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ ദുര്‍ബലമായിരുന്നു.

തെലുങ്ക് കവിയായ വരവര റാവുവിന്റെ  ജാമ്യാപേക്ഷ പരിഗണിക്കവേ  ആരോഗ്യപരമായ കാര്യങ്ങളില്‍ ചില മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ജയിലിലേക്ക് തിരികെ അയയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ ഭീമ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന റാവു ജയില്‍ മോചിതനായി. മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റാവു.

മോശം ആരോഗ്യാവസ്ഥ പരിഗണിച്ച് ആറ് മാസത്തേക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിയില്ലെങ്കില്‍ ഭരണഘടന ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാകുമെന്ന് കോടതി നിരീക്ഷിച്ചു.കേസിന്റെ വിചാരണ പോലും തുടങ്ങിയിട്ടുമില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പല തവണ വരവര റാവുവിന്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു.365 ദിവസത്തില്‍ 149 ദിവസവും വരവരറാവു ആശുപത്രിയിലായിരുന്നെന്നും, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള റാവുവിനെ തലോജ ജയിലില്‍ നിന്ന് മാറ്റി, ഹൈദരാബാദിലെ വീട്ടില്‍ കഴിയാന്‍ അനുവദിക്കണമെന്നും റാവുവിന് വേണ്ടി ഹാജരായ ഇന്ദിരാ ജയ്‌സിംഗ് വാദിച്ചു.

2017 ഡിസംബര്‍ 31-ന് പുനെയില്‍ നടന്ന എല്‍ഗാര്‍ പരിഷദ് എന്ന സംവാദപരിപാടിയില്‍ നടന്ന പ്രകോപനപരമായ പ്രസംഗങ്ങളാണ് പിറ്റേന്ന് ഭിമ- കൊറേഗാവ് യുദ്ധസ്മാരകത്തിന് സമീപത്തുണ്ടായ അക്രമസംഭവങ്ങള്‍ക്ക് വഴിവച്ചതെന്ന കേസിലാണ് വരവരറാവു അറസ്റ്റിലാവുന്നത്.'വീരസം' എന്ന, വിപ്ലവാഭിമുഖ്യമുള്ള എഴുത്തുകാരുടെ സംഘടനയുടെ തലപ്പത്തുള്ള വരവരറാവുവിന് അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ നിര്‍ണായകപങ്കുണ്ടെന്ന് എന്‍ഐഎ ആരോപിക്കുന്നു.

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ താനടക്കമുള്ളവരുടെ കംപ്യൂട്ടറുകളിലുണ്ടായ സൈബര്‍ നുഴഞ്ഞുകയറ്റത്തെക്കുറിച്ച്  അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് എന്‍.ഐ.എ തടവിലാക്കിയ മലയാളിയായ റോണ വില്‍സന്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ 16 പേര്‍ക്കുമെതിരെയുള്ള തുടര്‍നടപടി തടയണമെന്നും അപേക്ഷയിലുണ്ട്. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച, ഡിജിറ്റല്‍ ഫൊറന്‍സിക് വിശകലനത്തില്‍ വൈദഗ്ധ്യമുള്ള ജഡ്ജിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് അപേക്ഷയില്‍ പറയുന്നു.

അതേസമയം, ഫാ. സ്റ്റാന്‍ സ്വാമിക്കു കൂടി ജാമ്യം അനുവദിക്കപ്പെട്ടാല്‍ മൊത്തം കേസ് ദുര്‍ബലമായി വലിയ തിരിച്ചടി തങ്ങള്‍ക്കുണ്ടാകാനുള്ള  സാധ്യതകള്‍ മുന്‍കൂട്ടി കാണുന്നുണ്ട്  എന്‍ ഐ എ. അതുകൊണ്ടു തന്നെ എന്‍ ഐ എയുടെ പുതിയ നീക്കങ്ങളെച്ചൊല്ലി ഫാ. സ്റ്റാന്‍ സ്വാമിക്കു നിയമ സഹായം നല്‍കി വരുന്നവര്‍ക്കിടയില്‍ അധിക ഉത്ക്കണ്ഠ ജനിച്ചിട്ടുള്ളതായാണു സൂചന.
 
വരവര റാവു, ഫാ. സ്റ്റാന്‍ സ്വാമി തുടങ്ങിയവരുടെ കാര്യത്തിലെന്നതുപോലെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) വല്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള ആശങ്ക മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലെ  സോഷ്യോളജിസ്റ്റ് പ്രൊഫസര്‍ കൂടിയായ ജെസ്യൂട്ട് സഭാംഗം ഫാ. ഫ്രേസര്‍ മസ്‌കരീനാസ് പങ്കുവച്ചിരുന്നു. 'വ്യാപകമായ അക്രമങ്ങളുടെ അടിയന്തിര സമയങ്ങളിലേക്കുള്ള ഈ നിയമം നേരത്തെ സംഘടനകള്‍ക്ക് മാത്രമായിരുന്നു ബാധകം. വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിനായി എന്‍ഡിഎ സര്‍ക്കാര്‍ പിന്നീട് നിയമത്തില്‍ ഭേദഗതി വരുത്തി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, കവികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെയും ഇത് വന്‍ തോതില്‍ ഉപയോഗിക്കുന്നു. യുഎപിഎ ചുമത്തിയതിനാല്‍ ഫാ സ്റ്റാന് ഇതുവരെ ജാമ്യം നിഷേധിച്ചതില്‍ അതിശയിക്കാനില്ല' -ഫാ. ഫ്രേസര്‍ മസ്‌കരീനാസ് ചൂണ്ടിക്കാട്ടി.

'ജനാധിപത്യ വിയോജിപ്പുകള്‍ സഹിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരിന് അത്തരമൊരു നിയമം എളുപ്പത്തില്‍ ദുരുപയോഗം ചെയ്യാന്‍ കഴിയും.അതിനാല്‍ തന്നെ ഈ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സിവില്‍ സമൂഹങ്ങളും ഒത്തുചേരേണ്ടതുണ്ട്. യുഎപിഎ കലര്‍ത്തിയ ആരോപണം തന്നെ ബന്ധപ്പെട്ട വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള ശിക്ഷയായി മാറുന്നു. വിവേകരാഹിത്യവും മനുഷ്യാവകാശ ധ്വംസനവും മുഖമുദ്രയായുള്ള ജയില്‍ ഭരണ സംവിധാനത്തിലാകട്ടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി മാറുന്നു. നമ്മുടെ രാജ്യം മുങ്ങി നില്‍ക്കുന്ന അധഃപതനത്തിന്റെ ആഴം ചെറുതല്ല. എങ്കിലും തിരിച്ചുവരവ് വൈകിയിട്ടില്ല. നിലവില്‍ കര്‍ഷകരാണ് അതിനു വഴി തെളിച്ചിരിക്കുന്നത്.'

റോണ വില്‍സന്റെ കംപ്യൂട്ടറില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി കൃത്രിമ രേഖകള്‍ സ്ഥാപിച്ചെന്ന് യുഎസിലെ ഫൊറന്‍സിക് സ്ഥാപനം കണ്ടെത്തിയതിനു പിന്നാലെ, തന്റെ ലാപ്‌ടോപ്പില്‍ കൃത്രിമ രേഖകള്‍ തിരുകിക്കയറ്റിയതിനെക്കുറിച്ച് ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിനു മുന്‍പു തന്നെ ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) അറിയിച്ചിരുന്നതായുള്ള വെളിപ്പെടുത്തല്‍ ഈയിടെ പുറ്ത്തുവന്നതും ജാമ്യാപേക്ഷയ്ക്കു ബലമേകുമെന്ന് അഭിഭാഷകര്‍ കരുതുന്നു. ഫാ. സ്റ്റാന്‍ സ്വാമിയും റോണ വില്‍സനെപ്പോലെ ഹാക്കിംഗ് കുരുക്കില്‍ അകപ്പെട്ടെന്ന നിഗമനമാണുള്ളത്.

ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെ ഊഹങ്ങള്‍ രേഖപ്പെടുത്തിയതിനപ്പുറമായി ഭൗതിക സ്വഭാവമുള്ള എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ ഐ എ ക്കു കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിനു വേണ്ടി ജാമ്യാപേക്ഷ നല്‍കിയ അഡ്വ. ഷരീഫ് ഷെയ്ക്ക് കോടതിയില്‍ ചൂണ്ടിക്കാട്ടി.അതേസമയം,
മാവോയിസ്റ്റ് ബന്ധം വ്യക്തമാണെന്നും തെളിവുള്‍ക്കൊള്ളുന്ന കമ്പൂട്ടര്‍ ഫയലുകളും മറ്റും ഫാ. സ്റ്റാന്‍ സ്വാമി നശിപ്പിച്ചെന്നുമുള്ള ദുര്‍ബല വാദമാണ് എന്‍ ഐ എ യുടെ അഭിഭാഷകനായ പ്രകാശ് ഷെട്ടി ആവര്‍ത്തിച്ചത്. നേരത്തെ ജാമ്യാപേക്ഷ തള്ളുന്നതിനു മുമ്പായുള്ള അദ്ദേഹത്തിന്റെ വാദവും ഇതു തന്നെയായിരുന്നു.  

അര്‍ബന്‍ നക്സലൈറ്റുകള്‍ എന്ന് മുദ്രകുത്തി സാമൂഹ്യപ്രവര്‍ത്തകരെയും അക്കാദമിസ്റ്റുകളെയുമെല്ലാം അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയുണ്ടായി. അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വക്താവ് ഇന്ത്യയിലെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തെ നിശബ്ദരാക്കുന്നതിന്റെ ഭാഗമാണ് അറസ്റ്റെന്നും യുഎന്‍ വിദഗ്ധര്‍ വിമര്‍ശിച്ചു.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റോണ വില്‍സണ്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റിലാകുന്നത് റോണ വില്‍സണ്‍ ആണ്. എല്‍ഗാര്‍ പരിഷത്ത് സംഗമവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണു ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ഒക്ടാബര്‍ 9 ന് അറസ്റ്റ് ചെയ്തത്. ഇതിനു വഴി തെളിച്ച് ലാപ്‌ടോപ്പില്‍ നിന്നെടുത്ത ചില ഫയലുകള്‍ തന്റേതല്ലെന്നും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ ചില കത്തുകളില്‍ പുതിയ വാചകങ്ങള്‍ ചേര്‍ത്തതായും മൂന്നു തവണ ഫാ. സ്റ്റാന്‍ സ്വാമി മൊഴി നല്‍കിയിരുന്നു. ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റ് ചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍നിന്ന് പൊലിസിന് കിട്ടിയ ചില മാവോയിസ്റ്റ് നേതാക്കളുടെ സംഭാഷണ ശകലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് എന്‍.ഐ എ കോടതിയെ അറിയിച്ചത്.

ഭീമ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവലഖ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എന്‍ഐഎയ്ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചുകഴിഞ്ഞു. ഈമാസം പതിനഞ്ചിന് മുന്‍പ് നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. 2017 ഡിസംബര്‍ 31ന് പുനെയില്‍ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് ഗൗതം  നവലഖക്കെതിരെയുള്ള കേസ്.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News