Foto

പാരിസ്ഥിതിക പ്രതിസന്ധികളും കുടിയേറ്റ പ്രശ്നങ്ങളും ചർച്ചചെയ്‌ത്‌ പാപ്പായും സീറ ലിയോൺ പ്രസിഡന്റും

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സീറ ലിയോൺ പ്രസിഡന്റ് ജൂലിയസ് മാഡ ബിയോയ്ക്ക് (Julius Maada Bio) കൂടിക്കാഴ്ച അനുവദിച്ചതായും, വത്തിക്കാനിൽ ഇരു രാഷ്ട്രനേതൃത്വങ്ങളും തമ്മിൽ നടന്ന വിവിധ കൂടിക്കാഴ്ചകളിൽ യുവജനക്ഷേമം, കുടിയേറ്റം, പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ചാവിഷയമായതായും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. ഒക്ടോബർ 8 വ്യാഴാഴ്ച, അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച്, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനുമായും പ്രസിഡന്റ് ബിയോ കൂടിക്കാഴ്ച നടത്തിയെന്ന് ഇതേ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.

അപ്പസ്തോലിക കൊട്ടാരസമുച്ചയത്തിൽ നടന്ന സൗഹൃദപരമായ കൂടിക്കാഴ്ചകളിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ഉഭയകക്ഷിബന്ധവും, സീറ ലിയോണിലെ പൊതുസമൂഹത്തിന് പ്രാദേശികസഭ നൽകുന്ന വിവിധ സംഭാവനകളും പരാമർശിക്കപ്പെട്ടു. കുടിയേറ്റവുമായി ബന്ധപ്പെട്ട പാരിസ്ഥിതികപ്രതിസന്ധികളും ഭക്ഷ്യസുരക്ഷാ പ്രശനങ്ങളും മറ്റു വെല്ലുവിളികളും, യുവജനങ്ങൾ ഉൾപ്പെടെയുള്ള ജനവിഭാഗം നേരിടുന്ന സാമൂഹികപ്രശ്നങ്ങളും ചർച്ചകളിൽ ഇടം പിടിച്ചു.

സമാധാനം കെട്ടിപ്പടുക്കുന്നതിനും വിദ്യാഭ്യാസ-വികസന മേഖലകളിൽ പദ്ധതികൾ നടപ്പാക്കുന്നതിനും കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്ന് ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളിലുള്ള തങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും ചർച്ചകളിൽ വത്തിക്കാൻ നേതൃത്വവും സീറ ലിയോൺ പ്രസിഡന്റും കൈമാറി.

കർദ്ദിനാൾ പിയെത്രോ പരൊളീനുമായുള്ള കൂടിക്കാഴ്ചയിൽ, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ വിഭാഗം അണ്ടർസെക്രട്ടറി മോൺസിഞ്ഞോർ മിഹായിറ്റ്സ ബ്ലാജ് സന്നിഹിതനായിരുന്നു.

2018 ഏപ്രിൽ നാലിനാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സീറ ലിയോണിന്റെ ഭരണനേതൃത്വത്തിലേക്കെത്തിയത്. 

Comments

leave a reply

Related News