Foto

പുരോഹിതരുടെ തുടർപരിശീലനത്തിനായുള്ള അന്താരാഷ്‌ട്ര സമ്മേളനം വത്തിക്കാനിൽ

വൈദികർക്കായുള്ള ഡിക്കസ്റ്ററിയും, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയും,പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കസ്റ്ററിയും സംയുക്തമായി സംഘടിപ്പിക്കുന്ന പുരോഹിതരുടെ തുടർപരിശീലനത്തിനായുള്ള അന്താരാഷ്‌ട്ര സമ്മേളനം വത്തിക്കാനിൽ ഫെബ്രുവരി മാസം ആറാം തീയതി ആരംഭിച്ചു. ഫെബ്രുവരി 10 വരെയാണ് സമ്മേളനം നടക്കുന്നത്.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

വൈദികർക്കായുള്ള ഡിക്കസ്റ്ററിയും, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയും,പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കസ്റ്ററിയും സംയുക്തമായി സംഘടിപ്പിക്കുന്ന പുരോഹിതരുടെ തുടർപരിശീലനത്തിനായുള്ള അന്താരാഷ്‌ട്ര സമ്മേളനം വത്തിക്കാനിൽ ഫെബ്രുവരി മാസം ആറാം തീയതി ആരംഭിച്ചു. ഫെബ്രുവരി 10 വരെയാണ് സമ്മേളനം നടക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തിൽ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെയും,  വൈദികർക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ലാറ്റ്സറോ യു ഹോംഗ് സികും   സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് സ്വാഗതവും, പരിശീലനത്തെക്കുറിച്ചുള്ള മുഖവുരയും നൽകി.

വൈദിക പരിശീലനമെന്നത്, സെമിനാരിയിൽ മാത്രം ഒതുക്കപ്പെട്ടിരുന്ന ഒരു ആശയത്തിൽ നിന്നും ഇന്നത്തെ വിശാലമായ തുടർപരിശീലനമെന്ന കാഴ്ചപ്പാടിലേക്കെത്തിയത് ഏറെ സന്തോഷകരമാണെന്ന് കർദിനാൾ താഗ്ലെ അടിവരയിട്ടു. സെമിനാരി പരിശീലനഘട്ടത്തിൽ രൂപീകരണത്തിന്റെ എല്ലാ വശങ്ങളും സ്വായത്തമാക്കിയെന്ന മിഥ്യാധാരണ വൈദികരുടെയിടയിൽ എപ്രകാരം ഒഴിവാക്കണമെന്നും, ദൈവത്തിനും സഭയ്ക്കുമായുള്ള സേവനത്തിൽ എപ്രകാരമാണ് നമ്മെത്തന്നെ ഒരുക്കേണ്ടതെന്നും കർദിനാൾ എടുത്തു പറഞ്ഞു.

മേലധികാരികളെ എതിർത്തുകൊണ്ട് വൈദികവൃത്തി നടത്തുന്നവരുടെ ജീവിതം നിരാശാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.അതിനാൽ ശരിയായ പരിശീലനം ജീവിതകാലം മുഴുവൻ ലഭിച്ചെങ്കിൽ  മാത്രമേ യഥാർത്ഥ കാരുണ്യത്തിന്റെയും, ആർദ്രതയുടെയും, സ്നേഹത്തിന്റെയും അനുഭവം മറ്റുള്ളവർക്ക് നൽകുവാൻ നമുക്ക് സാധിക്കുകയുള്ളൂ, കർദിനാൾ താഗ്ലെ കൂട്ടിച്ചേർത്തു.

വൈദികരുടെ തുടർപരിശീലനം ഈ കാലഘട്ടത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണെന്ന് കർദിനാൾ ലാറ്റ്സറോ യു ഹോംഗ് സിക് തന്റെ സന്ദേശത്തിൽ അടിവരയിട്ടു. ഇപ്രകാരമുള്ള പരിശീലനം വൈദികർക്ക് അവരുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തുവാനുള്ള വഴിയൊരുക്കുന്നു.ഇപ്രകാരം ലോകത്തിലുള്ള സകല വൈദികരുടെയും സന്തോഷപ്രദമായ ജീവിതമാണ് വൈദികർക്കായുള്ള ഡിക്കസ്റ്ററിയുടെ സംതൃപ്തിയെന്നും കർദിനാൾ എടുത്തു പറഞ്ഞു.

വൈദികർക്കുവേണ്ടിയുള്ള പരിശീലനത്തിന്റെ അടിസ്ഥാനഭാവം അവരെ മനസിലാക്കുവാനും, അവരുടെ തളർച്ചകളിൽ അവർക്കു താങ്ങായി നിൽക്കാൻ സാധിക്കുക എന്നതാണെന്നും  അദ്ദേഹം പറഞ്ഞു.വൈദീക തുടർപരിശീലനത്തിനു ആവശ്യമായ അഭിപ്രായങ്ങൾ ഡിക്കസ്റ്ററിയെ അറിയിക്കുവാനുള്ള എല്ലാവരുടെയും കടമയെയും അദ്ദേഹം ഓർമ്മിപ്പിച്ചു.

Comments

leave a reply

Related News