Foto

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം ആശങ്കാജനകം :കെ സി വൈ എം സംസ്ഥാന സമിതി ​​​​​​​

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ല്‍ നിന്നും 57 ആക്കി വര്‍ധിപ്പിക്കണമെന്ന പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ നീക്കം ആശങ്കാജനകം.
അഭ്യസ്ത വിദ്യരായ അനേകം യുവജനങ്ങള്‍ തൊഴിലില്ലായ്മ മൂലം  കഷ്ടത അനുഭവിക്കുന്ന  ഈ ഒരു കാലഘട്ടത്തില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്ന നടപടി യുവജനങ്ങളോടുള്ള അവഗണനയാണ്.  നിലവിലെ ജീവനക്കാര്‍ 57 വയസ്സ്  വരെ തുടരുന്നത് പി.എസ്.സി വഴി സര്‍ക്കാര്‍ ജോലി തേടുന്നവര്‍ക്ക് വന്‍ തിരിച്ചടിയാകും. അനവധി വര്‍ഷങ്ങളിലേക്ക് പുതിയ നിയമനങ്ങള്‍ ഉണ്ടാവില്ല. പി.എസ്.സി നിയമനങ്ങള്‍  ഇഴഞ്ഞു നീങ്ങുമ്പോഴാണ് ഈ നിര്‍ദേശം എന്നതും ഗൗരവതരമാണ്.
പി.എസ്. സി റാങ്ക് പട്ടികയില്‍ ഇടം നേടി അനേകമാളുകള്‍ നിയമനത്തിനായി കാത്തിരിക്കുന്ന സാഹചര്യങ്ങളില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ച ചെയ്യുന്നത് തന്നെ യുവജനങ്ങളില്‍ മാനസിക സമ്മര്‍ദ്ദം കൂട്ടുകയും കേരളത്തിന്റെ ഭാവിതലമുറയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നായി മാറുകയും ചെയ്യും. സംസ്ഥാനത്തെ 3.65 ലക്ഷം ജീവനക്കാര്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിലൂടെ  സര്‍വീസില്‍ തുടരുമ്പോള്‍ യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്ക്  മങ്ങലേല്‍ക്കുകയാണ്. പ്രസ്തുത ശുപാര്‍ശ തള്ളിക്കളഞ്ഞുകൊണ്ട് യുവജനങ്ങളുടെ ആശങ്കകള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന് കെ സി വൈ എം ആവശ്യപ്പെട്ടു.
 തിരഞ്ഞെടുപ്പിലും മന്ത്രിസഭയിലും യുവജനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയ സര്‍ക്കാരില്‍ നിന്നും അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നു.ഇതുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തങ്ങള്‍ നിര്‍ത്തി വെച്ച് യുവാക്കളുടെ ആശങ്ക പരിഹരിക്കണമെന്നും കെ സി വൈ എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ   അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ.സ്റ്റീഫന്‍ ചാലക്കര,ജനറല്‍ സെക്രട്ടറി ബിച്ചു കുര്യന്‍ തോമസ്,ഡെലിന്‍ ഡേവിഡ്, ജിബിന്‍ ഗബ്രിയേല്‍,  ഷിജോ നിലക്കപ്പള്ളി, തുഷാര തോമസ് ,സ്മിത ആന്റണി,ലിനു വി ഡേവിഡ്,സെലിന്‍ ചന്ദ്രബാബു, സിസ്റ്റര്‍ റോസ് മെറിന്‍  എന്നിവര്‍ സംസാരിച്ചു.

Comments

leave a reply

Related News