Foto

വത്തിക്കാനിലെ പുല്‍ക്കൂട് പെറുവില്‍നിന്ന്


വത്തിക്കാനിലെ പുല്‍ക്കൂട് പെറുവില്‍നിന്ന്

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയുടെ മുന്നിലെ ചത്വരത്തില്‍ ഈ വര്‍ഷം സ്ഥാപിക്കാനുള്ള പുല്‍ക്കൂട്, പെറുവിലെ ഹുവാങ്കവെലിക്ക പ്രദേശത്തുള്ള  ചോപ്ക്ക ഗ്രാമത്തില്‍ നിന്ന് കൊണ്ടുവരുമെന്ന് വത്തിക്കാന്‍ ഗോവെര്‍ണറേറ്റ് അറിയിച്ചു. ഒക്ടോബര്‍ 24 ഞായറാഴ്ചയിലെ ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തില്‍ ഫ്രാന്‍സിസ് പാപ്പാ ഇതിനെക്കുറിച്ച് അറിയിച്ചിരുന്നു. പെറുവിലെ ഹുവാങ്കവെലിക്കയില്‍നിന്നുള്ള കലാകാരന്‍മാര്‍ നിര്‍മ്മിച്ച മുപ്പതിലധികം പ്രതിമകളും മറ്റു വസ്തുക്കളും പുല്‍ക്കൂട്ടില്‍ ഇടംപിടിക്കും. ചോപ്ക്ക സമൂഹത്തിന്റെ പാരമ്പര്യരീതിയിലുള്ള വസ്ത്രങ്ങളായിരിക്കും യേശുവിന്റെയും കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ഉള്‍പ്പെടെയുള്ള പ്രതിമകള്‍ക്ക് അണിയിക്കപ്പെടുന്നത്. പ്രാദേശികമായ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും പുല്‍ക്കൂട്ടിലെ ഓരോ വസ്തുക്കളും. അതുപോലെതന്നെ, പെറുവിന്റെ ദേശീയ ചിഹ്നമായ ആന്‍ഡിയന്‍ കോണ്ടര്‍ ഉള്‍പ്പെടെ, പെറുവില്‍നിന്നുള്ള പക്ഷിമൃഗാദികളുടെയും പ്രതിമകള്‍ ഇത്തവണ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ എത്തും.തിരുപ്പിറവിയുമായി ബന്ധപ്പെട്ട ക്രിസ്തുമസ് പുല്‍ക്കൂടിന്റെയും മരത്തിന്റെയും ഉദ്ഘാടനം വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഡിസംബര്‍ പത്തിന് വൈകുന്നേരം അഞ്ചുമണിക്ക്, വത്തിക്കാന്‍ ഗവര്‍ണ്ണര്‍ ആര്‍ച്ച്ബിഷപ് ഫെര്‍ണാണ്ടോ വേര്‍ഗെസ് അല്‍സാഗ നിര്‍വ്വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഉദ്ഘാടനം നടക്കുക. പതിവുപോലെ, യേശുവിന്റെ ജ്ഞാനസ്നാനം ആഘോഷിക്കുന്ന ഞായറാഴ്ച, 2022 ജനുവരി ഒന്‍പതു വരെ ഈ ക്രിസ്തുമസ് അലങ്കാരങ്ങള്‍ വത്തിക്കാനില്‍ ഉണ്ടാകും.


 

Comments

leave a reply

Related News