തെക്കേ അമേരിക്കൻ മണ്ണിൽ പ്രത്യാശയുടെ സന്ദേശമെത്തിക്കാനായുള്ള പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ആറാമത് അപ്പസ്തോലിക യാത്ര ആരംഭിച്ചു. ഇറ്റലിയിലെ പ്രാദേശികസമയം, നവംബർ 6 വെള്ളിയാഴ്ച രാവിലെ 7.05-ന്, ഇന്ത്യയിൽ 11.35-ന് പരിശുദ്ധ പിതാവിനെയും സംഘത്തെയും വഹിക്കുന്ന ഇറ്റലിയുടെ ഈറ്റാ എയർവെയ്‌സ് ഉറുഗ്വായിലേക്ക് യാത്ര പുറപ്പെട്ടു. പതിമൂന്നര മണിക്കൂറുകൾ നീളുന്ന യാത്രയ്ക്ക് ശേഷം, പ്രാദേശിക സമയം 4.30-ന്, ഇന്ത്യയിൽ നവംബർ 7 രാവിലെ 1.00-ന് ഉറുഗ്വായുടെ തലസ്ഥാനമായ മോന്തേവീദെയോയിലുള്ള മോന്തേവീദെയോ-കാറാസ്‌കോ അന്താരാഷ്ട്രവിമാനത്താവളത്തിൽ പരിശുദ്ധ പിതാവ് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറ്റലിയേക്കാൾ നാല് മണിക്കൂർ പിന്നിലാണ് ഉറുഗ്വായ്.
ഉറുഗ്വായുടെ മണ്ണിലിറങ്ങുന്ന പാപ്പായ്ക്കായി വിമാനത്താവളത്തിൽത്തന്നെ സ്വീകരണച്ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്. തുടർന്ന്, വൈകുന്നേരം 5.30-ന് മോന്തേവീദെയോയിലെ ഇൻഡിപെൻഡൻസ് സ്ക്വയറിൽ നടക്കുന്ന സ്വീകരണച്ചടങ്ങോടെയാണ് പാപ്പയുടെ സന്ദർശനപരിപാടികൾ ആരംഭിക്കുന്നത്. രാജ്യത്തെ ഭരണനേതൃത്വം, പൊതുസമൂഹത്തിന്റെ പ്രതിനിധികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘവുമായുള്ള കൂടിക്കാഴ്ചയാണ് അവിടെ ഒരുക്കിയിട്ടുള്ളത്.
ഉറുഗ്വായുടെ പ്രസിഡന്റ്, യമന്തൂ റമോൻ അന്തോണിയോ ഓർസി മർത്തീനെസുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയായിരിക്കും തുടർന്ന് നടക്കുക.
വൈകുന്നേരം 7.10-ന് മോന്തേവീദെയോയിൽ, അമലോത്ഭവമാതാവിന്റെയും വിശുദ്ധ ഫീലിപ്പോസിന്റെയും വിശുദ്ധ യാക്കോബിന്റെയും നാമത്തിലുള്ള മെട്രോപൊളിറ്റൻ കത്തീഡ്രലിൽ മെത്രാന്മാരും വൈദികരും മറ്റു സമർപ്പിതരുമടങ്ങുന്ന സമൂഹത്തിനൊപ്പം പരിശുദ്ധ പിതാവ് സായാഹ്‌നപ്രാർത്ഥന നടത്തും.
എട്ടാം തീയതി വരെയായിരിക്കും പരിശുദ്ധ പിതാ ഉറുഗ്വായിൽ തുടരുക. ഉറുഗ്വായ്, അർജന്റീന, പെറു എന്നിവടങ്ങളിലേക്കുള്ള ഈ സന്ദർശനത്തിന്റെ ഭാഗമായി പരിശുദ്ധ പിതാവ് പന്ത്രണ്ടോളം വിമാനയാത്രകൾ നടത്തുകയും പത്ത് നഗരങ്ങൾ സന്ദർശിക്കുകയും ചെയ്യും. യാത്രയുടെ ഭാഗമായി നാൽപ്പതോളം പ്രഭാഷണങ്ങളും പരിശുദ്ധ പിതാവ് നടത്തും.










Comments