Foto

നെബുലൈസര്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആരോഗ്യവിചാരം
 

നെബുലൈസർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങള്‍  ശ്രദ്ധിക്കണം

ജോബി ബേബി

കുവൈറ്റ്:ആസ്ത്മ ചികിത്സയുടെ ഏറ്റവും സുരക്ഷിതവും ഫലപ്രദവും ആയ ചികിത്സാരീതിയാണ് ശ്വസന ചികിത്സ അഥവാ ഇൻഹേലർ തെറാപ്പി.ശ്വാസകോശങ്ങളിൽ നേരിട്ട് മരുന്നുകൾ എത്തുന്നത് മൂലം വളരെ ചെറിയ ഡോസ് മരുന്നുകൊണ്ട് പെട്ടന്ന് രോഗശമനം ഇത് വഴി സാധ്യമാകും.രോഗത്തിന്റെ കാഠിന്യത്താലും ചികിത്സയ്ക്കപയോഗിച്ചിരിക്കുന്ന ഔഷദങ്ങളുടെ പാർശ്വഫലങ്ങളാലും യാതന അനുഭവിച്ചിരുന്ന ആസ്ത്മരോഗികൾക്ക് ശ്വസന ചികിത്സ ഒരനുഗ്രഹം തന്നെയാണ്.ശ്വസനചികിത്സയ്ക്ക് ഉതകുന്ന നിരവധി ഉപകരണങ്ങളും രീതികളും ലഭ്യമാണ്.അതിൽ മീറ്റേർഡ് ഡോസ് ഇൻഹേലറുകൾ(metered dose inhaler/MDI),ഡ്രൈ പൗഡർ ഇൻഹേലർ (Dry powder inhaler/DPI)എന്നിവ ഉൾപ്പെടുന്നു.എന്നാൽ കടുത്ത ശ്വാസം മുട്ടലുള്ളപ്പോൾ ഉപയോഗിക്കുന്ന ഉപകരണമാണ് നെബുലൈസർ. രോഗിയുടെ സ്വപ്രയ്തനമില്ലാതെ ശ്വാസകോശത്തിൽ മരുന്നെത്തിക്കാമെന്നതാണ് നെബുലൈസറിന്റെ പ്രത്യേകത.അടിയന്തര ഘട്ടങ്ങളിൽ ശ്വാസതടസ്സം മാറ്റാനും ആശ്വാസം നൽകാനും നെബുലൈസറിനു കഴിയും.വൈദ്യുതിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഉപകരണം മരുന്നിനെ സൂഷ്മ തന്മാത്രകളാക്കി മാറ്റി ശ്വാസകോശത്തിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
 
നെബുലൈസർ ഉപയോഗിക്കുന്നവർ അറിയേണ്ടത്:-
 
ഒരു നല്ല ഇൻഹേലർ ഉപയോഗിച്ചു ശ്വാസകോശത്തിലേക്ക് മരുന്നുകൾ ഫലപ്രദമായി കുട്ടിക്ക് ലഭിക്കുന്നുണ്ടെങ്കിൽ ആസ്ത്മയ്ക്കുള്ള ബഹുപൂരിഭാഗം കുട്ടികൾക്കും വീട്ടിൽ വച്ച് നെബുലൈസർ ഉപയോഗിക്കേണ്ട ആവശ്യമില്ല.അസുഖം അധികരിക്കുമ്പോൾ രോഗ ചികിത്സാസമയത്ത്‌ ആശുപത്രിയിൽ വെച്ചു മാത്രം നെബുലൈസർ ഉപയോഗിച്ചാൽ മതിയാകും.രോഗത്തിന്റെ ആധിക്യം തരണം ചെയ്യ്തു കഴിഞ്ഞാൽ വീട്ടിൽ ഒരു നെബുലൈസർ ആവശ്യമില്ല.ഒരു ഇൻഹേലർ ഉപയോഗിച്ചു നൽകാൻ സാധിക്കുന്നതിനേക്കാൾ ഉയർന്ന അളവിൽ മരുന്ന് നൽകേണ്ടി വരുമ്പോൾ മാത്രമാണ് നെബുലൈസർ ഉപയോഗിക്കുന്നത്.നെബുലൈസർ ഉപയോഗിക്കുന്നതിനുള്ള ലക്ഷ്യം ശ്വാസകോശത്തിലേക്കു കൃത്യമായ അളവിൽ മരുന്നെത്തിച്ചു രോഗ ലക്ഷണങ്ങളുടെ കാഠിന്യം കുറച്ചു രോഗിക്ക് ആശ്വാസം നൽകുക എന്നുള്ളതാണ്.
 
നെബുലൈസറിന്റെ പ്രധാനഭാഗങ്ങൾ:-
 
● മാസ്ക്:മരുന്ന് കണികകളെ ശ്വസിക്കാനുപയോഗിക്കുന്ന മുഖം മൂടി പോലത്തെ ഭാഗമാണ് നെബുലൈസറിന്റെ മാസ്ക്.ഇത് ഉപയോഗിക്കുന്നത് കുട്ടികൾക്കും ഒരു മൗത്പീസ് ഉപയോഗിക്കാൻ പറ്റാത്ത മുതിർന്നവർക്കും ആണ്.
● മൗത്പീസ്:ശ്വാസകോശത്തിലേക്ക് നെബുലൈസ് ചെയ്യ്ത മരുന്ന് ലഭിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗo ഒരു മൗത്പീസ് ഉപയോഗിക്കുക എന്നതാണ്.കണ്ണിൽ മരുന്ന് വീഴാതെ സൂക്ഷിക്കുന്നു എന്നതാണ് മൗത്പീസിന്റെ മറ്റൊരു പ്രത്യേകത.
● മരുന്ന് ചേമ്പർ:ദ്രാവക രൂപത്തിലുള്ള മരുന്നുകൾ ഒഴിക്കുന്ന അറയാണ് മരുന്ന് ചേമ്പർ.ഈ ദ്രാവകത്തെ വളരെ ചെറിയ കണികകളാക്കി മാറ്റിയാണ് ശ്വാസകോശത്തിൽ എത്തിക്കുന്നത്.
● എയർകംപ്രസ്സർ:ഇത് നെബുലൈസറിന്റെ പ്രധാന ഭാഗമാണ്.ഇത് നെബുലൈസർ ചേമ്പറിലേക്ക് ശക്തമായി വായൂ പ്രവാഹമുണ്ടാക്കുന്നു.അങ്ങിനെയാണ് ദ്രാവക രൂപത്തിലുള്ള മരുന്നുകൾ ചെറിയ കണികകളായി മാറുന്നത്.
 
നെബുലൈസർ എപ്പോഴാണ് ഉപയോഗിക്കുന്നത്:-

 
ഇൻഹേലറിൽ കൂടി നൽകുന്നതിനേക്കാൾ കൂടുതൽ അളവിൽ മരുന്നുകൾ നൽകാൻ നെബുലൈസർ ഉപയോഗിക്കുന്നു.നെബുലൈസറിൽക്കൂടി സാധാരണ ശ്വാസം മുട്ടലിൽ നിന്നും ഉടൻ ആശ്വാസം തരുന്ന റിലീവർ മരുന്നുകളാണ് നൽകുന്നത്.എന്നാൽ ഇൻഹേലറുകളിൽ കൂടി രോഗകാരണം തന്നെ ചികിത്സിക്കുന്ന കൺട്രോൾ മരുന്നുകളാണ് നൽകുന്നത്.ആസ്പത്രിയിലോ ആംബുലൻസിലോ ഒരു ഡോക്ടറുടെയോ നഴ്സിന്റെയോ മേൽനോട്ടത്തിൽ വെച്ചാണ് സാധാരണ നെബുലൈസർ ഉപയോഗിക്കുന്നത്.ആസ്ത്മ രോഗനിർണയം നടത്താൻ ഉള്ള ചില പരിശോധനകൾക്ക് വേണ്ടിയും നെബുലൈസർ ഉപയോഗിക്കും.
 
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Comments

leave a reply