സ്വകാര്യ ആശുപത്രിയിലേക്ക്
ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റാന്‍
ഹൈക്കോടതിയുടെ ഉത്തരവ്
തലോജ ജയിലില്‍ നിന്ന് സബര്‍ബന്‍ ബന്ദ്രയിലെ ഹോളി ഫാമിലി
ആശുപത്രിയിലേക്ക്് മാറ്റുന്നത് 15 ദിവസത്തെ ചികിത്സയ്ക്ക്
എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ സബര്‍ബന്‍ ബന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക്് മാറ്റാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. തല്‍ക്കാലം 15 ദിവസത്തെ ചികിത്സയ്ക്കായി സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം ഉറപ്പുവരുത്തണമെന്ന് എസ്എസ് ഷിന്‍ഡെ, എന്‍ആര്‍ ബോര്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി.
ജെജെ സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളുള്ളതിനാല്‍ ഫാ. സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങും മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ വൈപി യാഗ്‌നിക്കും വാദിച്ചെങ്കിലും ജെജെ ആശുപത്രിയില്‍ ഹര്‍ജിക്കാരന് വേണ്ട ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞേക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ജെജെ ആശുപത്രിയിലേക്കു വിടുന്നതിലും ഭേദം ജയിലില്‍ തന്നെ മരിക്കാന്‍ അനുവദിക്കുന്നതാണെന്ന് ഫാ. സ്റ്റാന്‍ സ്വാമി ജഡ്ജിമാരോടു പറഞ്ഞിരുന്നു.
ഹോളി ഫാമിലി ആശുപത്രിയിലെ ചികിത്സാ ചെലവ് സ്വന്തമായി വഹിക്കാമെന്ന് ഫാ. സ്റ്റാന്‍ സ്വാമി കോടതിയെ അറിയിച്ചിരുന്നു.
ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ സുഹൃത്തായ ഫാ. ഫ്രേസര്‍ മസ്‌കെരാനെസിന് കോടതി അനുമതി നല്‍കി. സംരക്ഷണത്തിന് ആശുപത്രിയില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളിനെ നിയോഗിക്കാനും നിര്‍ദേശിച്ചു.
മുംബൈയിലെ ജെ ജെ ആശുപത്രിയില്‍ ഫാ. സ്റ്റാന്‍ സ്വാമിയെ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ ജയിലധികൃതര്‍ കോടതിക്ക് മുമ്പാകെ നേരത്തെ ഹാജരാക്കിയിരുന്നു.പാര്‍ക്കിന്‍സണ്‍സ് രോഗവും, പ്രായാധിക്യം മൂലമുള്ള മറ്റ് രോഗങ്ങളും ഫാ.സ്റ്റാന്‍ സ്വാമിയെ അലട്ടുന്നുണ്ട്.
രണ്ട് ചെവിയുടെയും കേള്‍വിശക്തി ഏതാണ്ട് നഷ്ടമായ സ്ഥിതിയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാല്‍മുട്ടിന് വിറയല്‍ ഉണ്ട്, കാലിന് മുകളിലേക്ക് തളര്‍ച്ചയുമുണ്ട്. അതിനാല്‍ നടക്കാന്‍ വാക്കിംഗ് സ്റ്റിക്കോ, വീല്‍ച്ചെയറോ അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.പള്‍സ് റേറ്റ് ഉള്‍പ്പടെയുള്ളവ സാധാരണ നിലയിലാണെന്നും ആശുപത്രി റിപ്പോര്‍ട്ടില്‍ പറയുന്നു.
തലോജ ജയിലില്‍ നരക ജീവിതത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് ഫാ. സ്റ്റാന്‍ സ്വാമി കോടതിയെ അറിയിച്ചിരുന്നു.എട്ട് മാസം മുമ്പ് ജയിലിലെത്തിയ ശേഷം ആരോഗ്യം തീരെ വഷളായെന്നും പാര്‍ക്കിന്‍സണ്‍സ് രോഗ ബാധിതനായ അദ്ദേഹം മുംബൈ ഹൈക്കോടതിയോടു പറഞ്ഞു. ഇടക്കാല ജാമ്യം തേടിയുള്ള അപേക്ഷ പരിഗണിക്കവേ, എണ്‍പത്തിനാലുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ ഹാജരാക്കിയത്. ജയിലിലെത്തുന്നത് വരെ തനിക്ക് എഴുന്നേറ്റ് നടക്കാനും ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു. ഇപ്പോഴതിനും പറ്റുന്നില്ല.ഭക്ഷണം ആരെങ്കിലും സ്പൂണില്‍ തരേണ്ട സ്ഥിതിയാണുള്ളത്. മുംബൈ ജെ. ജെ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ല. നേരത്തെ രണ്ട് തവണ ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ആരോഗ്യനില വഷളാവുകയാണ് ചെയ്തത്. ജാമ്യമാണ് ആവശ്യമെന്നും ഫാ. സ്റ്റാന്‍ സ്വാമി വ്യക്തമാക്കി. എന്നാല്‍ ജാമ്യാപേക്ഷ അടുത്ത മാസം ഏഴിന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.
ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യമാണ് പരിഗണിച്ചതെന്നും, ജാമ്യാപേക്ഷയുടെ കാര്യം പിന്നീടാലോചിക്കാമെന്നും കോടതി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഫാ. സ്റ്റാന്‍ സ്വാമിയെ ഹോളി ഫാമിലി ആശുപത്രിയിലേക്കു മാറ്റണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നിര്‍ദ്ദേശിച്ചത്. ഇക്കാര്യത്തില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ഇംഗിതമറിയാന്‍ അദ്ദേഹത്തെ ബന്ധപ്പെടാനുള്ള അനുമതിയും തേടി.തുടര്‍ന്ന് ഫാ.സ്റ്റാന്‍ സ്വാമിയുമായി സംസാരിച്ചശേഷം വിവരം അറിയിക്കാന്‍ അഭിഭാഷകനെ കോടതി ചുമതലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം പരിഗണിച്ച ശേഷമാണ് ഹോളി ഫാമിലി ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ബാബു കദളിക്കാട്
Comments