Foto

കെ.എം റോയ് അന്തരിച്ചു വിട വാങ്ങിയത് മാധ്യമലോകത്തെ കുലപതി


കെ.എം റോയ് അന്തരിച്ചു
വിട വാങ്ങിയത് മാധ്യമലോകത്തെ കുലപതി


അജി കുഞ്ഞുമോന്‍

കൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം. റോയ് (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു.സംസ്‌ക്കാരം തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നാളെ രാവിലെ 10.30ന് നടക്കും.
പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, അധ്യാപകന്‍ എന്നീ നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച ബഹുമുഖ പ്രതിഭയായിരുന്നു.എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ വിദ്യാര്‍ഥിയായിരിക്കെ 1961 ല്‍ കേരളപ്രകാശം എന്ന പത്രത്തില്‍ സഹപത്രാധിപരായാണ് കെ.എം റോയ് മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം യു.എന്‍.ഐ വാര്‍ത്താ ഏജന്‍സിയിലും പ്രവര്‍ത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തന രംഗത്ത് നിന്ന് വിരമിച്ചു. രണ്ടു പതിറ്റാണ്ടിലേറെ മംഗളം വാരികയില്‍ ഇരുളും വെളിച്ചവും എന്ന പംക്തി എഴുതി. ഇതിന് പുറമേ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങളും എഴുതി.രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു.മത്തായി മാഞ്ഞൂരാന്റെ ജീവചരിത്രവും മൂന്ന് നോവലുകളും രണ്ട് യാത്രാ വിവരണവും രചിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത മാധ്യമ പുരസ്‌കാരമായ സ്വദേശാഭിമാനി-കേസരി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു.അമേരിക്കന്‍ ഫൊക്കാന അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം, പ്രഥമ സി.പി ശ്രീധരമേനോന്‍ സ്മാരക മാധ്യമ പുരസ്‌കാരം,മുട്ടത്തുവര്‍ക്കി അവാര്‍ഡ്, ശിവറാം അവാര്‍ഡ്, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ലൈഫ്ടൈം അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

1939ല്‍ ഏറണാകുളം കരീത്തറ വീട്ടിലായിരുന്നു ജനനം. 1963ല്‍ ഏറണാകുളം മഹാരാജാസ് കോളജില്‍ എം.എക്ക് പഠിക്കുമ്പോള്‍ കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളപ്രകാശം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്.  തുടര്‍ന്ന് കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു ദിനപത്രത്തിലും കേരളഭൂഷണം പത്രത്തിലും പത്രാധിപസമിതിയംഗമായി. പിന്നീട് എക്കണോമിക്സ് ടൈംസിന്റെ റിപ്പോര്‍ട്ടറായി രണ്ടു കൊല്ലം പ്രവര്‍ത്തിച്ചു. 1970ല്‍ കോട്ടയത്ത് ദി ഹിന്ദു ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറായും 1978ല്‍ കൊച്ചിയില്‍ ദി ഹിന്ദുവിന്റെ ബ്യൂറേ ചീഫായും പ്രവര്‍ത്തിച്ചു. 1980ല്‍ കൊച്ചിയില്‍ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എന്‍.ഐ) റിപ്പോര്‍ട്ടറായി. 1987ല്‍ കോട്ടയത്ത് മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായി ചേര്‍ന്നു. 2002ല്‍ സ്വമേധയാ മംഗളം പത്രത്തില്‍ നിന്ന് വിരമിച്ചു. അതിനു ശേഷം മലയാളത്തിലും വിദേശരാജ്യങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പത്രങ്ങളിലും കോളങ്ങള്‍ എഴുതിയിരുന്നു. 

രണ്ടു വര്‍ഷം കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്റെ പ്രസിഡന്റായിരുന്നു. 1984 മതുല്‍ തുടര്‍ച്ചയായ നാലു തവണ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചു. പത്രപ്രവര്‍ത്തകരുടെ വേജ്ബോര്‍ഡ്,  പ്രസ് അക്കാദമി, പെന്‍ഷന്‍  തുടങ്ങിയ പദ്ധതികളുടെ ആസൂത്രകരില്‍ ഒരാളായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത വര്‍ഗീയ ശക്തിക്കളെ രൂക്ഷമായി വിമര്‍ശിച്ച് മംഗളത്തില്‍ എഴുതിയ എഡിറ്റോറിയല്‍ 1993ലെ മികച്ച എഡിറ്റോറിയലിനുള്ള മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡിന് അര്‍ഹനാക്കി. പത്രപ്രവര്‍ത്തന രംഗത്തെ മികച്ച സംഭാവനകള്‍ക്ക് അമേരിക്കന്‍ ഫൊക്കാന അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്, ശിവറാം അവാര്‍ഡ്, ഓള്‍ ഇന്ത്യ കാത്തോലിക് യൂണിയന്‍ ലൈഫ്ടൈം അവാര്‍ഡ്, പ്രഥമ സി.പി ശ്രീധരന്‍ മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. യു.എസ്.എ, കാനഡ, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഇറ്റലി, പോളണ്ട് നോര്‍ത്ത് കൊറിയ, പാകിസ്താന്‍  തുടങ്ങി വിവിധ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മംഗളം വാരികയില്‍ ഇരുളും വെളിച്ചവും എന്ന പേരില്‍ പംക്തി എഴുതിയിരുന്നു. ഇത് പിന്നിട് പൂസ്തക രൂപത്തിലും പ്രസിദ്ധീകരിച്ചു. കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാന്‍, മോഹമെന്ന പക്ഷി, സ്വപ്ന എന്റെ ദുഖം, മനസില്‍ എന്നും മഞ്ഞുകാലം,  ആഥോസ് മലയില്‍, ശാപമേറ്റ കേരളം, ചിക്കാഗോവിലെ കഴുമരങ്ങള്‍ തുടങ്ങി ഒമ്പതോളം പുസ്തകള്‍ രചിച്ചിട്ടുണ്ട്.

Comments

leave a reply

Related News