മോൺ. അംബ്രോസ് അറക്കൽ അന്തരിച്ചു
കൊച്ചി: കേരളസഭയുടെ മതബോധനരംഗത്ത് അമൂല്യസംഭാവനകൾ നല്കിയ മോൺ. അംബ്രോസ് അറക്കൽ (89) അന്തരിച്ചു. വരാപ്പുഴ അതിരൂപതാ വൈദികനായ ഫാ. അംബ്രോസ്, കേരളസഭയുടെ മൂന്ന് റീത്തുകൾക്കുമായി എഴുപതുകളിൽ പിഒസി കേന്ദ്രീകരിച്ച് പ്രസിദ്ധീകരിച്ച മതബോധനത്തിനായുള്ള പ്രഥമ പാഠാവലി പ്രസിദ്ധീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയുണ്ടായി. മുതിർന്നവർക്കുള്ള മതബോധനത്തിനായി പിഒസിയിൽ നിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ 'താലന്ത് മാസിക,' കേരളസഭയുടെ മതബോധനം റീത്തടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടതിനെ തുടർന്ന് ഏറ്റെടുത്തു നടത്താൻ അന്നത്തെ വരാപ്പുഴ ആർച്ചുബിഷപ് ഡോ. കൊർണേലിയസ് ഇലഞ്ഞിക്കൽ മാസികയുടെ മാനേജിങ്ങ് എഡിറ്റർ ചുമതല നല്കി നിയോഗിച്ചത് മോൺ. അംബ്രോസിനെയായിരുന്നു. വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവനകകളിലും മതബോധന യൂണിറ്റുകൾ ശക്തിപ്പെടുത്താൻ മോൺ. അറക്കൽ കഠിനാധ്വാനം ചെയ്തിട്ടുണ്ട്.
ജനനം : 1932 ഏപ്രിൽ 28 ന് ഇടവക - വാടേൽ സെന്റ്.ജോർജ്. മാതാപിതാക്കൾ - അറക്കൽ വറീത് - ത്രേസ്യ. 1959 മാർച്ച് 12 ന് വൈദീകനായി. ചാത്യാത്ത്, പള്ളിപ്പുറം, മൂത്തേടം തുടങ്ങിയ ഇടവകകളിൽ സഹവികാരിയായും ഗോതുരുത്ത്, മടപ്ലാതുരുത്ത്, ചെട്ടിക്കാട്, പനങ്ങാട്, പൊറ്റക്കുഴി, പോണേൽ, കർത്തേടം, തോട്ടക്കാട്ടുകര, പെരുമ്പിള്ളി തുടങ്ങിയ ഇടവകകളിൽ വികാരിയായും കൂടാതെ വരാപ്പുഴ അതിരൂപത മതബോധന വിഭാഗം ഡയറക്ടറായും (13 വർഷം ) സേവനം ചെയ്തു. 2009 ൽ പേപ്പൽ ചാപ്ലൈൻ എന്ന മോൺസിഞ്ഞോർ സ്ഥാനം നൽകി പരിശുദ്ധ പാപ്പ അദ്ദേഹത്തെ ആദരിച്ചു . 2007 മുതൽ അദ്ദേഹം ചെമ്പുമ്മുക്ക് ആവിലാഭവനിൽ വിശ്രമജീവിതത്തിലായിരുന്നു. വരാപ്പുഴ അതിരൂപത മെത്രാപോലിത്ത മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മൃതസംസ്കാര കർമങ്ങൾക്ക് നേതൃത്വം നൽകി .
ആന്റണി ചടയംമുറി
Comments