കൊച്ചി: മുനമ്പം - കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിൻമേൽ ഉയർന്നിട്ടുള്ള തർക്കങ്ങളുടെ പരിഹാരത്തിനായി എം എ നിസാർ കമ്മിറ്റി റിപ്പോർട്ട് പുന പരിശോധിക്കാൻ സാധ്യത ഒരുക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിളിച്ചു ചേർത്ത പ്രത്യേക യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അവരെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഒരു കാരണവശാലും അംഗീകരിക്കില്ല.
മുനമ്പം പ്രദേശത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിനായുള്ള സാധ്യതകൾ തേടിയാണ് ആർച്ച്ബിഷപ്പ് പ്രത്യേക യോഗം വിളിച്ചു കൂട്ടിയത്. കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോപ്പറേഷൻ എന്ന സംഘടനയുടെ കൂടി പിന്തുണയോടെ കഴിഞ്ഞ മാസം ചേർന്ന യോഗത്തിന്റെ തുടർച്ചയായിട്ട് കൂടിയാണ് ഈ യോഗം ചേർന്നത്.
2008 ൽ സർക്കാർ നിയോഗിച്ച എം.എ നിസ്സാർ അദ്ധ്യക്ഷനായ സമിതിയുടെ കണ്ടെത്തലിനെ തുടർന്നാണ് തർക്കങ്ങൾ ഉടലെടുക്കുന്നത്. ഈ കമ്മീഷൻ യാഥാർത്ഥ്യം മനസ്സിലാക്കാതെയും രേഖകൾ പരിശോധിക്കാതെയും ബന്ധപ്പെട്ടവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാതെയും വഖഫ് ബോർഡിന്റെ ഏകപക്ഷീയമായ അവകാശ വാദം അംഗീകരിച്ച് മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന നിഗമനത്തിലെത്തുകയയായിരുന്നു. ഇതേ തുടർന്നാണ് ഫറൂഖ് കോളെജിന് സമ്മാനമായി ലഭിച്ച404 ഏക്കർ ഭൂമി 2019 ൽ വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിൻ്റെ ആസ്തി പട്ടികയിൽ എഴുതി ചേർക്കുന്നത്. ഇന്നത്തെ ഗുരുതരമായ സാഹചര്യങ്ങൾ പരിഗണിച്ച് എം എ നിസ്സാർ കമ്മറ്റിയുടെ തീരുമാനം പുനപരിശോധിക്കാൻ ഒരു പുതിയ കമ്മറ്റിയെ നിയോഗിക്കാനും എല്ലാ കാലത്തും ഫറൂഖ് കോളേജ് അധികൃതർ എടുത്ത പ്രസ്തുത സ്ഥലം വഖഫ് ഭൂമി അല്ല എന്ന കാര്യം ശരിയാണ് എന്ന സത്യാവസ്ഥ സമയബന്ധിതമായി പുറത്തുകൊണ്ടുവരാനും സർക്കാർ തയ്യാറാകണം.
1988 - 93 കാലയളവിലാണ് ഫറൂഖ് കോളെജിൻ്റെ അധികാരികൾ ഈ ഭൂമി അക്കാലത്തെ വിപണി വിലയ്ക്കനുസൃതമായി കൈമാറുന്നത്. ഈ ഇടപാട് വഖഫ് ബോർഡിൻ്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് എന്നതിനാൽ അസാധുവാകുന്നു എന്ന് എം എ നിസ്സാർ കമ്മറ്റി കണ്ടെത്തുന്നുണ്ട്. ഈക്കാലയളവിൽ നിലനിന്നിരുന്ന 1954 ലെ വഖഫ് നിയമത്തിലെ സെക്ഷൻ 36 ( ബി) വ്യവസ്ഥയനുസരിച്ച് വഖഫ് ബോർഡിൻ്റെ ആസ്തി രജിസ്റ്ററിൽ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തിട്ടുള്ള ഭുമിയുടെ ക്രയവിക്രയത്തിനു മാത്രമെ വഖഫ് ബോർഡിൻ്റെ മുൻകൂർ അനുമതി ആവശ്യമായി വരുന്നത്. ഈ സ്വത്തുക്കളാകട്ടെ 2019 വരെ വഖഫ് ബോർഡിൻ്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. കാരണം ഈ ഭൂമി ഫറുക്ക് കോളെജിന് സമ്മാനമായി നല്കിയ സ്വത്താണ്. 1975 ൽ കേരള ഹൈക്കോടതിയുടെ വിധിയിൽ ഫറൂഖ് കോളെജിന് സമ്മാനമായി ലഭിച്ചതാണന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഈ വസ്തുതകൾ എം എ നിസ്സാർ കമ്മറ്റി പരിഗണിച്ചിട്ടില്ല.
1950 ലാണ് സിദ്ധിക് സേട്ട് എന്ന വ്യക്തി ഫറൂഖ് കോളെജിന് 404 ഏക്കർ ഭൂമി കൈമാറുന്നത്. ഇതിൻ്റെ ആധാരത്തിൽ 1923 ലെ വഖഫ് നിയമത്തിലെ വഖഫിൻ്റെ നിർവ്വചനം പാലിച്ചല്ല വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് സ്ഥിരമായതോ പൂർണ്ണമായതോ ആയ ഒരു സമർപ്പണമല്ല. അതുകൊണ്ടുതന്നെ ഈ ഭൂമി വഖഫ് ഭൂമിയായി കണക്കാക്കാതെ ഫറൂഖ് കോളെജിന് ലഭിച്ച സമ്മാനമായി കണക്കാക്കിയിരുന്നത്.
ഫറൂഖ് കോളെജ് ഈ ഭൂമി വിറ്റ വകയിൽ 33 ലക്ഷം രൂപ സമാഹരിച്ചിട്ടുണ്ടെന്നും ഫറൂഖ് കോളെജിൻ്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഈ തുക ഇതിനകം വിനിയോഗിച്ചിട്ടുള്ളതാണ്. വീണ്ടും വഖഫ് ബോർഡ് ഒരിക്കൽ പരിഹാരം വാങ്ങി കൈമാറിയ ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്നത് അന്യായമാണ്.
ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ ജേക്കബ് പാലക്കാപ്പിള്ളി, അഡ്വ. മുഹമ്മദ് ഷാ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, കെഎൽസിഎ പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി, മുനമ്പം ഇടവക വികാരി ഫാ. ആൻ്റണി സേവ്യർ, ഭൂസംരക്ഷണ സമിതി നേതാക്കളായ ജോസഫ് ബെന്നി, സെബാസ്റ്റ്യൻ റോക്കി, സെബാസ്റ്റിൻ ജോസഫ്, അഹമ്മദ് കബീർ, ചെൽസൺ ചെമ്പരത്തി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Fr Yesudas Pazhampillil
9846150512
Director, PRD
Adv Sherry J Thomas
9447200500
PRO
Comments