Foto

ചാരക്കൂമ്പാരത്തിൽ നിന്ന് ഉയിർത്തു ക്രൂശിതരൂപം! ഇസ്ലാമിക ഭീകരതയിലും തളരാതെ മൊസാംബിക്കിലെ പീഡിത ക്രൈസ്തവർ

മ്യാപ്യൂട്ടോ: ജിഹാദികൾ അഗ്‌നിക്കിരയാക്കിയ ഭവനാവിശിഷ്ടങ്ങളിൽനിന്ന് വീണ്ടെടുത്ത മരംകൊണ്ട് നിർമിച്ച ക്രൂശിതരൂപത്തിനു മുന്നിൽ ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവർക്കുവേണ്ടി പ്രാർത്ഥനാ നിരതരായി ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ വിശ്വാസീസമൂഹം. മീസെ പട്ടണത്തിലെ ന്യൂസ്ട്ര സെനോറ ഡെൽ കാർമെൻ ഇടവക സമൂഹമാണ്,  ഇസ്ലാമിക ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി വിശേഷാൽ പ്രാർത്ഥന ക്രമീകരിക്കുന്നത്. ക്രൂശിതരൂപം സ്ഥാപിച്ച് ഒരുമിച്ചുകൂടി പ്രാർത്ഥിക്കാൻ പ്രത്യേക സ്ഥലവും സലേഷ്യൻ സഭാംഗമായ ബ്രസീലിയൻ  മിഷണറി ഫാ. എഡെഗാർഡ് സിൽവയുടെ നേതൃത്വത്തിൽ ഇവർ ഒരുക്കിയിട്ടുണ്ട്.

‘ഇസ്ലാമിക ഭീകരാക്രമണത്തിൽ കത്തിനശിച്ച ഒരു ക്രൈസ്തവ സഹോദരന്റെ ഭവനത്തിൽനിന്ന് വീണ്ടെടുത്ത മരക്കഷ്ണത്തിൽ നിന്ന് ക്രൂശിതരൂപം കൊത്തിയെടുക്കുകയായിരുന്നു. ക്രിസ്തുവിന്റെ ശരീരഭാഗങ്ങൾ ചേർത്തുവെക്കാൻ സാധിക്കാത്തവിധമാണ് കുരിശ് നിർമിച്ചിരിക്കുന്നത്. ഛേദിക്കപ്പെട്ട്, മുറിഞ്ഞുപോയ ഈ നാട്ടിലെ അനേകം സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും അവസ്ഥ എത്രയോ ദയനീയമാണെന്ന് സ്മരിക്കാനും ആ വസ്തുത ലോകത്തെ ബോധ്യപ്പെടുത്താനും വേണ്ടിയാണിത്,’ പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡി’ന് നൽകിയ അഭിമുഖത്തിൽ ഫാ. എഡെഗാർഡ് സിൽവ വെളിപ്പെടുത്തിയത്.

‘ഇത് കാബോ ഡെൽഗാഡോയിലെ യേശുവിന്റെ മുഖം,’ എന്ന് രേഖപ്പെടുത്തിയ ചെറിയ ഒരു ബോർഡാണ് പ്രാർത്ഥാ ഇടത്തിലേക്ക് വിശ്വാസീസമൂഹത്തെ സ്വാഗതം ചെയ്യുന്നത്. അതിന് തൊട്ടടുത്തായി നിലത്ത് വലിയ ഒരു ജപമാലയും ക്രമീകരിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ വേദനകളെ ജപമാലയിലും കുരിശിന്റെ വഴിയിലും സമർപ്പിക്കുമ്പേൾ യഥാർത്ഥത്തിൽ ലോകമെമ്പാടുമുള്ള അനേകരുടെ സങ്കടങ്ങളും കുരിശുകളും കൂടിയാണ് സമർപ്പിക്കപ്പെടുന്നത്. മിഷനറി ജപമാല ഈ ലോകത്തെ മുഴുവൻ ഉൾകൊള്ളുന്ന ഒന്നാണ്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

2017 ഒക്ടോബറിലാണ് മൊസാംബിക്കിലെ കത്തോലിക്ക സഭയ്‌ക്കെതിരായ ഏറ്റവും വലിയ ജിഹാദി അക്രമണം നടന്നത്. പ്രസ്തുത അക്രമണത്തിൽ കത്തോലിക്കരുടെ അനേകം ഭവനങ്ങളും സ്ഥാപനങ്ങളും വാസയോഗ്യമല്ലാത്തവിധം നശിപ്പിക്കപ്പെട്ടു. 2020 നവംബറിൽ നടന്ന ആക്രമണത്തിൽ 50ൽപ്പരം യുവജനങ്ങളാണ് അരുംകൊല ചെയ്യപ്പെട്ടത്. അതേതുടർന്ന് മറ്റ് ഗ്രാമങ്ങളിലേക്ക് പലായനം ചെയ്ത അനേകരിൽ ഒരാളാണ് ഫാ. എഡെഗാർഡ്. തങ്ങൾ വന്നണഞ്ഞ പ്രദേശത്ത് പ്രാർത്ഥനയ്ക്കായി പുതിയ ഇടങ്ങൾ ഒരുക്കുന്നതിലും വിശ്വാസീഗണത്തെ ആത്മീയമായി ശക്തീകരിക്കുന്നതിലും വ്യാപൃതനാണ് ഇപ്പോൾ ഈ ബ്രസീലിയൻ മിഷണറി.

Comments

leave a reply

Related News