Foto

സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുത്ത സി.ഐയെ സ്ഥലം മാറ്റി

സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുത്ത സി.ഐയെ സ്ഥലം മാറ്റി

ഇടുക്കി: മുഖംനോക്കാതെ നടപടിയെടുത്തു എന്ന ഒറ്റ കാരണത്താല്‍ സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. 
പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദ്ദിച്ച കുറ്റത്തിന് സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടിയെടുത്ത കോതമംഗലം സിഐ ബേസില്‍ തോമസിനെയാണ് പാര്‍ട്ടി ഇടപെട്ട് സ്ഥലം മാറ്റിയിരിക്കുന്നത്.അക്രമികളും ഗുണ്ടകളുമായ രാഷ്ട്രീയക്കാരുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത സത്യസന്ധരും നീതിനിഷ്ഠരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള തരംതാണ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഇതാ പുതിയൊരദ്ധ്യായം കൂടി. പിണ്ടിമന ഗ്രാമ പഞ്ചായത്തിലേക്ക് ഒരുകൂട്ടം ഗുണ്ടാ സംഘം കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിയുമായി പൊതു നിരത്തിലൂടെ ജാഥയായി വന്ന് പഞ്ചായത്ത് സെക്രട്ടറിയെ തല്ലി ചതച്ച ദൃശ്യങ്ങള്‍ പലരും സമൂഹ മാധ്യമങ്ങളിലൂടെ കണ്ടതും പത്രങ്ങളില്‍ വായിച്ചതുമാണ്. ആ നിഷ്ഠൂര സംഭവത്തിനാണ് ഇപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി ബലിയാടായിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ മര്‍ദ്ദിച്ചതും അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും സിപിഎം ലോക്കല്‍ സെക്രട്ടറിയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട കോതമംഗലം സിഐ ബേസില്‍ തോമസ് ഒരു ഒത്തുതീര്‍പ്പിനും വഴങ്ങാതെ നടപടിയെടുക്കുകയുണ്ടായിരുന്നു. അതിന്റെ പ്രതികാരമായി ഇപ്പോള്‍ അദ്ദേഹത്തെ തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയിലേയ്ക്ക് സ്ഥലം മാറ്റിയിരിക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങള്‍ കൂടാതെ സത്യമേവ ജയതേ എന്ന ആദര്‍ശവുമായി നാടിന്റെ കാവലാകാനും, നാട്ടുകാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനും കര്‍മ്മനിരതരാകുന്ന സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാണ് ഈ സംഭവം. കുറ്റകൃത്യങ്ങളിലെയും അക്രമപ്രവര്‍ത്തനങ്ങളിലെയും ശരിതെറ്റുകള്‍ ആപേക്ഷികമാണെന്നും, തങ്ങള്‍ പറയുന്നത് കേട്ട് തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവര്‍ മാത്രം തങ്ങളുടെ പ്രദേശത്ത് ഉണ്ടായാല്‍ മതിയെന്നും ശാഠ്യം പിടിക്കുകയും അല്ലാത്തവരെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തട്ടിക്കളിക്കുകയും ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യുന്നത് ഒരു ജനാധിപത്യ രാജ്യത്തില്‍ ഭൂഷണമല്ല. പോലീസ് ഉദ്യോഗത്തെയും നീതിപാലനത്തെയും കേവലം പാര്‍ട്ടി പ്രവര്‍ത്തനമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്ന ഇന്നത്തെ രീതികള്‍ തികച്ചും പ്രതിഷേധാര്‍ഹമാണ്. ആത്മവീര്യമുള്ള പോലിസ് ഓഫീസര്‍മാരുടെ വീര്യം കെടുത്തുന്ന ഇത്തരം നാണം കെട്ട പ്രവൃത്തികള്‍ എന്നാണ് കേരളത്തിലെ ആണും പെണ്ണുംകെട്ട രാഷ്ട്രീയക്കാര്‍ അവസാനിപ്പിക്കുന്നത് ഈ തരംതാണ നടപടിക്ക് പകരം, ഭീഷണികള്‍ വകവയ്ക്കാതെ, ധൈര്യസമേതം തന്റെ കര്‍ത്തവ്യം നിര്‍വഹിച്ച ആ പോലിസ് ഓഫീസറുടെ നടപടിക്ക് അയാളെ അഭിനന്ദിക്കുകയും ഒരു പഞ്ചായത്ത് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത് അവശനിലയിലാക്കിയ ലോക്കല്‍ സെക്രട്ടറിയ്ക്ക് പാര്‍ട്ടി താക്കീതു നല്‍കുകയും ആണ് ചെയ്തിരുന്നതെങ്കില്‍ ജനം ഈ സര്‍ക്കാരിനെയും പാര്‍ട്ടി നേതൃത്വത്തെയും ബഹുമാനിക്കുമായിരുന്നുവെന്ന് തീര്‍ച്ച.


 

Foto

Comments

leave a reply

Related News