Foto

കെ.എം. റോയ് എന്ന സ്‌പോർട്‌സ് റിപ്പോർട്ടറെക്കുറിച്ച്; കളിയായിരുന്നില്ല ആ കളിയെഴുത്ത് !

കെ.എം. റോയ് എന്ന സ്‌പോർട്‌സ് റിപ്പോർട്ടറെക്കുറിച്ച്;
കളിയായിരുന്നില്ല ആ കളിയെഴുത്ത് !

കൊച്ചി : കഴിഞ്ഞ ദിവസം അന്തരിച്ച മാധ്യമ പ്രവർത്തകൻ കെ.എം. റോയ്  അതിമനോഹരമായി സ്‌പോർട്‌സ് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് ഖത്തറിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഗൾഫ് ടൈംസിന്റെയും പെനിൻസുലയുടെയും സ്‌പോർട്‌സ് എഡിറ്ററായിരുന്ന ബാബുമേത്തർ അനുസ്മരിക്കുന്നു
    
എഴുപതുകളിൽ കോട്ടയത്തും പാലായിലുമായി ദേശീയതലത്തിലുള്ള ബാസ്‌ക്കറ്റ് ബോൾ,  വോളിബോൾ, അത്‌ലറ്റിക്‌സ് മൽസരങ്ങൾ നടക്കുകയുണ്ടായി. അന്ന് കോട്ടയത്തു നിന്ന് ഹിന്ദു   ദിനപത്രത്തിനും   യു.എൻ.ഐ. വാർത്താ  ഏജൻസിക്കും സ്‌പോർട്‌സ് വാർത്തകൾ മറ്റൊരെക്കാളും     ചടുലമായി റോയ് റിപ്പോർട്ട് ചെയ്തത് പഴയ കളിയെത്തുകാർ ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്ന നല്ല ഓർമ്മകളാണ്.
    
പാലായിൽ ദേശീയ അത്‌ലറ്റിക്സ് മൽസരങ്ങൾ നടക്കുമ്പോൾ ഒരു കോട്ടയം പത്രം ആറ് റിപ്പോർട്ടർമാരെയാണ് ഈ കായികമേള റിപ്പോർട്ട് ചെയ്യാൻ അയച്ചത്. ദേശീയതലത്തിലുള്ള എല്ലാ സ്‌പോർട്‌സ് ലേഖകരും അന്ന് പാലായിൽ എത്തിയിരുന്നു. കേരളത്തിലുള്ള പത്രങ്ങളുടെ സ്‌പോർട്‌സ് ലേഖകരെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പരിചയപ്പെടുത്തിയത് റോയ് ആയിരുന്നു. കോട്ടയം പത്രം അയച്ചിരുന്ന സ്‌പോർട്‌സ് ലേഖകരെയും അന്ന് റോയ് പരിചയപ്പെടുത്തിയത് ന്യൂസ് റൂമിൽ ഉയർത്തിയ കൂട്ടച്ചിരികൾക്ക് ഞാനും സാക്ഷിയായിരുന്നു. ഒരാളെ ഹെൽത്ത് റിപ്പോർട്ടർ, മറ്റൊരാളെ    വി.ഐ.പി. റിപ്പോർട്ടർ എന്നെല്ലാം പറഞ്ഞ് റോയി പരിചയപ്പെടുത്തി. ഒരു കായികതാരം ഗർഭിണിയായിട്ടും കളിക്കളത്തിലെത്തി എന്നു റിപ്പോർട്ടു ചെയ്ത വ്യക്തിയെ ഇദ്ദേഹം അതേപത്രത്തിന്റെ   ഗർഭാന്വേഷണ റിപ്പോർട്ടർ എന്നു വിശേഷിപ്പിച്ചത് കേട്ട് എല്ലാവരും കൂട്ടച്ചിരിയായി. ഏതുതരത്തിൽ കളിയാക്കുമ്പോഴും, അതിന്റെ ഫലിതം എതിരാളികൾക്കു കൂടി പരുക്കേൽക്കാതെ അവതരിപ്പിക്കാൻ റോയ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
    
രോഗിയായിരിക്കെ, ഞാൻ അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ഒരു വാചകം ഇന്നത്തെ പത്രപ്രവർത്തകർക്കു മാത്രമല്ല അമിതമായി മദ്യപിക്കുന്ന ആരും സമചിത്തതയോടെ ഓർമ്മിക്കേണ്ടതുണ്ട്. അന്ന് റോയ് എന്നോടു പറഞ്ഞു: ''ബാബൂ, മദ്യം ആരോഗ്യത്തിനു  ഹാനികരമാണെന്ന കാര്യം എല്ലാവരും ഓർമ്മിച്ചിരുന്നെങ്കിൽ'' കേരള ടൈംസിന്റെ  കൊച്ചി റിപ്പോർട്ടറായിരുന്ന നൈനാന്റെ അന്ത്യോപചാരച്ചടങ്ങിനായി പാലാരിവട്ടം പള്ളിയിൽ എത്തിയപ്പോഴും റോയ് മദ്യവും ചില പത്രപ്രവർത്തകരും തമ്മിലുള്ള ഗാഢബന്ധത്തെക്കുറിച്ച് പറഞ്ഞതും ഞാൻ ഓർമ്മിക്കുന്നു. പത്രമാനേജ്‌മെന്റുകൾ 'കച്ചവടം' കളിക്കാൻ തുടങ്ങിയപ്പോൾ കേരളത്തിൽ പത്രപ്രവർത്തകർ നേരിട്ട്    നടത്തുന്ന പത്രത്തെക്കുറിച്ച് റോയ് എപ്പോഴും പറയാറുണ്ടായിരുന്നു.
    
മനോരമയുടെ ഡെൽഹി മുൻ ലേഖകൻ ടി.വി.ആർ ഷേണായ് റോയിയുടെ സഹപാഠിയായിരുന്നു. മഹാരാജാസ് കോളജ് വളപ്പിലെ തീപ്പൊരി പ്രാസംഗികനായിരുന്നു കെ.എം.റോയ്. വിദ്യാർത്ഥികളായ ആരാധകർക്ക് നടുവിലായിരുന്നു റോയ് എപ്പോഴും. ആരുടെ ഫോൺ അറ്റൻഡ് ചെയ്യുമ്പോഴും സ്ഥിരമായി ഒരു ഡയലോഗുണ്ട്: ''പറയൂ, കേൾക്കട്ടെ. ''വിളിച്ചയാളുടെ ആവശ്യം മനസ്സിലാക്കിയ ശേഷം മാത്രമായിരുന്നു അദ്ദേഹം സംഭാഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുക.
    
ദേശീയതലത്തിൽ നടന്നിരുന്ന സ്‌പോർട്‌സ് ഇവന്റുകളെല്ലാം യു. എൻ. ഐ. ക്കു വേണ്ടി   റോയ് റിപ്പോർട്ട് ചെയ്തിരുന്നത് അന്ന് സ്വന്തമായി ലേഖകരെ ദൂരസ്ഥലങ്ങളിലേക്ക് അയക്കാൻ കഴിയാത്ത ചെറുകിട- ഇടത്തരം പത്രങ്ങൾക്ക് ഒരനുഗ്രഹമായിരുന്നു. ഇന്ന് ടി.വി.യിൽ കാണുന്നതുപോലെതന്നെ  ഒരു ഫുട്‌ബോൾ മാച്ചിന്റെയോ ക്രിക്കറ്റ് മൽസരത്തിന്റെയോ മറ്റ് ഏത് കളിയുടെയോ വിവരണം റോയ് രസകരമായി    ഇംഗ്ലീഷിൽ എഴുതി നൽകിയിരുന്നു. ഏതൊരു ആൾക്കൂട്ടത്തിനിടയിലും തലയെടുപ്പോടെ നിന്നിരുന്ന എന്റെ പ്രിയ സുഹൃത്തിന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.

 

Comments

leave a reply

Related News