Foto

അനാഥ ജന്മങ്ങളെ സർക്കാരിനും വേണ്ട! ലജ്ജാകരം ഈ ഉത്തരവ്

സംസ്ഥാനത്തെ നൂറുകണക്കിന് അനാഥാലയങ്ങളിലും വൃദ്ധ സദനങ്ങളിലുമായി കഴിയുന്ന രോഗികളും നിരാലംബരുമായ പതിനായിരക്കണക്കിന് പേരോടുള്ള സർക്കാരിന്റെ അവഗണന ലജ്ജാകരമാണ്. ആരോരുമില്ലാത്ത ഇത്തരക്കാർക്കുവേണ്ടി സംസാരിക്കാൻ ആരും തയ്യാറാകുന്നില്ല എന്ന ഇന്നത്തെ പരിതഃസ്ഥിതി അതിലേറെ വേദനാജനകവുമാണ്. അൽപ്പം മനുഷ്യത്വമെങ്കിലും ഉള്ളിൽ അവശേഷിച്ചിട്ടുള്ളവർക്ക് വേദന തോന്നുന്ന ഇത്തരം അനീതിനിറഞ്ഞ നിലപാടുകൾ ചർച്ച ചെയ്യാൻ മുഖ്യധാരാ മാധ്യമങ്ങൾ മടികാണിക്കുന്നത് അവരുടെ നിലപാടുകളുടെ പൊള്ളത്തരം വെളിവാക്കുന്നു. 

കഴിഞ്ഞ ദിവസം പുറത്തുവന്ന സർക്കാർ ഉത്തരവനുസരിച്ച്,  സാമൂഹ്യ സുരക്ഷാ പെൻഷന്റെ അർഹതാ പട്ടികയിൽനിന്ന് അനാഥാലയങ്ങളിലും വൃദ്ധമന്ദിരങ്ങളിലും കഴിയുന്നവരുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഏതെങ്കിലും വിധത്തിൽ ന്യായീകരിക്കാൻ കഴിയുന്നതാണ് ധനകാര്യവകുപ്പിന്റെ ഇത്തരമൊരു നടപടി എന്ന് കരുതാൻ വയ്യ. കാലങ്ങളായി അനാഥാലയങ്ങളോടും വൃദ്ധമന്ദിരങ്ങളോടും തുടരുന്ന സർക്കാർ അവഗണനയ്ക്ക് ഒരു പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിനെ കണ്ട് ചർച്ച നടത്തിയ ഓർഫനേജ് അസോസിയേഷൻ അംഗങ്ങൾ, തങ്ങളുടെ നിവേദനത്തിന് ഫലമുണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഇരുട്ടടിപോലെ ധനകാര്യവകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങുന്നത്.   

ജൂലായ് 28ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ, അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളിൽ ജീവിക്കുന്നവർ പ്രസ്തുത സ്ഥാപനങ്ങളുടെ സംരക്ഷണയിലാണ് കഴിയുന്നത് എന്നതിനാൽ അവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ആവശ്യമില്ല എന്ന വിചിത്രമായ നിലപാടാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ കേരളത്തിലുള്ള നൂറുകണക്കിന് സ്ഥാപനങ്ങളിൽ "അർഹതയുള്ളവയ്ക്ക്" സർക്കാർ ഗ്രാന്റ് നൽകുന്നുണ്ട് എന്നും ഉത്തരവിൽ പരാമർശിച്ചിരിക്കുന്നു. ഭൂരിപക്ഷം സ്ഥാപനങ്ങൾക്കും സർക്കാർ ധനസഹായം അനുവദിക്കപ്പെട്ടിട്ടില്ല എന്നും, അനുവദിക്കപ്പെട്ടിട്ടുള്ളവയ്ക്ക് പോലും ശരിയായ രീതിയിൽ ഗ്രാന്റ് ലഭിക്കുന്നില്ല എന്നുമുള്ള യാഥാർത്ഥ്യം കൂടി മനസിലാക്കുമ്പോഴാണ് ഈ സർക്കാർ ഉത്തരവിന് പിന്നിലെ അനീതിയും മനുഷ്യാവകാശ നിഷേധവും വ്യക്തമാകുന്നത്. 

2014നുശേഷം രജിസ്റ്റർ ചെയ്യപ്പെട്ട അഞ്ഞൂറിൽ പരം സ്ഥാപനങ്ങൾക്ക് ഗ്രാന്റ് അനുവദിക്കുന്ന കാര്യത്തിൽ ഇനിയും സർക്കാർ തീരുമാനമുണ്ടായിട്ടില്ല എന്നതിനാൽ ആയിരക്കണക്കിന് അന്തേവാസികളുള്ള ആ സ്ഥാപനങ്ങൾക്ക് ഒരു രൂപപോലും സർക്കാർ സഹായം ലഭിക്കുന്നില്ല. പല കാരണങ്ങളാൽ ഗ്രാന്റ് നിഷേധിക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ വേറെയുമുണ്ട്. സർക്കാർ ഗ്രാന്റ് നൽകിവരുന്ന സ്ഥാപനങ്ങളിലെ അനുഭവങ്ങളും വിചിത്രമാണ്. പ്രസ്തുത സ്ഥാപനങ്ങളിലെ അന്തേവാസികളുടെ വിവിധ ആവശ്യങ്ങൾക്കായി (ഭക്ഷണം, മരുന്ന്, വസ്ത്രം) സ്ഥാപനം ചെലവാക്കിയ തുകയിൽ വർഷം 1100 രൂപയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ധനലഭ്യതയ്ക്കനുസരിച്ച് റീഇമ്പേഴ്സ് ചെയ്ത് നൽകുന്നത്. എല്ലാ സർക്കാർ ക്ഷേമപെൻഷൻ പദ്ധതികളും 1600 രൂപയായിരിക്കെ ഇത്തരത്തിൽ ഗ്രാന്റ് ആയി നൽകുന്നത് ഒരു വ്യക്തിക്ക് 1100 രൂപ മാത്രമാണ്. കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടെ കേവലം നൂറ് രൂപ മാത്രമാണ് ഗ്രാന്റിൽ വർദ്ധനവ് വരുത്തിയിട്ടുള്ളത്. അതേസമയം നിരവധി സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ ഗ്രാന്റ് ആയി ലഭിക്കേണ്ട കോടിക്കണക്കിന് രൂപ കുടിശിഖയായി അവശേഷിക്കുന്നുമുണ്ട്. കോവിഡ് മഹാമാരി കാലയളവിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ഥാപനങ്ങൾക്ക് കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് നൽകേണ്ട ഗ്രാന്റിന്റെ 40 ശതമാനം മാത്രമാണ് ഇതിനകം വിതരണം ചെയ്തിട്ടുള്ളത്. ചില വിഭാഗം സ്ഥാപനങ്ങൾക്ക് ഒരുരൂപപോലും നൽകിയിട്ടുമില്ല.   

അഗതിമന്ദിരങ്ങളോടുള്ള സർക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും അവഗണനയും ഇത്തരത്തിൽ തുടരുമ്പോഴാണ്, ഏതെങ്കിലും ഒരു പെൻഷന് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് അർഹതയുണ്ടെന്ന 2016 ലെ സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവിനെ മറികടന്ന് ധനകാര്യവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആർക്കും വേണ്ടാത്തവരായി ഒറ്റപ്പെടുന്നവരോടും അവരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ഏറ്റെടുക്കാൻ മനസുകാണിക്കുന്നവരോടുമുള്ള ഇത്തരം അവഗണനകൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. കേരളത്തിൽ എല്ലാവർക്കും കോവിഡ് കാലത്ത് സൗജന്യ കിറ്റുകൾ നൽകുന്ന സർക്കാർ, ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഇതുവരെ നാലുപേർക്ക് ഒന്ന് എന്ന കണക്കിൽ മൂന്ന് തവണ മാത്രമാണ് കിറ്റ് നൽകിയിട്ടുള്ളത്. ഓണത്തിന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കിറ്റ് ലഭിക്കുന്നവരുടെ പട്ടികയിൽ ഇവർ ഉൾപ്പെടുത്തപ്പെട്ടിട്ടുമില്ല. ഇത്തരത്തിൽ കാലങ്ങളായി തുടരുന്ന അവഗണനയുടെ ആഴം പരിശോധിച്ചാൽ രോഗികളും വൃദ്ധരുമായ ഒരു വലിയവിഭാഗം ജനങ്ങളോട് സർക്കാർ കാണിക്കുന്ന ക്രൂരത വ്യക്തമാകും. 

അനാഥാലയങ്ങൾ, ഭിന്നശേഷിക്കാരും വികലാംഗരുമായവർക്കുള്ള ഭവനങ്ങൾ, വൃദ്ധസദനങ്ങൾ എന്നിങ്ങനെ കേരളത്തിലെ എല്ലാ ജില്ലകളിലുമായി നിരാലംബരായ പതിനായിരങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുവരുന്നത് രണ്ടായിരത്തിലേറെ സ്ഥാപനങ്ങളാണ്. അവയിൽ ഏറിയപങ്കും കത്തോലിക്കാ സഭയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭം കുറിച്ചിട്ടുള്ളവയാണ്. വിവിധ രൂപതകളും സന്യാസ സമൂഹങ്ങളും നേരിട്ട് നടത്തുന്നവയാണ് കൂടുതലും. കത്തോലിക്കരായ വ്യക്തികളും ചില കത്തോലിക്കാ സംഘടനകളും നടത്തുന്ന സ്ഥാപനങ്ങളും മറ്റ് ക്രൈസ്തവ വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ഏറെയുണ്ട്. ഒന്നേകാൽ ലക്ഷത്തിലേറെ അന്തേവാസികളാണ് ഇത്തരം ഭവനങ്ങളിൽ അഭയം തേടിയിട്ടുള്ളത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അവരിൽ ബഹുഭൂരിപക്ഷവും ഇതുപോലുള്ള ഇടങ്ങളിൽ എത്തിപ്പെടുന്നത് പോലീസ്, മെഡിക്കൽ ഓഫീസർമാർ, സാമൂഹ്യ നീതിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വഴിയാണ്. വാസ്തവത്തിൽ സർക്കാരിന്റെ വലിയ ബാധ്യതയായ ഇത്തരം പതിനായിരക്കണക്കിന് പേരുടെ സുരക്ഷിതത്വം യാതൊരു വിലപേശലുകളും ഡിമാന്റുകളും കൂടാതെ ഏറ്റെടുക്കാൻ സന്മനസ് കാണിക്കുകയാണ് സഭയും മറ്റ് അനേകരും ചെയ്തിരിക്കുന്നത്. 

ദുർബലരും രോഗികളും വൃദ്ധരുമായ അനാഥരുടെ സംരക്ഷണ ചുമതലയിൽ സർക്കാരിനൊപ്പം കൂട്ടുത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നിരിക്കുന്നവരാണ് കേരളത്തിലെ രണ്ടായിരത്തിൽപ്പരം അനാഥാലയങ്ങളുടെയും വൃദ്ധ സദനങ്ങളുടെയും മറ്റ് സ്‌പെഷ്യൽ ഹോമുകളുടെയും നടത്തിപ്പുകാർ. ഈ സമൂഹത്തിന് അളക്കാനാവാത്ത സേവനം ചെയ്യുകയും സർക്കാരിനെ നിർണ്ണായകമായ രീതിയിൽ പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ സ്ഥാപനങ്ങൾക്ക് കഴിയാവുന്ന രീതിയിലെല്ലാം പിന്തുണയും പിൻബലവും നൽകാനുള്ള ചുമതല ഭരണകർത്താക്കൾക്കുണ്ട്. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ പരിമിതമായെങ്കിലും അനുവദിച്ചിരുന്ന സാമ്പത്തിക സഹായം പോലും പിൻവലിക്കാൻ സർക്കാർ എടുത്ത തീരുമാനം പുനഃപരിശോധിക്കേണ്ടതാണ്. മാത്രമല്ല, തുടർന്നുള്ള നാളുകളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് കൂടുതൽ പരിഗണന നൽകിക്കൊണ്ട് സാമൂഹ്യനീതി അർഹരായ ഈ വലിയ വിഭാഗത്തിന് അത് ഉറപ്പുവരുത്തുകയും വേണം. കേരളത്തിലെ മതേതര സമൂഹം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിന്ന് ശബ്ദമുയർത്തേണ്ടതും മാധ്യമങ്ങൾ ശക്തമായി ഇടപെടേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒപ്പം, കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ് ഈ നീതിനിഷേധം എന്നതിനാൽ ഇത്തരം കാര്യങ്ങളിൽ ഇപ്പോഴും തുടർന്നും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുകളും ഉണ്ടാവേണ്ടതുണ്ട്.

ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി 
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി.
ഡയറക്ടർ, പി.ഒ.സി.

Comments

leave a reply