ഈശോമിശിഹായാകുന്നദൈവ സ്‌നേഹത്തിന്റെ വെളിപ്പെടുത്തലിനെ അനുഭവിച്ചറിഞ്ഞവര്‍ ജീവിതസാക്ഷ്യത്തിലൂടെ സുവിശേഷ മൂല്യങ്ങളുടെ പ്രഘോഷകരാകണമെന്ന് മാര്‍ ജോസ് പുളിക്കല്‍. ലൗകിക താത്പര്യങ്ങളുടെ നുറുങ്ങു വെട്ടത്തില്‍ വഴി നടക്കാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കുകയും ക്രമാനുഗതമായ ദൈവിക വെളിപാടിന്റെ പൂര്‍ണ്ണതയായ ഈശോമിശിഹായാകുന്ന വെളിച്ചത്തില്‍ വഴി നടന്ന് അനേകര്‍ക്ക് മാതൃകയും പ്രചോദനവുമാകുവാന്‍ നമുക്ക് കടമയുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ദനഹാ തിരുനാളിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ നടത്തപ്പെട്ട റംശ നമസ്‌കാരത്തില്‍ വചനസന്ദേശം നല്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍. റംശ നമസ്‌കാരത്തോടനുബന്ധിച്ച് പള്ളിമുറ്റത്ത് തയ്യാറാക്കിയിരുന്ന പിണ്ടിയില്‍ മാര്‍ ജോസ് പുളിക്കല്‍ ദീപം തെളിക്കുകയും വിശ്വാസിസമൂഹം ഏല്‍ പയ്യാ, ദൈവം പ്രകാശമാകുന്നുവെന്ന ഗീതമാലപിക്കുകയും ചെയ്തു. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച ദനഹാ തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിശ്വാസികള്‍ പങ്കുചേര്‍ന്നു. രൂപതയുടെ യുട്യൂബ് ചാനലുകളിലും ന്യൂവിഷന്‍ ടി.വി. ചാനലിലും തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഏറ്റവും മനോഹരമായി ദനഹാത്തിരുനാള്‍ ആചരണത്തില്‍ പങ്കുചേരുന്ന ഭവനങ്ങളെയും പള്ളികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി വിശ്വാസജീവിതപരിശീലനകേന്ദ്രത്തിന്റെയും നസ്രാണിമാര്‍ഗം കൂട്ടായ്മയുടെയും നേതൃത്വത്തില്‍ രൂപതാ തലത്തില്‍ 'ഓര്‍മ്മയിലെ ദനഹാ' എന്ന പേരില്‍ പ്രൊജക്റ്റ് നടപ്പിലാക്കിയിരുന്നു. പഴയ പള്ളിയിലെ തിരുനാള്‍ തിരുക്കര്‍മ്മങ്ങളുടെ ക്രമീകരണങ്ങള്‍ക്ക് രൂപത വികാരി ജനറാളുമാരായ റവ.ഡോ ജോസഫ് വെള്ളറ്റം, റവ. ഡോ. കുര്യന്‍ താമരശ്ശേരി, കത്തീദ്രല്‍ വികാരി റവ.ഫാ. വര്‍ഗ്ഗീസ് പരിന്തിരിക്കല്‍, റവ.ഫാ. ഇമ്മാനുവേല്‍ മങ്കത്താനം, റവ. ഫാ. പയസ് കൊച്ചു പറമ്പില്‍, റവ.ഫാ. ജോബി തെക്കേടത്ത്, സന്യാസിനികള്‍ , കത്തീദ്രല്‍ എസ് എം. വൈ എം, ഇടവക പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments