Foto

മോൺ. ദേവസി ഈരത്തറ പിഴല എന്ന ഗ്രാമത്തിന് കണ്ണീരോർമ്മ

മോൺ. ദേവസി ഈരത്തറ
പിഴല എന്ന ഗ്രാമത്തിന്  
കണ്ണീരോർമ്മ  

കൊച്ചി: പിഴല എന്ന ദ്വീപ് ഗ്രാമത്തിനു മോൺ. ദേവസ്സി  ഈരത്തറ  ഇനികണ്ണീരോർമ്മ. വരാപ്പുഴ അതിരൂപതയിലെ പിഴല സെന്റ് . ഫ്രാൻസിസ് സേവ്യർ  ഇടവകയിൽ നിന്നുള്ള ആദ്യ വൈദികനായിരുന്നു മോൺ. ദേവസ്സി .
കണ്ണൂർ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ദേവസി ഈരത്തറ നിര്യാതനായി. 84 വയസായിരുന്നു. ഹൃദയാഘാതം മൂലം കണ്ണൂർ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഭൗതീക ശരീരം വെള്ളിയാഴ്ച  കണ്ണൂർ  ബിഷപ്പ് ഹൗസിൽ എത്തിച്ച ശേഷം  കണ്ണൂർ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ പൊതു ദർശനത്തിനു വച്ചു. വൈകുന്നേരം 3.30 ന് കണ്ണൂർ രൂപത മെത്രാൻ മാർ ഡോ.അലക്സ് വടക്കുംതലയുടെ മുഖ്യ കാർമികത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്കാര ചടങ്ങുകൾ നടത്തും.

 കോഴിക്കോട് രൂപതയ്ക്ക് വേണ്ടി 1963 ൽ വൈദീക പട്ടം സ്വീകരിച്ചു. പൗരോഹിത്യ സ്വീകരണത്തിന് ശേഷം കോഴിക്കോട് രൂപതയുടെ അന്നത്തെ മെത്രാനായ മാർ ആൽഡോ മരിയ പത്രോണിയുടെ സെക്രട്ടറിയായും തുടർന്ന് കാൽ നൂറ്റാണ്ടോളം വൈത്തിരി ചേലോട്ട് എസ്റ്റേറ്റിൽ മാനേജർ ആയും സേവനം അനുഷ്ഠിച്ചിരുന്നു. തുടർന്ന് കുറച്ചു നാൾ ചെമ്പേരി എസ്റ്റേറ്റിൽ സേവനം ചെയ്തശേഷം കോഴിക്കോട് സെന്റ് വിൻസെന്റ്സ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ആയി.

കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂർ രൂപത രൂപം കൊണ്ടപ്പോൾ രൂപതയുടെ ആദ്യത്തെ വികാരി ജനറാളായി ചുമതലയേറ്റു. ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരിയായും സേവനം ചെയ്തു. തയ്യിൽ സെന്റ് ആന്റണിസ് ഇടവകയുടെ വികാരി ആയി സേവനം അനുഷ്ഠിക്കുമ്പോൾ ആണ് മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികൾക്കായി രൂപം നൽകുകയും മദർ തെരേസ കോളനി സ്ഥാപിച്ചു അമ്പതോളം കുടുംബങ്ങൾക്ക് സ്ഥലവും വീടും ലഭിക്കുന്നതിന് മുൻകൈ എടുക്കുകയും ചെയ്തു.

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുവാൻ ഉതകുന്ന രീതിയിലുള്ള സ്കോളർഷിപ്പുകൾ ആരംഭിച്ചതും കടക്കെണിയിലായ മത്സ്യത്തൊഴിലാകൾക്കായി പലിശ രഹിത വായ്പ്പാ പദ്ധതി രൂപീകരിച്ചതും പ്രത്യേകം ശ്രദ്ധേയമായിരുന്നു. കണ്ണൂർ രൂപതയുടെ വികാരി ജനറൽ ആയി സേവനം ചെയ്യുമ്പോൾ തന്നെ ചാലയിലുള്ള അമലോത്ഭവമാതാ ദൈവാലയത്തിന്റെ വികാരി കൂടിയായിരുന്നു.

സൗത്ത് ഇന്ത്യയിലെ തോട്ടം ഉടമകളുടെ സംഘടനയായ 'ഉപാസി'യിൽ എക്സിക്യൂട്ടീവ് അംഗം, കണ്ണൂരിലെ ചിരി ക്ലബ്ബിലെ സജീവ പ്രവർത്തകൻ, മത്സ്യത്തൊഴിലാളി സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ, എന്നീ നിലകളിലും സ്തുത്യർഹ സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹം സജീവസാന്നിധ്യമായിരുന്നു.

ഇ.ഡി പീറ്റർ, ട്രീസ മാർട്ടിൻ, ഇ.ഡി ജോസഫ്, ഇ.ഡി സേവ്യർ (മുൻ കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ്) എന്നിവർ സഹോദരങ്ങളാണ്.

 

Comments

leave a reply

Related News