Foto

കുടിയേറ്റക്കാരുടേയും അഭയാർത്ഥികളുടേയും അന്തർദേശീയ ദിനം ആചരിച്ചു

സഭ 107 മത് ആഗോള കുടിയേറ്റ - അഭയാർത്ഥി ദിനം ആചരിക്കുമ്പോൾ കുടുംബം വിട്ടു പോകേണ്ടി വരുന്നവരോടു ഹൃദയ തുറവിയുള്ളവരായിരിക്കാൻ ഫ്രാൻസിസ് പാപ്പാ എല്ലാ കത്തോലിക്കരെയും ക്ഷണിച്ചു.

മുൻവിധികളും ഭയവുമില്ലാതെ, കുടിയേറ്റക്കാരും, അഭയാർത്ഥികളും, കുടിയൊഴിക്കപ്പെട്ടവരും, മനുഷ്യക്കടത്തിന്‍റെ ഇരകളും ഉപേക്ഷിക്കപ്പെട്ടവരുമായ ഏറ്റം ബലഹീനരോടു  ചേർന്നു നില്‍ക്കാൻ എല്ലാവരോടും പാപ്പാ ആവശ്യപ്പെട്ടു. ആരേയും ഒഴിവാക്കാതെ എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു ലോകം പണിതുയർത്താന്‍ എല്ലാവരും വിളിക്കപ്പെട്ടവരാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

കാരിത്താസ് ഇറ്റലി ഉൾപ്പെടെ വിവിധ കത്തോലിക്കാ സംഘടനകൾ ഈ ദിനം ആചരിക്കാൻ പല സംരംഭങ്ങളുമായി മുന്നോട്ടുവന്നു.മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പങ്കെടുക്കാൻ വത്തിക്കാനടുത്തുള്ള മാലാഖയുടെ കോട്ടയിൽ (Castel Sant’Angelo) നിന്ന് വി. പത്രോസിന്‍റെ ചത്വരത്തിലേക്ക് പ്രകടനമായാണ് പലരും എത്തിയത്. അവരോടൊപ്പം കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായുള്ള വത്തിക്കാൻ വിഭാഗത്തിന്‍റെ  രണ്ട് ഉപകാര്യദർശികളായ കർദ്ദിനാൾ മിക്കായേൽ  ചെർണിയും ഫാ. ഫാബിയോ ബാജ്ജോയും പങ്കുചേർന്നു.

അഭയാർത്ഥികളുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് അന്തർദേശീയ കാത്തലിക് കുടിയേറ്റ കമ്മീഷന്‍റെ (International Catholic Migration Commission) സെക്രട്ടറി ജനറലായ മോൺ. റോബേർത്തോ വിതില്ലോ വത്തിക്കാൻ വാർത്താ വിഭാഗത്തിലെ ഫ്രാൻചെസ്കാ സബാട്ടിനെല്ലിയോടു സംസാരിക്കവെ 107 മത് കുടിയേറ്റ - അഭയാർത്ഥി അന്തർദേശീയ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തെ എടുത്തു പറഞ്ഞു.

മേയ് മാസം ആദ്യം പ്രസിദ്ധീകരിച്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ സഭയെയും മനുഷ്യ സമൂഹത്തെയും കൂടുതൽ വിശാലമായ ഒരു " ഞങ്ങൾ" ലേക്ക് യാത്ര ചെയ്യാൻ ആഹ്വാനം ചെയ്തിരുന്നു. കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടി ഒരു ദിവസം സമർപ്പിച്ച് ആചരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും മോൺ. വിതില്ലോ സംസാരിച്ചു. അന്തർദേശീയ സമൂഹമെന്ന നിലയിൽ മാത്രമല്ല കത്തോലിക്കാ വിശ്വാസികളും ക്രിസ്ത്യാനികളും എന്ന നിലയിൽ പ്രത്യേകിച്ച് നമുക്ക് അപരിചിതരെ സ്വാഗതം ചെയ്യാനുള്ള ഉത്തരവാദിത്വമുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പല സമൂഹങ്ങളും പുറത്തു നിന്നു വരുന്നവരോടു കൂടുതൽ അടഞ്ഞ മനോഭാവം പ്രകടിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ച  മോൺ. വിതില്ലോ വാതിലുകളും അതിർത്തികളും അടച്ചു പീഡിപ്പിക്കപ്പെടുന്നവർക്ക് പോലും അഭയം തേടാനുള്ള അവകാശം നിഷേധിക്കുകയും അവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന പ്രവണതയെക്കുറിച്ചു ഖേദം പ്രകടിപ്പിച്ചു.

അമേരിക്കക്കാരനായ അദ്ദേഹം മെക്സിക്കോയുമായുള്ള അതിർത്തികളടച്ച തന്‍റെ രാജ്യത്തിന്‍റെ നടപടികളെയും കുടിയേറ്റക്കാരോടുള്ള  പെരുമാറ്റത്തെയും കുറിച്ചും പരിതപിച്ചു. ഇറ്റലിയിലെ കഠിനമായ ദാരിദ്ര്യം മൂലം നാടുവിട്ട തന്‍റെ ഇറ്റാലിയൻ മുത്തച്ഛൻമാരെ സ്വീകരിച്ച അമേരിക്കൻ ഐക്യനാടുകളിൽ കുടിയേറ്റക്കാർ അവരുടെ കഴിവുകൾ വഴി നൽകിയ സംഭാവനകൾ അദ്ദേഹം ഓർമ്മിക്കുകയും ചെയ്തു.

ലോകത്തിലെ എല്ലാ ഭാഗങ്ങളിലും കുടിയേറ്റക്കാരെ സഹായിക്കാൻ അന്തർദേശീയ കത്തോലിക്കാ കുടിയേറ്റ കമ്മീഷൻ (ICMC)  മുൻ നിരയിൽ ഉണ്ടെന്നും എന്നാൽ മാനുഷീകമായ  സഹായം വാഗ്ദാനം ചെയ്യുന്നതിനെ പിന്തുണയ്ക്കാനും  ലോകമെമ്പാടുമുള്ള അഭയാർത്ഥികളുടെ ഉദ്ധാരണത്തിനും അവരുടെ മനുഷ്യാന്തസ്സ് വീണ്ടെടുക്കുന്നതിനുമുള്ള ബാധ്യത പലരും മനസ്സിലാക്കി പിന്തുണയ്ക്കാത്തതുകൊണ്ടും തങ്ങൾക്ക് തങ്ങളുടെ പ്രവർത്തനം കൂടുതൽ കൂടുതൽ ബുദ്ധിമുട്ടായി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

Comments

leave a reply

Related News