Foto

കാവി മാറ്റി; തിരുവള്ളുവരെ വെള്ള വസ്ത്രമണിയിച്ച് ഡി.എം.കെ സര്‍ക്കാര്‍

കാവി മാറ്റി; തിരുവള്ളുവരെ
വെള്ള വസ്ത്രമണിയിച്ച്
ഡി.എം.കെ സര്‍ക്കാര്‍


എ.ഐ.എ.ഡി.എം.കെ ഭരണ കാലത്ത് കാവി വസ്ത്രമണിഞ്ഞ
തിരുവള്ളുവരുടെ പോസ്റ്ററുകള്‍ നാടെങ്ങും പ്രത്യക്ഷപ്പെട്ടു


ചരിത്രപുരുഷന്മാരെ കാവി പുതപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കം തമിഴ്‌നാട്ടില്‍ നടക്കില്ലെന്നു വ്യക്തമാക്കി ഡി.എം.കെ സര്‍ക്കാര്‍. തത്വചിന്തകനും മഹാകവിയുമായ തിരുവള്ളുവരുടെ കാവി വസ്ത്രമണിഞ്ഞ ചിത്രം  കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ നിന്നു നീക്കി പകരം വെള്ള വസ്ത്രമണിഞ്ഞ ചിത്രം പുനസ്ഥാപിച്ചു.

മന്ത്രി എം.ആര്‍.കെ. പനീര്‍സെല്‍വം ട്വിറ്ററിലൂടെ ഇക്കാര്യം ജനങ്ങളെ അറിയിച്ചു.നെറ്റിയില്‍ മതപരമായ അടയാളങ്ങളോ ശരീരത്തില്‍ ആഭരണങ്ങളോ ഇല്ലാത്ത തിരുവള്ളുവരെ, കാവി വസ്ത്രം ധരിപ്പിച്ച് നെറ്റിയില്‍ ഭസ്മം പുരട്ടി രുദ്രാക്ഷവുമണിയിച്ചുകൊണ്ടുള്ള സി.ബി.എസ്.ഇ എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ഹിന്ദി പാഠപുസ്തകത്തിലെ ചിത്രവും ഡി.എം.കെ. സര്‍ക്കാര്‍ നീക്കിയിരുന്നു.

എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിന്റെ കാലത്ത് കാവി വസ്ത്രം ധരിച്ച തിരുവള്ളുവരുടെ പോസ്റ്ററുകള്‍ സംസ്ഥാനത്ത് പലയിടത്തും പ്രത്യക്ഷപ്പെടുകയും ഇതിനെതിരേ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.  തിരുവള്ളുവറെ 'തട്ടിയെടുക്കാനുള്ള ശ്രമ'മാണ് ബി.ജെ.പി നടത്തുന്നതെന്ന് ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ അന്ന് പറഞ്ഞിരുന്നു. പറയാന്‍ സ്വന്തമായി ചരിത്രമില്ലാത്ത ബി.ജെ.പി തിരുവള്ളുവരെ തട്ടിയെടുത്ത് അവരുടേതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് സി.പി.എം ആക്ഷേപിച്ചത്.

'തിരുവള്ളുവറിനെ ഒരു മതവുമായി ബന്ധപ്പെടുത്തി തിരിച്ചറിയാനുള്ള സാമുദായിക ശക്തികളുടെ തന്ത്ര'ത്തെ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴഗം ജനറല്‍ സെക്രട്ടറി കെ. രാമകൃഷ്ണന്‍ ശക്തമായി അപലപിച്ചിരുന്നു. അതേസമയം, നവീകരണ ജോലികള്‍ക്കിടെ നാല് വര്‍ഷം മുമ്പ് കാവി പുതപ്പിച്ച തിരുവള്ളുവര്‍ ചിത്രം ലൈബ്രറിയില്‍ സ്ഥാപിച്ചത് മനഃപൂര്‍വമായായിരുന്നില്ലെന്ന് തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News