കോട്ടയം അതിരൂപതയിലെ ഇടവകകളിൽ അടുത്ത മൂന്നുവർഷത്തേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾക്കായി എല്ലാ ഫൊറോനകളിലും പരിശീലനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പിറവം ഫൊറോനയിൽ പരിശീലനം നടത്തി. പിറവം ഹോളി കിംഗ്‌സ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച ഫൊറോനയിലെ എല്ലാ ഇടവകകളിലെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെ സംയുക്ത കൂടിവരവ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. വിശ്വാസതീഷ്ണതയോടെ സഭയോടു ചേർന്നിനിന്ന് ഇടവകകളെ വളർത്തുന്നതിന് പാരിഷ് കൗൺസിൽ അംഗങ്ങൾ കൂട്ടായി യത്‌നിക്കണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ പിതാവു പറഞ്ഞു. പാരിഷ് കൗൺസിലുകളുടെ ദർശനവും ദൗത്യങ്ങളും എന്ന വിഷയത്തിൽ അതിരൂപതാ ചാൻസിലർ ഫാ. തോമസ് ആദോപ്പിള്ളിൽ ക്ലാസ്സ് നയിച്ചു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചർച്ചകൾക്കു നേതൃത്വം നല്കി. പിറവം ഫൊറോന വികാരി ഫാ. തോമസ് പ്രാലേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കിഴക്കേൽ ഏവർക്കും സ്വാഗതം ആശംസിച്ചു. പാസ്റ്ററൽ കൗൺസിൽ അംഗം ജെയിൻ മാത്യു പെരുമ്പളത്ത് കൃതജ്ഞതയർപ്പിച്ചു. ഫൊറോനയിലെ ഇടവകകളിൽ നിന്നുള്ള വികാരിയച്ചന്മാരും പാരിഷ് കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.
കോട്ടയം അതിരൂപതയിലെ പിറവം ഫൊറോനയിലെ പാരിഷ് കൗൺസിൽ അംഗങ്ങളുടെ സംയുക്ത കൂടിവരവ് അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
Comments