Foto

ആരോഗ്യവിചാരം കുട്ടികളിലെ  വയറിളക്കം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കുവൈറ്റ്: മഴക്കാലം പകർച്ചവ്യാധികളുടെ കൂടി കാലമാണ്.മഴക്കാലം അടുക്കുന്നതോടെ ചെറുതും വലുതുമായ ഒട്ടേറെ പകർച്ചവ്യാധികൾ പടരുമെന്നും രോഗം പകരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് സാധാരണ മുന്നറിയിപ്പുകൾ നൽകാറുണ്ട്.രോഗം വരാതിരിക്കുന്നതിനും അഥവാ പിടിപെട്ടാൽ രോഗലക്ഷണങ്ങൾ മനസ്സിലാക്കി ശരിയായ ചികിത്സ ലഭ്യമാക്കി രോഗം ഭേതമാകുന്നതിന് ഇത്തരം മുൻകരുതലുകൾക്കു ഏറെ ഗുണം ചെയ്യാറുണ്ട്.മഴക്കാലത്തു കുട്ടികളിൽ കണ്ടു വരുന്ന പകർച്ച വ്യാധികളിൽ വയറിളക്ക രോഗങ്ങൾ ഏറെ പ്രധാനമാണ്.ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം വയറിളക്കരോഗങ്ങൾ വികസ്വര രാജ്യങ്ങളിലെ കുഞ്ഞുങ്ങളിൽ ഇപ്പോഴും ഒരു പ്രധാന വ്യാധിയും മരണ കാരണവുമാണ്.2013ലെ കണക്കുകൾ സൂചിപ്പിക്കുന്നത് 1.87മില്യൺ അഞ്ചു വയസ്സിൽതാഴെ പ്രായമുള്ള കുഞ്ഞുങ്ങൾ മരണപ്പെട്ടിട്ടുണ്ടെന്നാണ്.ഇതിൽ 10ൽ 8കുട്ടികളും മരണപ്പെട്ടിരിക്കുന്നത് രണ്ട്‌ വയസ്സിനുള്ളിലാണ്.മൂന്ന് വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളിൽ പ്രതിവർഷം ശരാശരി മൂന്ന് പ്രാവശ്യം വയറിളക്ക രോഗങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്‌.

ലോകാരോഗ്യ സംഘടനയുടെ നിർവ്വചന പ്രകാരം 24മണിക്കൂറിനുള്ളിൽ മൂന്നോ അതിലധികമോ തവണ വളരെയധികം അയഞ്ഞതോ ദ്രാവക രൂപത്തിലുള്ളതോ ആയ മലവിസർജ്ജനം നടത്തുമ്പോഴാണ് വയറിളക്കം രോഗമായി കണക്കാക്കുന്നത്.പ്രധാനമായും നാല്‌ തരത്തിലാണ് വയറിളക്കരോഗങ്ങൾ കുട്ടികളിൽ കാണപ്പെടുന്നത്.

പെട്ടന്നുണ്ടാകുന്ന വെള്ളം പോലെയുള്ള വയറിളക്കം(Acute Watery diarrhoea).ഇതു കുറേ മണിക്കൂറുകളോ കുറച്ചു ദിവസങ്ങളോ കണ്ടേക്കാം.കുഞ്ഞു ആഹാരങ്ങളോ,പാനീയങ്ങളും ആവശ്യത്തിന് കഴിക്കാതിരുന്നാൽ നിർജ്ജലീകരണവും(dehydration)ഭാരക്കുറവും മുണ്ടാകാൻ സാധ്യതയുണ്ട്.
പെട്ടെന്നുണ്ടാകുന്ന രക്തം കലർന്ന വയറിളക്കം(Acute Bloody Diarrhoea).ഇതു കുടലിലെ ശ്ലേഷ്‌മ പാളികൾക്ക്(Mucosa)തകരാറുണ്ടാക്കാനും അണുബാധയ്ക്കും പോഷകക്കുറവിനും നിർജ്ജലീകരണത്തിനും കാരണമാകാൻ ഇടയുണ്ട്.
നീണ്ടു നിൽക്കുന്ന വയറിളക്കം(Persistent Diarrhoea).പതിനാലു ദിവസത്തിലേറെ നീണ്ടുനിൽക്കുന്ന വയറിളക്കം മൂലം പോഷകക്കുറവും കഠിനമായ അണുബാധയും നിർജ്ജലീകരണവും ഉണ്ടാകാം.
കഠിനമായ പോഷക കുറവിനോടൊപ്പം ഉണ്ടാകുന്ന വയറിളക്കം(Marasmus or  Kwarshiorkar).ഇത്‌ അണുബാധയ്ക്കും നിർജ്ജലീകരണത്തിനും വിറ്റാമിനുകളുടെയും ധാതുലവണങ്ങളുടെയും കുറവിനും,ഹൃദയസ്‌തംഭനത്തിനും വരെ കാരണമായേക്കാം.

കുഞ്ഞുങ്ങളിൽ വയറിളക്കമുണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-

മലത്തിൽ രക്തം കലർന്നിട്ടുണ്ടോ
ദിവസവും മൂന്നോ നാലോ തവണയിലേറെ ഉണ്ടാകുന്നുണ്ടോ 
വയറിളക്കത്തോടൊപ്പം ഛർദിയുണ്ടോ 
പനി,ചുമ തുടങ്ങിയവ ഇതിനോടൊപ്പമുണ്ടോ 
കുഞ്ഞു എത്രമാത്രം പാനീയങ്ങൾ കുടിച്ചിട്ടുണ്ട്?
കുഞ്ഞിന് റോട്ടാവൈറസ് കുത്തിവയ്പ്പ് നൽകിയിട്ടുണ്ടോ?
കുഞ്ഞിന് അമിതമായ ക്ഷീണമോ,ബോധക്കേടോ ഉണ്ടോ?
കുഞ്ഞിന്റെ കണ്ണുകൾ കുഴിയിലേക്ക് ആണ്ടുപോയതുപോലെ തോന്നുന്നുണ്ടോ?
കുഞ്ഞിന്റെ ചർമ്മം ഒന്ന് മുന്നോട്ട് വലിച്ചു വിടുമ്പോൾ പെട്ടന്ന് തന്നെ സാധാരണ നിലയിൽ ആകുന്നുണ്ടോ?
കുഞ്ഞിന്റെ കാലുകളിൽ നീരുണ്ടോ?
കുഞ്ഞിന് പോഷക കുറവുണ്ടോ?
ഇത്തരം പ്രശ്നങ്ങളുണ്ടായാൽ കുഞ്ഞിനെ എത്രയെയും വേഗം ശിശുരോഗ വിദഗ്‌ധനെ കാണിക്കണം.

കുഞ്ഞിന് വയറിളക്കം ഉണ്ടായാൽ കൊടുക്കാൻ പറ്റിയ പാനീയങ്ങൾ:-

ORS മിശ്രിതം
ഉപ്പിട്ടകഞ്ഞിവെള്ളം 
ഉപ്പിട്ട പച്ചക്കറി സൂപ്പ് 
ഒരു ടീസ്പൂൺ ഉപ്പ് ,6ടീസ്പൂൺ പഞ്ചസാര,എന്നിവ ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ ലയിപ്പിച്ച ലായിനി(3gm/1 salt &18g/sugar)കുഞ്ഞുങ്ങൾക്ക് കൊടുക്കാവുന്നതാണ്.ഇതുണ്ടാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.അളവ് തെറ്റിയാൽ ഉദ്ദേശിക്കുന്ന ഫലം കിട്ടണമെന്നില്ല.
സാധാരണ വെള്ളം,ഉപ്പിടാത്ത കഞ്ഞിവെള്ളം,ഉപ്പിടാത്ത സൂപ്പ്,പഞ്ചസാരയില്ലാത്ത കട്ടൻ ചായ ഇവയിലൊന്നും ഉപ്പിന്റെ അംശം ഇല്ലാത്തതുകൊണ്ട് ലവണ നഷ്ടം പരിഹരിക്കപ്പെടാൻ സഹായകരമാകില്ല.വയറിളക്കമുള്ളപ്പോൾ കുഞ്ഞുങ്ങൾക്ക് ഗ്യാസ് കടത്തിവിട്ട പാനീയങ്ങളോ,കടയിൽ നിന്ന് വാങ്ങിയ പഴച്ചാറുകളോ കൊടുക്കാൻ പാടില്ല.
ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് നല്ലത്.
രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു തവണ വയറിളക്കമുണ്ടായാൽ 50-100മില്ലിലിറ്റർ പാനീയങ്ങളും,2വയസ്സ് മുതൽ 10വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് 100-200മില്ലിലിറ്റർ പാനീയങ്ങളും മുതിർന്ന കുട്ടികൾക്ക് എത്രമാത്രം അവർക്ക് കുടിക്കാനാകുമോ അത്രെയും പാനീയങ്ങളും നൽകണം.

നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ:-

വായ ഉണങ്ങിയിരിക്കുക 
കണ്ണ് കുഴിഞ്ഞിരിക്കുക 
കുഞ്ഞു അസ്വസ്ഥത പ്രകടിപ്പിക്കുക 
അമിതമായ ദാഹം കാണിക്കുക 
മൂത്രത്തിന്റെ അളവ് കുറയുക 

കഠിനമായ നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ:-

കുഞ്ഞു അബോധാവസ്ഥയിലാവുക 
മൂത്രം തീരെ പോകാതിരിക്കുക 
കൈകാലുകൾ തണുത്തിരിക്കുക 

അപകട സൂചനകൾ:-

നിരവധി തവണ വെള്ളം പോലെ മലം പോവുക 
നിർത്താതെയുള്ള ഛർദ്ദി
കഠിനമായ ദാഹം 
പനി 
ആഹാരവും വെള്ളവും കഴിക്കാതെയിരിക്കുക 
മലത്തിൽ രക്തം 
ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ വൈദ്യസഹായം തേടണം.

വയറിളക്ക രോഗങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-

വ്യക്തിശുചിത്വവും പരിസര ശുചത്വവും പാലിക്കുക 
ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രം നൽകുക 
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുന്നതിനുപയോഗിക്കുക.വെള്ളത്തിൽ അണുക്കൾ നശിക്കാൻ കുറഞ്ഞത് 10മിനിറ്റെങ്കിലും തിളപ്പിച്ചിരിക്കണം 
തുറന്നുവെച്ചതും പഴകിയതും തണുത്തതുമായ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക 
പുറത്തുനിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക 
ഭക്ഷണത്തിനുമുൻപും മലവിസർജനത്തിനു ശേഷവും സോപ്പിട്ട് കൈകഴുകുക 
രോഗലക്ഷണങ്ങൾ കണ്ടാൽ കഴിയുന്നത്ര വേഗത്തിൽ ചികിത്സ തേടുക.


കുവൈറ്റില്‍ നഴ്സാണ് ലേഖകന്‍
 

Comments

leave a reply