ബോസ്നിയ ഹെർസഗൊവിനയുടെ പ്രസിഡൻസിയുടെ ഇപ്പോഴത്തെ തലവൻ, ക്രൊവാത് വംശജനായ ഷെൽയിക്കൊ കൊംഷിച്ചിനെ (Željko Komšić) മാർപാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. ജനുവരി 17 -നായിരുന്നു ഫ്രാൻസിസ് പാപ്പായും പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച.
ഓരോരുത്തർ എട്ടു മാസം വീതം മാറിമാറി ഈ അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന, ബോസ്നിയാക്, സെർബ്, ക്രൊവാത് എന്നീ മൂന്നു വംശത്തെ പ്രതിനിധാനം ചെയ്യുന്ന, മൂന്നു പ്രസിഡൻറുമാർ ചേർന്നതാണ് ബോസ്നിയ ഹെർസഗൊവിനയുടെ പ്രസിഡൻറ് സമിതി. മറ്റു രണ്ടു പേർ ബോസ്നിയാക്, സെർബ് വംശജരാണ്. ഈ കൂടിക്കാഴ്ച വേളയിൽ പാപ്പായും പ്രസിഡൻറും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, വത്തിക്കാന്റെ വിദേശകാര്യാലയ മേധാവി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ എന്നിവരുമായും പ്രസിഡൻറ് ഷെൽയിക്കൊ കൊംഷിച്ച് സംഭാഷണം നടത്തി. വത്തിക്കാനും ബോസ്നിയ ഹെർസഗൊവീനയും തമ്മിലുള്ള നല്ല ബന്ധത്തിൽ ഇരുവിഭാഗവും സംതൃപ്തി രേഖപ്പെടുത്തുകയും അന്നാടിന്റെ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുകയും അന്നാട്ടിലെ എല്ലാ പൗരന്മാർക്കും സാമൂഹ്യസമത്വം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു.
പടിഞ്ഞാറെ ബാൾക്കാൻ നാടുകളുടെ അവസ്ഥ, യൂറോപ്യൻ സമിതിയുടെ വിപുലീകരണം എന്നിവയും ചർച്ചാവിഷയങ്ങളായി. വത്തിക്കാൻ പ്രസ്സ് ഓഫീസ് ആണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.
Comments