Foto

മനുഷ്യാന്തസ്സും ജീവനും ഉയർത്തിപ്പിടിക്കാനും സമാധാനവും വിശ്വാസവും വളർത്താനും പരിശുദ്ധ പിതാവിന്റെ ഫ്രാൻസ് സന്ദർശനം സഹായകരമാകും: കർദ്ദിനാൾ പരൊളീൻ

സെപ്റ്റംബർ 25 മുതൽ 28 വരെ തീയതികളിലായി ഫ്രാൻസിലേക്കും, വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനും സംസ്കാരത്തിനും വേണ്ടിയുള്ള ഐക്യരാഷ്ട്രസഭാകേന്ദ്രത്തിലേക്കും ലിയോ പതിനാലാമൻ പാപ്പാ നടത്തുന്ന സന്ദർശനത്തെക്കുറിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനുമായി, വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയിലെ അസിസ്റ്റന്റ് ഡയറക്ടർ മെനിക്കെത്തി നടത്തിയ ഇന്റർവ്യൂവിലൂടെ.

മനുഷ്യജീവന്റെയും അന്തസ്സിന്റെയും സംരക്ഷണം, സമാധാനം, വിശ്വാസവും യുക്തിയും തമ്മിലുള്ള ആരോഗ്യപരമായ സംവാദം, നിർമ്മിതബുദ്ധിയുടെ വളർച്ച, യൂറോപ്പിന്റെ ഭാവി തുടങ്ങിയ വിവിധ വിഷയങ്ങൾ ലിയോ പതിനാലാമൻ പാപ്പായുടെ ഫ്രാൻസിലേക്കുള്ള അപ്പസ്തോലിക യാത്രയും, വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനും സംസ്കാരത്തിനും വേണ്ടിയുള്ള ഐക്യരാഷ്ട്രസഭാകേന്ദ്രത്തിലേക്കുള്ള സന്ദർശനവുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. പരിശുദ്ധ പിതാവിന്റെ അഞ്ചാമത് അന്താരാഷ്ട്ര അപ്പസ്തോലിക യാത്രയുടെ പശ്ചാത്തലത്തിൽ, വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയിലെ അസിസ്റ്റന്റ് ഡയറക്ടർ മെനിക്കെത്തിക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ലോകത്തിന് ജീവനുണ്ടാകുവാൻ വേണ്ടി" എന്നതാണ് പാപ്പായുടെ ഇത്തവണത്തെ യാത്രയുടെ പ്രമേയമെന്നത് അനുസ്മരിച്ച കർദ്ദിനാൾ, ഗർഭധാരണം മുതൽ സ്വാഭാവികമരണം വരെ മനുഷ്യജീവൻ സംരക്ഷിക്കപ്പെടേണ്ടതാണെന്ന സഭയുടെ നിലപാട് ഉയർത്തിക്കാട്ടി. രോഗവും വേദനയും അനുഭവിക്കുന്നവരെ ഉപേക്ഷിക്കാതെ പരിചരണവും പാലിയേറ്റീവ് കെയറും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫ്രാൻസിൽ വിശ്വാസവും യുക്തിയും ബന്ധപ്പെടുത്തി നടന്നിരുന്ന ചർച്ചകളുടെയും സാംസ്‌കാരിക ചരിത്രത്തിന്റെയും പശ്ചാത്തലത്തിലും, സാങ്കേതികവിദ്യയും നിർമ്മിതബുദ്ധിയും അതിവേഗം വികസിക്കുന്ന സാഹചര്യത്തിലും വിശ്വാസവും യുക്തിയും തമ്മിലുള്ള സംവാദത്തിന് ഇന്നും ഏറെ പ്രാധാന്യമുണ്ടെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി ഓർമ്മിപ്പിച്ചു. സാങ്കേതിക പുരോഗതി മനുഷ്യന്റെ അന്തസ്സിനെയും സൃഷ്ടിപരമായ കഴിവുകളെയും ഇല്ലാതാക്കുകയോ മറികടക്കുകയോ ചെയ്യാനല്ല, അത് മനുഷ്യന്റെ സമഗ്രവികസനത്തിന് ഉപകാരപ്രദമാക്കാൻ വേണ്ട പരിശ്രമമാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

പരിശുദ്ധ പിതാവ് യുനെസ്കോ സന്ദർശിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കവെ, വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും സമാധാനനിർമാണത്തിൽ നിർണായക പങ്കുണ്ടെന്ന് ഓർമ്മിപ്പിച്ച കർദ്ദിനാൾ പരൊളീൻ, സംവാദത്തെ ദൗർബല്യമായി കാണാതെ ഉത്തരവാദിത്തത്തിന്റെ ഭാഗമായി സ്വീകരിക്കണമെന്നും, വിശ്വാസികളും അവിശ്വാസികളും പൊതുവായ മാനവിക മൂല്യങ്ങളിൽ ഒരുമയോടെയും സഹകരണമനോഭാവത്തോടെയും പ്രവർത്തിക്കണമെന്നും അഭ്യർത്ഥിച്ചു.

യൂറോപ്പിൽ ശക്തിയുടെ രാഷ്ട്രീയത്തിനും ആയുധമത്സരത്തിനും പകരം നയതന്ത്രം, അനുരഞ്ജനം, ഐക്യദാർഢ്യം, ബഹുരാഷ്ട്ര സഹകരണം എന്നിവ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം,  യൂറോപ്യൻ ഏകീകരണത്തിന്റെ സ്ഥാപക നേതാക്കളുടെ സഹകരണദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ “സൃഷ്ടിപരമായ ശ്രമങ്ങൾ” ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.

പരിശുദ്ധ പിതാവിന്റെ ഫ്രാൻസ് സന്ദർശനം വെറുമൊരു വാർത്തയായി ഒതുങ്ങാതെ, യുവതലമുറകളെ ഉൾപ്പെടുത്തി ദീർഘകാലത്തേക്ക് നിലനിൽക്കുന്ന സാമൂഹികവും ആത്മീയവുമായ സംവാദത്തിനും സഹകരണത്തിനും പ്രേരകമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 

Comments

leave a reply

Related News