Foto

കർദിനാൾ മാർ ആന്റണി പടിയറ പ്രാർത്ഥനയുടെ തീർത്ഥാടകൻ

ജന്മശതാബ്തി ദിനത്തിൽ കർദിനാളിനെ ഓർമ്മിക്കുന്നു

 സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ആയിരുന്ന അഭിവന്ദ്യ മാർ ആന്റണി പടിയറ പിതാവിന്റെ ജന്മശതാബ്ദി നാം  ആഘോഷിക്കുകയാണ്. അഭിവന്ദ്യ പിതാവിന്റെ  ധന്യജീവിതം അക്ഷരാർത്ഥത്തിൽ പ്രാർഥനയുടെ ഒരു തീർത്ഥാടനം ആയിരുന്നു. പ്രാർത്ഥനാരൂപിയിൽ മാത്രമേ ഏതൊരു തീരുമാനവും പിതാവ് എടുക്കുമായിരുന്നുള്ളു. പൊതുവായ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് ഉപവസിച്ച് പ്രാർത്ഥിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. യാത്രാവേളകളിൽ ജപമാല അർപ്പണവും പിതാവിന് നിർബന്ധമായിരുന്നു. ഭക്തി ഗാനങ്ങൾ പാടി കേൾക്കുന്നതും പിതാവിന് ഇഷ്ടമായിരുന്നു.

നിഷ്‌കളങ്കമായ പെരുമാറ്റ ശൈലിയിലൂടെ  സഭാമക്കളുടെയും സമൂഹത്തിന്റെയും ഹൃദയം കവർന്നെടുക്കുവാൻ  പിതാവിനെ സാധിച്ചിരുന്നു.

 അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സംഭവ കഥകളും ഫലിതവും   വിജ്ഞാനവും നിറഞ്ഞതായിരുന്നു. 'പടിയറ ഫലിതങ്ങൾ'  എന്ന പ്രയോഗം തന്നെ ഇന്ന് പ്രചാരത്തിലുണ്ടല്ലോ. അദ്ദേഹത്തിന്റെ ബഹുഭാഷാ പണ്ഡിത്യം തന്റെ പ്രബോധനങ്ങളെ ദീപ്തമായി അവതരിപ്പിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു.

 കൃത്യനിഷ്ഠ പിതാവിന്റെ മുഖമുദ്രയായിരുന്നു. ഒരു സ്ഥലത്ത് അല്പം നേരത്തെ എത്തിച്ചേർന്നാൽ വഴിയിൽ കാത്തു നിന്ന് കൃത്യസമയത്ത് ഉദ്ദേശിക്കുന്ന സ്ഥലത്ത് കടന്നു ചെല്ലുന്ന അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയെ കുറിച്ച് നാലു വർഷക്കാലം പിതാവിന്റെ സെക്രട്ടറിയായിരുന്ന റവ.ഡോ. ജോസഫ് തൂമ്പുങ്കൽ പറഞ്ഞത് ഓർമ വരുന്നു.

 കോട്ടയം ജില്ലയിലെ മണിമലയിൽ ആരംഭിച്ച് കോയമ്പത്തൂരിലും മൈസൂരിലും ഊട്ടിയിലും മാതൃരൂപതയായ ചങ്ങനാശ്ശേരിയിലും തുടർന്ന് ശ്രേഷ്ഠ മെത്രാപ്പോലീത്താ ആയും അദ്ദേഹം സഭയ്ക്കും സമൂഹത്തിനും ഉജ്ജ്വലമായ നേതൃത്വം നൽകുകയായിരുന്നു. സഭയുടെ സവിശേഷ അംഗീകാരമായ കർദിനാൾ പദവി ലഭിച്ചതും രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചതും അഭിവന്ദ്യ പടിയറ പിതാവിന്റെ നിസ്വാർത്ഥ  സേവനങ്ങൾക്കുള്ള അംഗീകാരമായിരുന്നു.

 മാതൃരൂപതയായ ചങ്ങനാശ്ശേരിയിലെ ഒന്നര പതിറ്റാണ്ട് കാലത്തെ ശുശ്രൂഷാ വേളയിൽ അതിരൂപതയുടെ സമസ്ത മേഖലയുടെയും വളർച്ചയ്ക്ക് ഒരു ക്രാന്തദർശിയെപ്പോലെ പിതാവ് നേതൃത്വം നൽകി. സംഘടനകളും സംവിധാനങ്ങളും വിദ്യാലയങ്ങളും ആതുര ശുശ്രൂഷാ കേന്ദ്രങ്ങളും സാമൂഹികസേവന രംഗങ്ങളും സർവ്വോപരി സഭാ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്കുതകുന്ന നടപടികളും അഭിവന്ദ്യ പിതാവിന്റെ കാലത്ത് വർദ്ധിത ശോഭയോടെ നടപ്പിലാക്കി.

 മെത്രാനായി നിയമിതനായപ്പോൾ 'സന്തോഷത്തോടെ സേവനം ചെയ്യുക' എന്ന ആദർശം സ്വീകരിച്ച പടിയറ പിതാവിന്റെ ജീവിതം പ്രാർത്ഥനയിൽ അധിഷ്ഠിതമായ സന്തോഷകരമായ സേവനം തന്നെയായിരുന്നു. ദൈവജനത്തിന്  ശുശ്രൂഷയ്ക്ക് വേണ്ടി സമാധാനത്തിന്റെയും സന്തോഷത്തെയും സ്‌നേഹത്തിന്റെയും സന്ദേശം പകർന്ന് നൽകിയ അഭിവന്ദ്യ പിതാവിന്റെ ഓർമ്മകൾക്കു മുമ്പിൽ കൂപ്പുകൈകളോടെ പ്രണാമം.

 

✍️ ജോസ് ജോസഫ്

ആനിത്തോട്ടത്തിൽ

Comments

leave a reply

Related News