വളരുന്ന വിഭാഗീയത പരിഹരിക്കപ്പെടണം
മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപോലീത്ത
തിരുവനന്തപുരം: നമ്മുടെ സമൂഹത്തില്‍ പടര്‍ന്നു കയറുന്ന വിഭാഗീയതക്ക് അതിവേഗം പരിഹാരം കാണണമെന്ന് മാര്‍തോമാ സഭാ സഫ്രഗന്‍ മെത്രാപ്പോലീത്ത ബിഷപ് ജോസഫ് മാര്‍ ബര്‍ണബാസ് പറഞ്ഞു. സമാധാനമില്ലാത്ത സഭകള്‍ക്കോ മതവിഭാഗങ്ങള്‍ക്കോ ലോകത്ത് സമാധാനം കൊണ്ടുവരാന്‍ സാധിക്കുകയില്ലന്ന് അദ്ദേഹം പറഞ്ഞു.
മലങ്കര കത്തോലിക്കാ സഭയുടെ 91 മത് പുനരൈക്യ വാര്‍ഷിക സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു മാര്‍ ബര്‍ണബാസ് മെത്രാപോലീത്ത. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഭാരത മണ്ണില്‍ ജനിക്കുവാനും ജീവിക്കുവാനും കഴിയുന്നു എന്നത് വലിയ ഭാഗ്യമാണ്. മലങ്കര കത്തോലിക്കാ സഭയുടെ പൂര്‍വ്വ പിതാക്കന്‍മാരുടെ ജീവിതം സഭയെ സകല ജനതകള്‍ക്കും വേണ്ടി സമര്‍പ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ബാവാ പറഞ്ഞു. സമ്മേളനത്തില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി , ആന്റണി രാജു, ജി.ആര്‍ അനില്‍ , ആര്‍ച്ചുബിഷപ് സൂസൈപാക്യം, സി.എസ്.ഐ സഭാ മോഡറേറ്റര്‍ ബിഷപ് ധര്‍മ്മരാജ് റസാലം,പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ശ്രീ ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോക്ടര്‍ വി. പി. സുഹൈബ് മൗലവി ,ഡോ. ശശി തരൂര്‍ എം.പി., കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, വി കെ പ്രശാന്ത് എം.എല്‍.എ, സീറോ മലബാര്‍ സഭാ പ്രതിനിധി ഫാ. ജോസഫ് കീപ്രത് ഛഎങ, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധി ഫാ. ജോസഫ് സാമുവല്‍ കറുകയില്‍ കോറെപ്പിസ്‌കോപ്പ, മണ്ണന്തല വാര്‍ഡ് കൗണ്‍സിലര്‍ വനജ രാജേന്ദ്രന്‍, ജോണ്‍സണ്‍ ജോസഫ്, മോണ്‍. മാത്യു മനക്കരകാവില്‍ കോറെപ്പിസ്‌കോപ്പ, മോണ്‍. വര്‍ക്കി ആറ്റുപുറത്ത് , ജനറല്‍ കണ്‍വീനര്‍ ഫാ. നെല്‍സണ്‍ വലിയ വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. പോസ്റ്റല്‍ വകുപ്പ് പ്രസിദ്ധീകരിക്കുന്ന സ്റ്റാമ്പ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവാ പ്രകാശനം ചെയ്തു.
Comments