കുട്ടികളിലെ മൊബൈൽ-ഇന്റർനെറ്റ് അടിമത്തം:അധികമായാൽ അമൃതും വിഷം
ജോബി ബേബി,നഴ്സ്,കുവൈറ്റ്
കോവിഡ് കാലത്ത് പഠനം ഓൺലൈനിലായപ്പോൾ കുട്ടികൾ വിവരസാങ്കേതികവിദ്യയുടെ ഭാഗമാവുന്നു എന്നതായിരുന്നു പ്രധാന നേട്ടമായി കണ്ടിരുന്നത്.എന്നാൽ,കുടത്തിൽനിന്നു തുറന്നുവിട്ട ഭൂതത്തെ എങ്ങനെ അടക്കിയിരുത്തും എന്നറിയാതെ വലയുകയാണ് മാതാപിതാക്കൾ.മൊബൈൽ ഫോണിന് അടിപ്പെട്ട ഒരു തലമുറയാണ് വളർന്നുവരുന്നത്.അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ല മാതാപിതാക്കൾക്ക്.അവസാനമായി മൊബൈൽ ഫോണിന്റെ കൈവിട്ട ഉപേയാഗം തൃശൂരിലും ആറ്റിങ്ങലിലും 14 കാരായ രണ്ടു കുട്ടികളുടെ ജീവൻകൂടി എടുത്തു.കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആത്മഹത്യാ വാർത്തകളിൽ ഇത് ഏറെ പ്രാധാന്യം അർഹിക്കുന്നു. അതിൽ ചേർത്തിരിക്കുന്ന ചിത്രങ്ങളെ ഓരോ രക്ഷിതാവും കാണുന്നത് സ്വന്തം മകന്റെയും മകളുടെയും രൂപങ്ങളായാണ്.ആ വാർത്തയിൽ പറയുന്ന കാര്യങ്ങളാവട്ടെ ചെറിയ ചെറിയ വ്യത്യാസങ്ങളോടെ ഒട്ടുമിക്ക വീടുകളിലും നിത്യം അരങ്ങേറുന്നതും.പഠനത്തിന്റെ അനിവാര്യോപാധിയായി സാങ്കേതികവിദ്യയും ഇൻറർനെറ്റും മാറിയ സാഹചര്യത്തിൽ കൗമാര മാനസികാവസ്ഥയും ഓൺലൈൻ ഉപയോഗവും തമ്മിലെ ആരോഗ്യകരമായ പാരസ്പര്യത്തിന്റെ മാർഗനിർദേശ തത്ത്വങ്ങൾ അടിയന്തരമായി വികസിപ്പിക്കേണ്ടിയിരിക്കുന്നു.കാരണം, ദീർഘസമയം വിഡിയോ ഗെയിം ഉൾപ്പെടെ ഓൺലൈനിൽ ചെലവഴിക്കുന്ന കുട്ടികളിൽ ആത്മഹത്യാ പ്രവണത, ആത്മാരാധന തുടങ്ങിയ പ്രവണതകൾ ശക്തമാെണന്ന് പറയുന്നത് ലോകപ്രസിദ്ധരായ മനഃശാസ്ത്ര കൂട്ടായ്മകളാണ്.രണ്ടു മണിക്കൂറിലധികം സമയം സ്ക്രീനിൽ തുടർച്ചയായി ചെലവഴിക്കുന്ന കുട്ടികളിൽ വിഷാദം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പെരുമാറ്റപ്രശ്നങ്ങൾ എന്നിവ വ്യാപകമാണെന്നും അവർ വ്യക്തമാക്കുന്നു.12 മുതൽ 18 വയസ്സുവരെയുള്ള കൗമാരക്കാർ ആത്മഹത്യ ഒരു പോംവഴിയായി തിരഞ്ഞെടുക്കുന്നുവെന്ന് കണ്ടെത്തിയത് നമ്മുടെ സംസ്ഥാനത്തെ ശിശുക്ഷേമ വകുപ്പിന്റെ പഠനമാണ്.ഇത്തരം അപകടങ്ങളിൽനിന്ന് നമ്മുടെ കുട്ടികളെ എങ്ങനെ രക്ഷിക്കാം എന്ന് ചർച്ച ചെയ്‌യേണ്ടത് അനിവാര്യമാണ്.
2020ലെ ദേശീയ ക്രൈം റിപ്പോർട്ട് (NCRB) പ്രകാരം നമ്മുടെ രാജ്യത്ത് ഒരോ ദിവസവും ആത്മഹത്യ ചെയ്യുന്നത് മുപ്പതിലധികം കുട്ടികളാണ്.നാലു വർഷമായി അവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നുവെന്നത് നമ്മെ പേടിപ്പിക്കുകയും ചെയ്യുന്നു.കേരളത്തിലെ കണക്കുകളും ഒട്ടും ആശാവഹമല്ല.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ ശൈശവ ആത്മഹത്യ നടന്ന വർഷമാണ് 2020- 324 പേർ.ഈ വർഷം ഏപ്രിൽ വരെ സ്വയംഹത്യയിലേക്ക് നടന്നുകയറിയ കൗമാരക്കാർ 53. ജീവിതം എന്തെന്നറിയുന്നതിനുമുമ്പേ ആയുസ്സറുത്തുമാറ്റാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ പരീക്ഷപ്പേടി മുതൽ പലതരം മാനസിക,ശാരീരിക പീഡകൾ വരെ നിരവധി കാരണങ്ങളുണ്ടെന്ന് ശൈശവ മനഃശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നു.അതിൽ, കുട്ടികളെ ആത്മഹത്യാമുനമ്പിലേക്കു നയിക്കുന്നതിൽ സമീപകാലത്ത് പ്രത്യക്ഷവും പരോക്ഷവുമായ പ്രധാന വില്ലനാവുകയാണ് ഇൻറർനെറ്റ് അഡിക്ഷൻ. സംസ്ഥാന വനിത-ശിശു വികസന വകുപ്പ് 2020 ജനുവരി മുതൽ ജൂലൈ വരെ നടത്തിയ പഠനത്തിൽ 17 വയസ്സിനു താഴെയുള്ള 158 കുട്ടികളിലെ 12 പേരുടെയും ആത്മഹത്യയുടെ കാരണം മൊബൈൽ ഗെയിം/ഇൻറർനെറ്റ് ആസക്തിയാണെന്ന് കണ്ടെത്തിയിരുന്നു. മറ്റു കാരണങ്ങളായി എണ്ണിയ രക്ഷിതാക്കളുടെ ശാസന, മാനസിക-ശാരീരിക പീഡനങ്ങളും പ്രശ്നങ്ങളും, പരീക്ഷത്തോൽവിയും പേടിയും തുടങ്ങിയവയിലും മൊബൈൽ ഒരു കൂട്ടുപ്രതിയായുണ്ട്.
കോവിഡാനന്തരം മഹാഭൂരിപക്ഷം കുട്ടികളും അധിക സമയവും ചെലവിടുന്നത് മൊബൈലിനോടൊപ്പമാണ്. ഈ മഹാമാരിക്കാലത്ത് രാജ്യത്ത് 90 ശതമാനത്തിലധികം കുട്ടികളും ഓൺലൈനിൽ വിദ്യാഭ്യാസം ലഭിക്കാനായ ഏക സംസ്ഥാനമാണ് കേരളമെന്ന ഏറ്റവും പുതിയ വാർഷിക വിദ്യാഭ്യാസ സർവേ റിപ്പോർട്ട് (ASER 2021) നമുക്ക് ഏറെ അഭിമാനകരമാണ്. സാങ്കേതികവിദ്യയും െനറ്റ് കണക്ടിവിറ്റിയും ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിക്കാനായി എന്നതിന്റെ നിദർശനവുമാണ്.ജീവിതവ്യവഹാരങ്ങളിൽനിന്ന് അഴിച്ചുമാറ്റാനാവാത്ത ഡിജിറ്റൽ വിദ്യകളോടൊത്ത് കുട്ടികൾ വളരുന്നുവെന്നത് പുതുലോകത്തേക്ക് ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും പ്രവേശിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്. സാങ്കേതികവിദ്യകളെയും ഓൺലൈൻ ലോകത്തെയും നിഷേധിച്ചുകൊണ്ട് പുതിയ തലമുറകളെ വളർത്തുകയെന്നത് അസാധ്യമാണ്; അക്ഷന്തവ്യമായ തെറ്റുമാണ്. എന്നാൽ, കൃത്യമായ നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളുമില്ലെങ്കിൽ ഇൻറർനെറ്റിന് അടിമപ്പെട്ട് മാനസികവും പെരുമാറ്റപരവുമായ വൈകല്യങ്ങളുള്ള വലിയ തലമുറ വളർന്നുവരാൻ അത് കാരണമായേക്കും.
കുട്ടികളെ പഴയ ചിട്ടയിലേക്ക് മടക്കിക്കൊണ്ടുവരാം
മാറിയ സാഹചര്യങ്ങളാണ് കുട്ടികളെ മൊബൈൽ ഫോണിന് അടിമകളാക്കിയത്.നേരത്തെ സ്കൂളിൽ പോയിരുന്നപ്പോൾ കുട്ടികൾക്ക് അടുക്കും ചിട്ടയുമുള്ള ജീവിതമുണ്ടായിരുന്നു.പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലായതോടെ എല്ലാം മാറിമറിഞ്ഞു.ഫോൺ ഉപയോഗത്തെ കുറിച്ചു ചോദിച്ചാൽ കുട്ടികൾ മിക്കപ്പോഴും കാരണമായി പറയുന്നത് ''ബോറടിക്കുന്നു. ഞാൻ വേറെന്തുചെയ്യാനാ'' എന്നായിരിക്കും. കുട്ടികളെ ആ പഴയ ചിട്ടയിലേക്ക് തിരിച്ചു കൊണ്ടുവരുക എന്നതാണ് ആദ്യത്തെ കാര്യം.അതിനായി കുട്ടികളുടെ ദിവസം ഷെഡ്യൂൾ ചെയ്യുക. പതിയെപ്പതിയെ ചിട്ടയിലേക്ക് കൊണ്ടുവരണം.
കുട്ടികളുടെ കൂടി ഇഷ്ടം നോക്കി അവരുടെ ഓരോ ദിവസത്തെയും ചിട്ടകൾ ആസൂത്രണം ചെയ്തുനൽകണം. ഫോൺ ഉപയോഗിക്കാൻ പ്രത്യേക സമയം അനുവദിക്കുക. ഇതിനെല്ലാം മാതാപിതാക്കളുടെ പിന്തുണ വേണം.
ആഴ്ചയിൽ ഒരു ദിവസം മാതാപിതാക്കളടക്കം ഫോൺ മാറ്റിവെക്കണം. കുട്ടികളുമായി ഗുണപ്രദമായ രീതിയിൽ സമയം ചെലവഴിക്കണം. ചെറിയ കുട്ടികൾക്ക് ഏറ്റവുമിഷ്ടം മാതാപിതാക്കളുമായി കളിക്കുന്നതും യാത്ര പോകുന്നതുമൊക്കെയാണ്. ജോലിക്കാരായ മാതാപിതാക്കൾക്ക് അത് സാധ്യമാകണമെന്നില്ല. എങ്കിലും പരിശ്രമിക്കണം. ദിവസം അരമണിക്കൂറെങ്കിലും കുട്ടികൾക്കായി മാറ്റിവെക്കണം. കുട്ടികളുമായി സൗഹൃദത്തിലായാൽ അവരെ സ്വാധീനിക്കാനും അനുസരിപ്പിക്കാനും എളുപ്പത്തിൽ കഴിയും.
പാരൻറൽ കൺട്രോൾ പോലുള്ള ആപ്പുകൾ ഉപയോഗിച്ച് കുട്ടികളുടെ മെയിലുമായി കണക്ട് ചെയ്താൽ അവരുടെ പ്രവർത്തനങ്ങൾ അറിയാനാകും. എത്ര സമയം ഉപയോഗിക്കുന്നു എന്നറിയാം. കുട്ടികളുടെ വയസ്സ് സെറ്റ് ചെയ്താൽ അതിനപ്പുറത്തേക്കുള്ള ആപ്പുകളൊന്നും കുട്ടികൾക്ക് ലഭ്യമാകില്ല.
കുട്ടികളുടെ മൊബൈൽ ഫോൺ മാറ്റിവെച്ചതുകൊണ്ട് ഫലമില്ല.അത് ദോഷം ചെയ്യുമെന്നതും ഓർക്കണം.
മാതാപിതാക്കൾക്കും വേണം കൗൺസലിങ്
കുട്ടികൾക്ക് മാത്രമല്ല, മാതാപിതാക്കൾക്കും കൗൺസലിങ് നൽകേണ്ട സാഹചര്യമാണിപ്പോഴുള്ളത്.സമൂഹത്തിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് എന്ന് അവരും തിരിച്ചറിയണം. പലപ്പോഴും കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കുമ്പോൾ ഞങ്ങളുടെ കുട്ടികൾക്ക് ഇതൊന്നുമറിയില്ല എന്ന രീതിയിലാണ് അവരുടെ പ്രതികരണം. ഇന്ന് ഇൻറർനെറ്റ് നോക്കാനും അവർക്കാവശ്യമുള്ളതു കണ്ടെത്താനും കുട്ടികളെ ആരും പഠിപ്പിക്കേണ്ടതില്ല.മൊബൈൽ ഫോണോ കമ്പ്യൂട്ടറോ കിട്ടിയാൽ ആരും പറഞ്ഞുനൽകാതെ തന്നെ അവർ ഉപയോഗിക്കും.
കുട്ടികളുടെ മൊബൈൽ ഉപയോഗം നിരീക്ഷിക്കണം. എന്നാൽ, പെട്ടെന്നൊരു ദിവസം ശ്രദ്ധിക്കാൻ തുടങ്ങിയാൽ അത് വിപരീത ഫലമേ ഉണ്ടാക്കൂ. മൊബൈൽ ഉപയോഗിക്കാൻ തുടങ്ങുമ്പോഴേ സമയനിയന്ത്രണം വേണം.അത് ശീലമാക്കണം.
മുതിർന്നവരിൽപോലും മൊബൈൽ ഫോൺ അഡിക്ഷൻ ഉണ്ട്.അമിതമായ മൊബൈൽ ഉപയോഗം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്.
പഠനാവശ്യത്തിനുള്ളതാണെങ്കിൽ അതിനുള്ള സംവിധാനം മാത്രം മൊബൈലിൽ മതി.വീട്ടിൽനിന്നോ അക്കൗണ്ടിൽനിന്നോ പണം നഷ്ടമാവുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. പണത്തിന്റെ മൂല്യം അറിയാതെ വളർത്തുന്നവരാണ് പണം ഉപയോഗിച്ച് കളിക്കാൻ തയാറാവുന്നത്.
പഠിപ്പിക്കണം സൈബർ സുരക്ഷ
സൈബർ സുരക്ഷയെ കുറിച്ച് പഠപ്പിക്കണം.കുട്ടികൾക്ക് പലപ്പോഴും വരും വരായ്കകൾ അറിയില്ല.അതുകൊണ്ടാണല്ലോ അവരെ കുട്ടികൾ എന്നു വിളിക്കുന്നത്.ചതിക്കുഴിയിൽ ചാടുമ്പോൾ മാത്രമാണ് തിരിച്ചറിയുന്നത്.
പലപ്പോഴും ഇൻസ്റ്റഗ്രാം, ഫേസ്ബുക് വഴി പരിചയപ്പെടുന്ന അപരിചിതരാണ് ചതിക്കുഴികളിലേക്ക് എത്തിക്കുന്നത്.സാമ്പത്തികമായോ ശാരീരികമായോ ചൂഷണങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടാവും. കുട്ടികൾ ഇത്തരം ബന്ധങ്ങളിൽ ചെന്നുപെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
നേരത്തെ സുരക്ഷിത ഡ്രൈവിങ്ങിനെ കുറിച്ചാണ് ക്ലാസ് നയിച്ചിരുന്നത്.അതുവഴി ഏറെ ആളുകൾക്ക് ഇപ്പോൾ ഗതാഗത നിയമങ്ങളെക്കുറിച്ച് അറിയാം.അതുപോലെ സൈബർ സുരക്ഷയെക്കുറിച്ച് അവബോധം നൽകണം.
മൊബൈലിൽ എന്തൊക്കെ ഉപയോഗിക്കാം, ഉപയോഗിക്കരുത് എന്ന് കൃത്യമായി പറയണം കുട്ടികളോട്. കുട്ടികൾ ഗെയിം കളിക്കുന്നത് അറിയാൻ ബുദ്ധിമുട്ടില്ല.
പഠനസമയം കഴിഞ്ഞും കുട്ടികൾ മൊബൈലിലാണെങ്കിൽ അവരെന്തുചെയ്യണം എന്ന് നിരീക്ഷിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.
വീടിനകത്ത് തുറന്ന സ്ഥലത്ത് എല്ലാവർക്കും കാണുന്ന വിധത്തിലായിരിക്കണം കുട്ടികൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ സ്ഥാപിക്കേണ്ടത്.
മുറിയടച്ചിരുന്ന് മൊബൈൽ ഫോൺ നോക്കാൻ അനുവദിക്കരുത്. കുട്ടികളെ വഴക്കുപറയാൻ പോലും ധൈര്യമില്ല രക്ഷിതാക്കൾക്ക്.
സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള അറിവ് ഗുണകരമായി നൽകുന്നതോടൊപ്പം അതുണ്ടാക്കുന്ന അപകടങ്ങൾ, സൈബർ നിയമങ്ങൾ തുടങ്ങിയവ നമ്മുടെ കരിക്കുലങ്ങളിൽ ഉൾപ്പെടുത്തേണ്ട സമയം ആസന്നമായിരിക്കുന്നു.ശരീരത്തിനും മനസ്സിനും തെറ്റായി ബാധിക്കാത്ത രീതിയിൽ ഡിജിറ്റൽ പഠനത്തെ ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്. സ്കൂളുകളിലെ കൗൺസലിങ് സംവിധാനങ്ങൾ കുട്ടികളുടെ 'മാറ്റ'ങ്ങളെ പെട്ടെന്ന് തിരിച്ചറിയാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഏറെ ഉപകാരപ്പെടും.നിഷേധാത്മക കാർക്കശ്യങ്ങളേക്കാൾ പരസ്പരം മനസ്സിലാക്കിയുള്ള നിയന്ത്രണങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരാൻ രക്ഷിതാക്കളെയും പ്രാപ്തരാക്കേണ്ടതുണ്ട്. കൗമാരക്കാരെ തെറ്റായി സ്വാധീനിക്കാനിടവരുത്തുന്ന ഓൺലൈൻ കളികൾ, പണം പിടുങ്ങുന്ന ചൂതാട്ടങ്ങൾ തുടങ്ങിയവക്ക് കർശനമായ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തണം.ഓൺലൈൻ ചൂതാട്ട നിരോധനത്തിനായി നിയമ ഭേദഗതിയും ഓർഡിനൻസും പുറത്തിറക്കിയ കർണാടക, തമിഴ്നാട് മാതൃകകൾ ഇവിടെയും സ്വീകരിക്കാനാകുമോ എന്ന് പരിശോധിക്കാവുന്നതാണ്.ഭ്രമാത്മകമായ വെർച്വൽ ജീവിതത്തേക്കാൾ ആനന്ദകരവും ആഹ്ലാദകരവുമാണ് മനുഷ്യരടക്കമുള്ള സകല ജീവജാലങ്ങളുമായുള്ള ജീവിതമെന്ന സാമൂഹിക പാഠങ്ങളും, എല്ലാവരെയും സമഭാവനയോടെ ഉൾക്കൊള്ളാനും തീക്ഷ്ണമായ ജീവിതയാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാനും ശക്തി നൽകുന്ന ധാർമികമൂല്യങ്ങളും നമ്മുടെ കുട്ടികളിൽ സാങ്കേതിക ജ്ഞാനത്തോടൊപ്പം സന്നിവേശിപ്പിക്കാൻ കഴിയുമ്പോഴേ ഡിജിറ്റൽ തുരുത്തുകളിൽ കുരുങ്ങിപ്പോകുന്ന അവരെ ആത്യന്തികമായി പുറത്തുകടത്താനാകൂ.
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
Comments