അധികാരം സേവനത്തിനുപയോഗിക്കാനും, ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനും, മനുഷ്യന്റെ ക്ഷേമത്തിനുതകുന്ന സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കാനും ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. തെക്കേ അമേരിക്കയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ രണ്ടാം പാദമായ അർജന്റീനയിൽ നവംബർ 8 ഞായറാഴ്ച എത്തിയ പാപ്പാ, അവിടുത്തെ തന്റെ ആദ്യ ഔദ്യോഗിക പൊതുചടങ്ങായിരുന്ന, രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളുമൊത്തുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.
ജനാധിപത്യം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് പറഞ്ഞ പാപ്പാ, അഭിപ്രായവ്യത്യാസങ്ങളെ മാനിക്കുകയും, മറ്റുള്ളവരെ ശ്രദ്ധാപൂർവ്വം കേൾക്കുകയും, നിയമവ്യവസ്ഥയിലും പൊതുസഥാപനങ്ങളിലും നീതിപൂർവ്വമായ പ്രവർത്തനങ്ങൾ ഉണ്ടാവുകയും വേണമെന്ന് ഓർമ്മിപ്പിച്ചു. ഓരോ തലമുറയ്ക്കും പൈതൃകമായി ലഭിക്കുന്ന ജന്മനാട്, വരും തലമുറകൾക്കായി പരിപാലിക്കുകയും ഉത്തരവാദിത്വപൂർവ്വം കൈമാറുകയും ചെയ്യാനുള്ള ഉത്തരവാദിത്വം എല്ലാവരുടേതുമാണെന്ന് പാപ്പാ പ്രസ്താവിച്ചു.
അധികാരം സേവനമായി കാണാനും, സ്വന്തം താത്പര്യങ്ങളേക്കാൾ സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാനും അധികാരികൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.










Comments