Fr. Sunil Perumanoor
Executive Secretary
Kottayam Social Service Society
തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം ഉപവരുമാന സാധ്യകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന തയ്യല്‍ മിത്ര പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. നെതര്‍ലെന്റിലെ സ്റ്റിച്ചിംഗ് ആനന്ദഭവന്റെ സഹകരണത്തോടെ ലഭ്യമാക്കിയ തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്തുവാന്‍ കെ.എസ്.എസ്.എസ് പോലുള്ള സന്നദ്ധ സംഘടനകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഉഷാ കമ്പനിയുടെ മോട്ടറോടുകൂടിയ തയ്യല്‍ മെഷീന്‍ യൂണിറ്റുകളാണ് ലഭ്യമാക്കിയത്.
ഫാ. സുനില്‍ പെരുമാനൂര്‍
Comments