നീതിപൂർവ്വകവും സമഗ്രവുമായ പ്രകൃതി പരിപോഷണം ഉറപ്പുവരുത്തി വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള കത്തോലിക്കാ സഭ ദ്വിദിന നെറ്റ് സീറോ ശില്പശാല സംഘടിപ്പിക്കുന്നു. നമ്മുടെ പൊതുഭവനമായ ഭൂമിക്ക് സംരക്ഷണമൊരുക്കുകയെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തോട് ആഗോള സഭയും ലോക രാഷ്ട്രങ്ങളും എടുത്തിട്ടുള്ള അനുകൂല നിലപാടിനോട് ചേർന്ന്, രൂപതകളേയും ഇടവകകളേയും സ്ഥാപനങ്ങളെയും കൃത്യമായ ഹരിത ചട്ടം പാലിക്കാൻ പ്രാപ്തമാക്കിയാണ് ഇത് സാധ്യമാക്കുന്നത്. കെ.സി.ബി.സി.യുടെ ജെ.പി.ഡി. കമ്മീഷൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും കൈകാര്യം ചെയ്യുന്ന ഓഫീസുമായി ചേർന്ന് ഏപ്രിൽ മൂന്ന്, നാല് തിയ്യതികളിൽ പാലാരിവട്ടം പി.ഒ.സി.യിൽ വച്ച് നടത്തുന്ന ശില്പശാല സി.ബി.സി.ഐ. പ്രസിഡന്റ് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉത്ഘാടനം ചെയ്യും; കെ. സി. ബി. സി.യുടെ ജെ. പി. ഡി. കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ അദ്ധ്യക്ഷനായിരിക്കും. സി.ബി.സി.ഐ. പരിസ്ഥിതി ഓഫീസ് ചെയർമാൻ ബിഷപ്പ് ആൽവിൻ ഡിസിൽവ മുഖ്യ പ്രഭാഷണം നടത്തും, വൈസ് ചെയർമാൻ ബിഷപ്പ് മാർ തോമസ് തറയിൽ ചർച്ചകൾ നിയന്ത്രിക്കും. കേരള കത്തോലിക്കാ സഭയുടെ മുപ്പത്തിരണ്ട് രൂപതകളിൽ നിന്നും വിദഗ്ധർ സംബന്ധിക്കുന്ന ശില്പശാലയിൽ പ്രകൃതി വിഭവ പരിപോഷണത്തെ ആസ്പദമാക്കി വിദഗ്ദ്ധരുടെ ക്ളാസ്സുകൾ, ചർച്ചകൾ, മാതൃകാ പഠനങ്ങൾ, പദ്ധതി ആസൂത്രണം എന്നിവ നടക്കും. ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ ഇടവകയായ പാലക്കാട് ജില്ലയിലെ വണ്ടാഴി പഞ്ചായത്ത് പൊൻകണ്ടം ഇടവകയിലെ വിദഗ്ദ്ധർ പരിശീലനത്തിന് നേതൃത്വം നല്കും.
Comments