പരിശുദ്ധാത്മാവ് ആദ്ധ്യാത്മികതയുടെ കേന്ദ്രം: ഫ്രാൻസിസ് പാപ്പാ
മനുഷ്യഹൃദയങ്ങളെ മാറ്റുന്നത് പരിശുദ്ധാത്മാവാണെന്നും, നമ്മുടെ വ്യക്തിപരമായ പ്രവർത്തങ്ങളല്ല ഇത് സാധ്യമാക്കുന്നതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളാണ് നമ്മുടെ ഹൃദയത്തെ മാറ്റുന്നതെന്നും പാപ്പാ പറഞ്ഞു. ഒക്ടോബർ ഇരുപത്തിയേഴിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, ജീവിതത്തെ മാറ്റിമറിക്കാൻ കഴിവുള്ള പരിശുദ്ധാത്മാവിന്റെ ഇടപെടലിനെക്കുറിച്ചും ആധ്യാത്മികജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ മുഖ്യസ്ഥാനത്തെക്കുറിച്ചും പാപ്പാ ഉദ്ബോധിപ്പിച്ചത്. പൊതുകൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.
"യേശുവിന്റെ പെസഹായിൽനിന്ന് ഉത്ഭവിക്കുന്ന പരിശുദ്ധാത്മാവാണ് ആധ്യാത്മികജീവിതത്തിന്റെ കേന്ദ്രം. നമ്മുടെ പ്രവൃത്തികളല്ല, പരിശുദ്ധാത്മാവാണ്, നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ് മനുഷ്യഹൃദയത്തെ മാറ്റുന്നത്" എന്നായിരുന്നു പാപ്പായുടെ സന്ദേശം.
വിശുദ്ധ പൗലോസ് ശ്ലീഹ ഗലാത്തിയക്കാർക്കെഴുതിയ ലേഖനം അഞ്ചാമധ്യായം ഇരുപത്തിരണ്ടുമുതൽ ഇരുപത്തിനാലുവരെയുള്ള വാക്യങ്ങളെക്കുറിച്ച് ഒക്ടോബർ ഇരുപത്തിയേഴ് ബുധനാഴ്ച വത്തിക്കാനിലെ പതിവ് കൂടിക്കാഴ്ചാവേളയിൽ പാപ്പാ പഠിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ട്വിറ്ററിൽ, മനുഷ്യജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ എഴുതിയത്.
Comments