Foto

യേശുക്രിസ്തുവിന്റെ സാന്നിധ്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ദീപസ്തംഭമാകണം ഓരോ ഇടവകകളും: പാപ്പാ

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ഉറുഗ്വേ അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസമായ നവംബർ മാസം ഏഴാം തീയതി, മോന്തേവിദേയോയിലെ ഗ്വാദലൂപ്പെ മാതാവിന്റെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽ വച്ച്, കാസവല്ലെ പ്രാന്തപ്രദേശത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നായ ബോറോയിൽ, ആളുകളുമായി കൂടിക്കാഴ്ച്ച നടത്തി. ഇടവക ആളുകൾക്കുവേണ്ടി സ്‌ഹെയ്‌യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പാപ്പാ അഭിനന്ദിച്ചു.

പരിശുദ്ധ പിതാവിന്റെ ഉറുഗ്വേയിലേക്കുള്ള സന്ദർശനത്തിൽ, വളരെ പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ചയായിരുന്നു, കാസവല്ലെ പ്രാന്തപ്രദേശത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നായ ബോറോയിൽ, ആളുകളുമായി നടത്തിയത്. തൻറെ സന്ദേശത്തിൽ, ഈ ഇടവകയും ഈ പരിസരവും സന്ദർശിക്കാനും അതിന്റെ തെരുവുകളിലൂടെ നടക്കാനും, പ്രവർത്തനങ്ങളെ നേരിട്ടറിയുവാനും സാധിച്ചതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ ആമുഖമായി പങ്കുവച്ചു. പെറുവിൽ താൻ ആയിരുന്ന അവസരത്തിൽ ഇതുപോലെയുള്ള കൂട്ടായ്മകളെ സന്ദർശിച്ചിട്ടുണ്ടെന്നും, അവ ഏറ്റവും ഗൃഹാതുരത്വം പകരുന്നതാണെന്നും പാപ്പാ എടുത്തു പറഞ്ഞു.കൂടിക്കാഴ്ചയുടെ അവസരത്തിൽ, വിവിധ ജീവിത സാക്ഷ്യങ്ങൾ പങ്കുവച്ചവർക്കും, ആർച്ചുബിഷപ്പ്, ഇടവക വികാരി, ഈ സമ്മേളനം സംഘടിപ്പിച്ച ആളുകൾ എന്നിവർക്കും പാപ്പാ പ്രത്യേകം  നന്ദിയർപ്പിച്ചു.

പരിശുദ്ധ  ഗ്വാദലൂപ്പെ മാതാവിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ഇടവക എന്ന  നിലയിൽ, ആ സ്വർഗ്ഗീയ അമ്മയുടെ  സ്നേഹനിർഭരമായ സാന്നിധ്യം, ഏവരെയും, അവർക്ക് ചുറ്റുമുള്ള യാഥാർത്ഥ്യത്തിനപ്പുറത്തേക്ക് നോക്കാനും അതിർത്തികൾക്കപ്പുറം കാണാനും നിത്യ യാഥാർത്ഥ്യങ്ങളിലേക്ക് നമ്മുടെ ഹൃദയം തുറക്കാനും ക്ഷണിക്കുന്നുവെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. യേശു നമ്മോട് പറയുന്നത് ചെയ്യാൻ നമ്മെ പഠിപ്പിക്കുന്ന അമ്മയാണ് പരിശുദ്ധ കന്യകാമറിയാമെന്നും അടിവരയിട്ട പാപ്പാ, യേശുക്രിസ്തുവിന്റെ സാന്നിധ്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ദീപസ്തംഭവും, എല്ലാവർക്കും ദൈവവചനത്തിന്റെ വെളിച്ചവും, കൂദാശകളുടെ പിന്തുണയും, പ്രാർത്ഥനാസഹായവും, സഹോദര തുല്യമായ സാമീപ്യവും നൽകുക എന്നതാണ് ഓരോ ഇടവകകളുടെയും ദൗത്യമെന്നും കൂട്ടിച്ചേർത്തു.

ഈ ഇടവക സമൂഹത്തിൽ, സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങൾക്ക് നിരവധി വീടുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും, ആ വീടുകൾ, ആളുകൾക്ക് കേവലം ഒരു മേൽക്കൂരയേക്കാൾ, അന്തസോടെയും, സമാധാനത്തോടെയും, പ്രത്യാശയിലും കഴിയുവാനും, ദൈവ സാന്നിധ്യവും, സ്നേഹവും അനുഭവിക്കുവാനും സാധിക്കുന്ന ഇടമാണെന്നു പാപ്പാ എടുത്തുപറഞ്ഞു.

സഹോദരീസഹോദരന്മാരുടെ ഒരു മാതൃരാജ്യം കെട്ടിപ്പടുക്കാനുള്ള ആഹ്വാനത്തോട് ഉദാരമായി പ്രതികരിക്കുവാനുള്ള ആഹ്വാനം നൽകിയ പാപ്പാ, "നീയും പോയി അതുപോലെ ചെയ്യുക" (ലൂക്കാ 10:37), എന്ന സമരിയക്കാരന്റെ ഉപമയ്ക്കു ശേഷമുള്ള യേശുവിന്റെ ആഹ്വാനം, ഓരോ ക്രിസ്ത്യാനിയുടെയും ഹൃദയത്തിൽ പ്രതിധ്വനിക്കട്ടെയെന്നും ആശംസിച്ചു. 

Comments

leave a reply

Related News